KeralaLatest NewsNews

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അടുത്ത നീക്കവുമായി സര്‍ക്കാര്‍; പണി കിട്ടുന്നത് ഈ വിഭാഗക്കാര്‍ക്ക്

കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടുത്ത നീക്കവുമായി സര്‍ക്കാര്‍. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ ലക്ഷ്യമിട്ട് നികുതി പിരിവ് ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ നീക്കം. കൂടാതെ ട്രഷറി നിയന്ത്രണം ജനുവരി 31 വരെ നീളും. ഡിസംബര്‍ 31 ന് മുന്‍പ് നികുതി കുടിശിക അടച്ചു തീര്‍ക്കാന്‍ വ്യാപാരികള്‍, മൊത്തവിതരണക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ജൂലൈ മുതലുള്ള കുടിശ്ശിക ഉള്‍പ്പെടെ നികുതി 31 ന് മുന്‍പ് അടയ്ക്കണമെന്നാണ് നിര്‍ദേശം.

ജൂലൈക്ക് മുന്‍പ് അടച്ചിരുന്ന തുക കണക്കാക്കിയാണ് ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരോട് നികുതി അടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ നികുതി അടയ്ക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. 2018 ഫെബ്രുവരി വരെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനാല്‍ അടുത്ത മാര്‍ച്ചിനകം നികുതി അടയ്ക്കാമെന്ന ധാരണയിലായിരുന്നു ഭൂരിപക്ഷം നികുതിദായകരും. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ട്രഷറി ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തതോടെ നികുതി പിരിവ് ഊര്‍ജിതമാക്കി പ്രതിസന്ധി മറിടകടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഡിസംബറിലെ വന്‍ ചെലവ് മുന്നില്‍ കണ്ട് മുന്‍കൂട്ടിത്തന്നെ പദ്ധതികള്‍ നിര്‍ത്തിവച്ചതിനൊപ്പം ട്രഷറി ഇടപാടുകളില്‍ കര്‍ശന നിയന്ത്രണവും തുടരുകയാണ്. ബില്ലുകള്‍ മാറിക്കിട്ടാതായതോടെ പൊതുമരാമത്ത് കാരാറുകാരും അങ്കണവാടികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. 10 ലക്ഷം വരെയുള്ള ബില്ലുകള്‍ പാസാക്കി നല്‍കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കിയതായി പറയുന്നുണ്ടെങ്കിലും ഇടപാടുകളൊന്നും നടക്കുന്നില്ല. ഡിസംബറിലെ ശമ്പളവും പെന്‍ഷനും നല്‍കണം. മൂന്നുമാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ശമ്പളം കൊടുക്കാന്‍ തന്നെ 5000 കോടിയിലേറെ വേണം.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് 1550 കോടിയും. പെന്‍ഷന്‍ കുടിശ്ശികയ്ക്ക് 79 കോടിയും. കടബാധ്യതയുടെ തിരിച്ചടവിന് 800 കോടി വേറെയും വേണം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി കടമെടുക്കാനുള്ള അനുമതി 20,400 കോടിയുടേതാണ്. 14000 കോടി ഇതിനകം തന്നെ വായ്പ വാങ്ങി കഴിഞ്ഞു. 6000 കോടിയുടെ അധിക വായ്പ കഴിഞ്ഞ വര്‍ഷം എടുത്തത് ഇത്തവണത്തെ കണക്കില്‍ ചേര്‍ക്കപ്പെട്ടു. ഇതോടെ ഇനി മൂന്നര മാസത്തേക്ക് വായ്പ എടുക്കാവുന്നത് 400 കോടി മാത്രം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ക്ഷേമ പെന്‍ഷനുകളും ഉള്‍പ്പെടെ മുടങ്ങാതിരിക്കാന്‍ നികുതി പിരിവ് ഊര്‍ജിതമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button