ന്യൂ ഡൽഹി ; ഇന്ത്യയിലെ തലസ്ഥാന നഗരിയിൽ മൊബൈല്‍ മോഷണം വർദ്ധിക്കുന്നു. പതിനായിരത്തിലധികം മൊബൈല്‍ ഫോണുകളാണ് ഈ വര്‍ഷം മോഷണം പോയതെന്ന് പൊലീസ് പറയുന്നു. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി മുതൽ നയതന്ത്ര ഉദ്യോഗസ്ഥ ഈനം ഗംബീറിന്റെ വരെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ പട്ടികയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ധോണി താമസിച്ചിരുന്ന ദ്വാരകയിലെ ഹോട്ടലിലുണ്ടായ തീപുടുത്തത്തിനിടെയാണ് മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്. ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ സംഘം രോഹിണി സെക്ടറിലെ വീടിന് സമീപത്ത് വെച്ച് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ ഈനം ഗംബീറിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ചത്. നയതന്ത്രവിവരങ്ങള് വരെ സൂക്ഷിച്ചിരുന്ന വിലകൂടിയ മൊബൈലാണ് നഷ്ടപ്പെട്ടതെന്ന് ഈനം ഗംബീര്‍ പൊലീസിനു നല്കിയ പരാതിയിൽ പറയുന്നു.
ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് മോഷണക്കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. മെട്രോയില്‍ നിന്ന് മൊബൈലുകള്‍ മോഷ്ടിക്കുന്ന ഒരു കുടുംബത്തിലെ 14 പേരെ ദില്ലി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദിവസം 25 ഫോണുകള്‍ വരെ മോഷ്ടിക്കാറുണ്ടെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി.
Post Your Comments