തിരുവനന്തപുരം: മന്ത്രിസഭ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് അംഗീകാരം നൽകി. നിയമഭേദഗതിക്ക് അനുമതി നല്‍കിയത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്. നിയമഭേദഗതി നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്നതാണ്. ഓര്‍ഡിനസില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
അതേസമയം, വയല്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നികത്തുന്നതിന് നിയമത്തില്‍ ഇളവ് നല്‍കുന്നുണ്ട്. 2008 ന് മുന്‍പ് നടത്തിയ വയല്‍ നികത്തലുകള്‍ ക്രമപ്പെടുത്തും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ സര്‍ക്കാറിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്കായി നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതികളുടെ അനുമതി വേണ്ട, പകരം മന്ത്രിസഭയുടെ അനുമതി മാത്രം മതി. ഇതോടെ ഗെയ്ല്‍ പദ്ധതിക്ക് എതിരെ അടക്കം ഉയരുന്ന എതിര്‍പ്പുകളെ സര്‍ക്കാരിന് മറികടക്കാനാകും.
നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് സംസ്ഥാനത്ത് നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ്. നിലവില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ചാൽ മതി. ഇതിന് പുതിയ ഭേദഗതിയോടെ മാറ്റമുണ്ടാകും. നെല്‍വയലുകള്‍ നികത്തുന്നവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കുന്ന രീതിയിലാണ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്.
Post Your Comments