തിരുവനന്തപുരം: കൈത്തറിവ്യവസായത്തിന് കരുത്താകാന്‍ വ്യവസായവകുപ്പ് ഏഴാംക്ലാസ് വരെ സൗജന്യമായി കൈത്തറി യൂണിഫോം നല്‍കാനുള്ള പദ്ധതി നടപ്പാക്കും. ഘട്ടംഘട്ടമായി പ്ലസ് ടുവിലേക്കും സര്‍ക്കാര്‍ ഐ.ടി.ഐ.കളിലേക്കും പോളിടെക്‌നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
കേരളത്തിലെ നെയ്ത്തുകാരില്‍നിന്ന് തുണി നേരിട്ടുസംഭരിച്ചാണ് പദ്ധതി നടപ്പാക്കുക. യൂണിഫോം ഉപയോഗിക്കുന്ന മറ്റ് സര്‍ക്കാര്‍സ്ഥാപനങ്ങളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരും. അഞ്ചാംക്ലാസ് വരെ കൈത്തറി യൂണിഫോം നല്‍കാന്‍ പത്തുലക്ഷം മീറ്റര്‍ തുണിയാണ് വേണ്ടിവന്നത്. ഇതുമുഴുവന്‍ കേരളത്തിലെ കൈത്തറിക്കാരില്‍നിന്ന് സംഭരിച്ചു. ഏഴാംക്ലാസ് വരെ വ്യാപിപ്പിച്ചാല്‍ 23 ലക്ഷം മീറ്റര്‍ തുണി വേണ്ടിവരും. ഉത്പാദനം കൂട്ടാനുള്ള നടപടികള്‍ വ്യവസായവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറിതലം വരെ പദ്ധതി വ്യാപിപ്പിക്കാന്‍ ഒരുകോടിയിലേറെ മീറ്റര്‍ തുണി വേണ്ടിവരും.
തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകളിലായി ഒമ്പതിനായിരത്തോളം തറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരെല്ലാം വലിയ പ്രതിസന്ധിയിലാണ്. ഇത് മനസ്സിലാക്കിയാണ് ഇടപെടല്‍. തടവുകാര്‍ക്ക് നെയ്ത്തുപരിശീലനം നല്‍കി പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ക്കായി 150 തറികള്‍ വിതരണംചെയ്യും.
Post Your Comments