പീച്ചി: തൊടുപുഴയ്ക്കു സമീപം അറക്കുളം മൂന്നുങ്കവയലില്‍ യുവാവിനെ കുത്തിക്കൊന്ന് തോട്ടില്‍ തള്ളിയ കേസിലെ മുഖ്യപ്രതി തൃശൂര്‍ പീച്ചിയിലെ ബന്ധുവീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍. മൂന്നുങ്കവയല്‍ പുതിയപറമ്ബില്‍ (തോട്ടുംചാലില്‍) തോമസിന്റെ മകന്‍ ജെറീഷാണ് (ബിജോ-33) മരിച്ചത്. അറക്കുളം മൂന്നുങ്കവയല്‍ ഇടത്തൊട്ടിയില്‍ പരേതനായ മത്തായിയുടെ മകന്‍ ജോമോനാണു (31) കൊല്ലപ്പെട്ടത്. ജെറീഷിന്റെ പിതാവ് തോമസിനെയും മാതാവ് ലീലാമ്മയെയും കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. കൊലപാതകത്തിലെത്തിയത് മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റമായിരുന്നു.
ജെറീഷിനെ(31) യാണ് പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൈലാട്ടുംപാറ കാക്കനാട്ട് മേരി ജോണിന്റെ പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പീച്ചി എസ്‌ഐ ഷാജഹാന്‍ എമ്മിന്റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്.
കേസില്‍ ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ജെറീഷിന്റെ അച്ഛന്‍ തൊമ്മന്‍(58), അമ്മ ലീലാമ്മ(54) എന്നിവരെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ജോമോനെ വീട്ടില്‍ നിന്ന് ജെറീഷ് വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തി രാത്രിയില്‍ തോട്ടില്‍ തള്ളുകയായിരുന്നു. ജോമോനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. മുഖ്യപ്രതി മരിച്ച സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്കെതിരെ ഉടന്‍ കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജ് പറഞ്ഞു.
ജെറീഷിന്റെ പിതാവ് തോമസ്, ലോട്ടറി വില്‍പനക്കാരിയായ സ്ത്രീയെ ചുറ്റികയ്ക്കടിച്ചു പരുക്കേല്‍പിച്ച കേസില്‍ ജാമ്യം നില്‍ക്കാന്‍ ജോമോന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ജെറീഷിന്റെ വീട്ടിലെത്തിച്ച ശേഷമാണു ജോമോനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
Post Your Comments