KeralaLatest NewsNews

കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു. ജൂലൈ മുതല്‍ ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കിയ എന്‍.ഐ.എ, ഷഫീസുദ്ദീന്‍ തെക്കേകോലത്ത്, റഫീല, അജ്മല, ഷജീര്‍ മംഗലശേരി, സിദ്ദിഖ് ഹുള്‍ അസ്ലം എന്നിവരൊഴികെയുള്ളവര്‍ക്കെതിരെ റെഡ് കോര്‍നര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാസര്‍കോഡ് നിന്ന് കാണാതായ മലയാളി സംഘം ആഗോള തീവ്രവാദ, ഭീകര സംഘടനയായ ഐ.എസില്‍ തന്നെയാണ് ചേര്‍ന്നിട്ടുള്ളതെന്നും ഇവര്‍ അഫ്ദാനിസ്ഥാനിലെ നംങ്കഹാര്‍ പ്രവിശ്യയിലാണെന്നും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

മലയാളി സംഘം തീവ്രവാദ സംഘത്തോടൊപ്പം ചേര്‍ന്നുവെന്നതിന് നിരവധി ശബ്ദ രേഖകളും സന്ദേശങ്ങളും തെളിവായി ഉണ്ടെങ്കിലും, സംഘം എവിടെയെന്നതിന് ഔദ്യോഗിക കണ്ടെത്തലുകളോ സ്ഥിരീകരണങ്ങളോ ഇതുവരെ ഉണ്ടായിരുന്നില്ല. കാണാനായ യുവതീ യുവാക്കള്‍ സലഫിസം പഠിക്കാനായി മലപ്പുറം അത്തിക്കുന്ന് മലയിലെ സലഫി സമൂഹത്തെ സമീപിച്ചിരുന്നതായും വിവരമുണ്ട്. കാസര്‍കോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ആറ് ദമ്പതികളും രണ്ട് കുട്ടികളുമടക്കം 21 പേര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐ.എസില്‍ ചേര്‍ന്ന സംഭവത്തില്‍ കഴിഞ്ഞ ജൂലൈ മുതല്‍ എന്‍.ഐ.എ അന്വേഷണം നടക്കുകയാണ്.

കാണാതായ ആറ് ദമ്പതികളും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. യാസ്മിന്‍ അറസ്റ്റിലായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ യാസ്മിനുമായി ബന്ധപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതാദ്യമായാണ് മലയാളികള്‍ പോയത് ഐ.എസിലേക്കാണെന്നും ഇവര്‍ തങ്ങിയിരിക്കുന്ന സ്ഥലം അടക്കം അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സംഘത്തോടൊപ്പമുണ്ടായിരുന്ന പാലക്കാട് നിന്നുള്ളവര്‍ അടങ്ങുന്ന മറ്റൊരു ഐ.എസ് കേസ് എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. ബീഹാര്‍ സ്വദേശിനിയായ യാസ്മിന്‍ വിവാഹ മോചിതയാണ്. പീസ് സ്കൂളിലെ അദ്ധ്യാപികയായിരുന്ന യാസ്മിന്‍ ഐ.എസില്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുള്ള(30)യുടെ രണ്ടാം ഭാര്യയാണെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. എന്നാല്‍ റാഷിദ് ഐ.എസില്‍ പോയ ശേഷം യാസ്മിനെ കൂടി അഫ്ഗാനിലേക്ക് കടത്താന്‍ ശ്രമിക്കുകയും യാസ്മിന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തുകയും ചെയ്തിരുന്നു.

പിടിക്കപ്പെടുമ്പോള്‍ യാസ്മിനൊപ്പം അഞ്ച് വയസുള്ള മകനും ഉണ്ടായിരുന്നു. യാസ്മിന്റെ അറസ്റ്റോടെ കേസിന് വലിയൊരു തുമ്ബ് ലഭിക്കുകയായിരുന്നു. യാസ്മിനെ ചോദ്യം ചെയ്തതോടെ കൂടുതല്‍ തീവ്രവാദ ബന്ധങ്ങള്‍ കണ്ടെത്താനും തെളിവുകള്‍ സമാഹരിക്കാനും എന്‍.എ.എക്ക് സാധിച്ചു. കാസര്‍കോഡ് സംഘത്തിന്റെ തിരോധാനത്തിന് ശേഷം കേരള പൊലീസ് അന്വേഷിച്ച കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 21 അംഗ യുവതീ-യുവാക്കളടങ്ങുന്ന സംഘമാണ് ഐ.എസിലേക്ക് പോയതത്. ആറ് യുവതികളും മൂന്ന് കുട്ടികളും ഐ.എസില്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ തിരോധാന സംഭവത്തിന് ശേഷം ഇവരുടെ ബന്ധുക്കള്‍ കാസര്‍കോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്താകുന്നത്. എന്‍.ഐ.എ സംഘം കേസ് ഏറ്റെടുത്തതോടെ സംഘത്തിന്റെ നമ്ബരുകള്‍, സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ നിരീക്ഷിച്ചിരുന്നു. കൂടാതെ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലുള്ളവരെയും അടുത്ത് ഇടപഴകിയിരുന്നവരെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ നിരീക്ഷണ വലയത്തില്‍ ഉള്ളപ്പോയാണ് യാസ്മിന്‍ ഡല്‍ഹി വിമാനത്താവളം വഴി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button