Latest NewsKeralaNews

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കെ.എ.എസ്. ജനുവരി 1 ന് നിലവില്‍ വരും

സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് 2018 ജനുവരി 1 ന് നിലവില്‍വരും. കെ.എ.എസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക്  ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
കെ.എ.എസ്. രൂപീകരിക്കുന്നതിന്റെ ഭാഗമായി സര്‍വ്വീസ് സംഘടനകളുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാന രൂപം നല്‍കിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക്  ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നത്.

മൂന്ന് ധാരകള്‍ വഴിയാണ് കെ.എ.എസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് 

1. നേരിട്ടുള്ള നിയമനം. പ്രായപരിധി – 32 വയസ്സ്. പിന്നോക്ക വിഭാഗങ്ങള്‍ക്കും എസ്.സി.എസ്.ടി കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത – സര്‍വ്വകലാശാല ബിരുദം.

2. നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം. പ്രായപരിധി –  40 വയസ്സ്, വിദ്യാഭ്യാസ യോഗ്യത – ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം.

3. ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി – 50 വയസ്സ്. യോഗ്യത –  ബിരുദം.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്.

പോള്‍ ആന്റണി അടുത്ത ചീഫ് സെക്രട്ടറി

ഡോ. കെ.എം. എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി വ്യവസായം – ഊര്‍ജ്ജം  അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിന്റെ താല്‍ക്കാലിക ചുമതല ജനുവരി 1 മുതല്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിനു നല്‍കാന്‍ തീരുമാനിച്ചു. ഊര്‍ജ്ജ വകുപ്പിന്റെ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവനായിരിക്കും. ചീഫ് സെക്രട്ടറി എന്ന നിലയില്‍ കെ.എം. എബ്രഹാമിന്റെ സ്തുത്യര്‍ഹമായ സേവനത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.  ഡോ. കെ.എം. എബ്രഹാം ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍നിലവിലുള്ള കേരള സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ. കെ.എം. എബ്രഹാം കൗണ്‍സിലിന്റെ ചെയര്‍മാനായിരിക്കും.  പ്രശസ്ത നാനോ  ശാസ്ത്രജ്ഞന്‍ ഡോ. പുളിക്കല്‍ അജയന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, ബാങ്കിംഗ് വിദഗ്ധന്‍ ശ്യാം ശ്രീനിവാസന്‍, പ്രശസ്ത രസതന്ത്ര ഗവേഷന്‍ ഡോ. കെ.എം. എബ്രഹാം (യു.എസ്.എ.) എന്നിവര്‍ അംഗങ്ങളായിരിക്കും.

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സി.ഇ.ഒ.യുടെ ചുമതല ഡോ.കെ.എം. എബ്രഹാം തുടര്‍ന്നും വഹിക്കും. സര്‍ക്കാരിന്റെ ധനകാര്യ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) ആസൂത്രണ – സാമ്പത്തിക കാര്യ (ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍) എന്നീ വകുപ്പുകളുടെ എക്‌സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരിക്കും ഡോ. എബ്രഹാം.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ കണക്ടിവിറ്റി പാക്കേജായി നാല് പദ്ധതികള്‍ നടപ്പാക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി.

 1.തലശ്ശേരി – കൊടുവള്ളി – മമ്പറം – അഞ്ചരക്കണ്ടി  – മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ മട്ടന്നൂര്‍  മുതല്‍ വായന്തോട് വരെയുള്ള ഭാഗം ഉള്‍പ്പെടുത്തും.

2.കുറ്റ്യാടി – നാദാപുരം – പെരിങ്ങത്തൂര്‍ – മേക്കുന്ന് – പാനൂര്‍ – പൂക്കോട് – കൂത്ത് പറമ്പ് – മട്ടന്നൂര്‍ റോഡ്, വനപ്രദേശം ഒഴികേയുള്ള മാനന്തവാടി – ബോയിസ് ടൗണ്‍ – പേരാവൂര്‍ – ശിവപുരം – മട്ടന്നൂര്‍ റോഡ് എന്നീ റോഡുകള്‍ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.

3.കൂട്ടുപ്പുഴ പാലം – ഇരുട്ടി – മട്ടന്നൂര്‍ – വായന്തോട്, മേലേ ചൊവ്വ – ചാലോട് – മട്ടന്നൂര്‍ – എയര്‍പ്പോര്‍ട്ട് റോഡ് എന്നീ റോഡുകള്‍ നാലുവരി പാതയാക്കുന്നതിനും കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും.

4.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് – ചെറക്കള – മയ്യില്‍ – ചാലോട് റോഡ് നാലുവരി പാതയാക്കും.

നൂനപക്ഷ പദവിയില്ലാത്ത എയ്ഡഡ് കോളേജുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അദ്ധ്യാപക – അനദ്ധ്യാപക നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയ്‌ക്കെതിരെ അപ്പീല്‍ ഫയല്‍ചെയ്യാന്‍ തീരുമാനിച്ചു. തെന്‍മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍  ശമ്പളം പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

പകര്‍ച്ചവ്യാധി: മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ചുമതല

പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം -കടകംപള്ളി സുരേന്ദ്രന്‍

കൊല്ലം-ജെ. മേഴ്‌സിക്കുട്ടിയമ്മ

പത്തനംതിട്ട-മാത്യു ടി തോമസ്

ആപ്പുഴ-ജി. സുധാകരന്‍

കോട്ടയം-കെ. രാജു

ഇടുക്കി- എം.എം. മണി

എറണാകുളം-സി. രവീന്ദ്രനാഥ്

തൃശൂര്‍-എ.സി. മൊയ്തീന്‍

പാലക്കാട്-എ.കെ. ബാലന്‍

മലപ്പുറം -ഡോ. കെ.ടി. ജലീല്‍

കോഴിക്കോട്-ടി.പി. രാമകൃഷ്ണന്‍

വയനാട് -വി.എസ്. സുനില്‍കുമാര്‍

കണ്ണൂര്‍ -കടന്നപ്പള്ളി രാമചന്ദ്രന്‍

കാസര്‍ഗോഡ്-ഇ. ചന്ദ്രശേഖരന്‍

ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിന് കണ്ണൂര്‍ ആസ്ഥാനമായി പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി എട്ട് പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button