Latest NewsNewsGulf

വാറ്റ് : മലയാളികളുടെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല : മുന്നറിയിപ്പ് നല്‍കി മന്ത്രാലയം

ദുബായ് : മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഇനിയും വാറ്റ് റജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് പിഴയും മറ്റു ബുദ്ധിമുട്ടുകളുമാണെന്ന് അധികൃതര്‍. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും സാമ്പത്തിക മന്ത്രാലയവും തുടരെ അറിയിപ്പുകള്‍ നല്‍കിയിട്ടും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും വാറ്റ് തങ്ങള്‍ക്കു ബാധകമാണോയെന്നു സംശയിച്ചുനില്‍ക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടെന്ന് അക്കൗണ്ടിങ് രംഗത്തുള്ളവര്‍ പറയുന്നു.

മലയാളി സ്ഥാപനങ്ങള്‍ അടക്കം പലരും വാറ്റിനെക്കുറിച്ച് ബോധവാന്‍മാരായിട്ടില്ലെന്നാണു വിലയിരുത്തല്‍. ലോകത്തിലെ തന്നെ ഏറ്റവും നിരക്ക് കുറഞ്ഞ നികുതി നിരക്കായ അഞ്ചുശതമാനമാണ് യുഎഇയില്‍ അടുത്ത ജനുവരി ഒന്നുമുതല്‍ ഈടാക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ, ഒട്ടുമിക്ക വസ്തുക്കള്‍ക്കും വാറ്റ് നല്‍കേണ്ടിവരുമെങ്കിലും ജീവിത ചെലവില്‍ നേരിയ വര്‍ധനയേ ഉണ്ടാകുകയുള്ളൂയെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സുതാര്യവും ക്രമീകൃതവുമായ സമ്പദ് വ്യവസ്ഥയ്ക്കാണ് വാറ്റ് വഴിതുറക്കുന്നത്.

എന്താണ് വാറ്റ്

മൂല്യവര്‍ധിത നികുതി (വാല്യൂ ആഡഡ് ടാക്‌സ്) പരോക്ഷമായി നല്‍കുന്ന നികുതിയാണ്. വില്‍ക്കുകയോ, വാങ്ങുകയോ ചെയ്യുന്ന സാധനസാമഗ്രികള്‍, സേവനങ്ങള്‍ തുടങ്ങിയവയിലാണ് വാറ്റ് ഈടാക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, കാനഡ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയവ ഉള്‍പ്പെടെ നൂറ്റിയെണ്‍പതോളം രാജ്യങ്ങളില്‍ വാറ്റോ സമാനമായ നികുതി സംവിധാനമോ നടപ്പാക്കിയിട്ടുണ്ട്. സാധന, സേവന വിതരണ ശൃംഖലയില്‍ ഓരോ ഘട്ടങ്ങളിലും വാറ്റ് വാങ്ങുന്നുണ്ടെങ്കിലും ആത്യന്തികമായി ഉപഭോക്താക്കളില്‍നിന്നാണു വാറ്റ് ഈടാക്കുന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ സര്‍ക്കാരിനുവേണ്ടിയാണു നികുതി ശേഖരിക്കുന്നത്. ലഭിച്ച നികുതി സര്‍ക്കാരിലേക്ക് ബിസിനസ് സ്ഥാപനങ്ങള്‍ അടയ്ക്കുന്നു. അതേസമയം വിതരണക്കാര്‍ക്കു നല്‍കിയ നികുതി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ റീഫണ്ട് ചെയ്യുകയും ചെയ്യുന്ന ശൃംഖലയാണ് വാറ്റിലുള്ളത്.

എന്തുകൊണ്ട് യുഎഇ വാറ്റ് നടപ്പാക്കുന്നു

ആശുപത്രികള്‍, റോഡുകള്‍, പബ്ലിക് സ്‌കൂളുകള്‍, പാര്‍ക്കുകള്‍, മാലിന്യനിയന്ത്രണം, പൊലീസ് സേവനങ്ങള്‍ തുടങ്ങി യുഎഇ ഫെഡറല്‍, എമിറേറ്റ് സര്‍ക്കാരുകള്‍ വിവിധ സേവനങ്ങള്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും നല്‍കുന്നുണ്ട്. ഇവയുടെ ചെലവ് സര്‍ക്കാര്‍ ബജറ്റില്‍നിന്നാണു നല്‍കുന്നത്. രാജ്യത്തിന് പുതിയൊരു വരുമാന സ്രോതസ്സാണു വാറ്റ്. ഉന്നതനിലവാരത്തിലുള്ള പൊതു സേവനങ്ങള്‍ മികച്ചതായി തുടരാന്‍ വാറ്റ് സഹായകരമാകും. എണ്ണയില്‍നിന്നുള്ള വരുമാനത്തെ മാത്രം ആശയിക്കാതെ മുന്നോട്ടുപോകാനും ഇതു സഹായകരമാകും.

വാറ്റ് ജീവിതച്ചെലവ് വര്‍ധിപ്പിക്കുമോ?

ചെറിയ രീതിയില്‍ ജീവിതച്ചെലവ് വര്‍ധിക്കാന്‍ വാറ്റ് ഇടയാക്കും. എന്നാല്‍ വ്യക്തിയുടെ ജീവിത രീതിയുടെയും ചെലവാക്കുന്ന ശൈലിയുടെയും അടിസ്ഥാനത്തിലാകും ഓരോ വ്യക്തിയെയും വാറ്റ് എങ്ങനെ ബാധിക്കുമെന്ന് പറയാനാകുക. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ നിര്‍ദിഷ്ട വിഭാഗങ്ങളെ വാറ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ, രാജ്യാന്തര യാത്രക്കൂലിയും വാറ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാറ്റുമായി ബന്ധപ്പെട്ട് ബിസിനസ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം യുഎഇയിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇടപാടുകള്‍ രേഖാമൂലമാക്കണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ രേഖകള്‍ കൃത്യമായും കാലാനുവര്‍ത്തിയായും സൂക്ഷിക്കണം. വാറ്റിന്റെ നിര്‍ദിഷ്ട പരിധിയില്‍ വിറ്റുവരവ് വരുന്ന സ്ഥാപനങ്ങള്‍ വാറ്റ് റജിസ്‌ട്രേഷന്‍ നടത്തണം. വാറ്റ് റജിസ്‌ട്രേഷന്‍ വേണ്ടെന്നു കരുതുന്ന സ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുരേഖകള്‍ കൃത്യമായി സൂക്ഷിക്കണം.

റജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍

വാറ്റ് റജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി കൃത്യമായ മാനദണ്ഡങ്ങള്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) നല്‍കിയിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് 375,000 ദിര്‍ഹമുള്ള എല്ലാ ബിസിനസ് സ്ഥാപനങ്ങളും വാറ്റ് റജിസ്‌ട്രേഷന്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. 187,500 ദിര്‍ഹം വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കും സ്വമേധയാ റജിസ്റ്റര്‍ ചെയ്യാം. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ ഇ-സര്‍വീസ് വിഭാഗം വഴി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. എഫ്ടിഎ വെബ്‌സൈറ്റ് വഴി ആദ്യം ഇ-സര്‍വീസ് അക്കൗണ്ടുണ്ടാക്കിയതിനുശേഷമാണു റജിസ്റ്റര്‍ ചെയ്യേണ്ടത്. വിവരങ്ങള്‍ക്ക് വെബ്സൈറ്റുകള്‍:

വാറ്റ് റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍

നികുതി ഈടാക്കേണ്ട വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഈടാക്കണം. ബിസിനസ് അനുബന്ധ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ റീഫണ്ട് വാങ്ങണം. അധികൃതരുടെ പരിശോധനയ്ക്കായി ബിസിനസ് ഇടപാടുകള്‍ കൃത്യമായി രേഖാമൂലം സൂക്ഷിക്കണം. നികുതി റിട്ടേണുകള്‍ കൃത്യമായി നിര്‍ദിഷ്ട സമയത്തു സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്   https://www.mof.gov.ae/En/budget/Pages/VATQuestions.aspx

shortlink

Related Articles

Post Your Comments

Related Articles


Back to top button