2004 ഡിസംബർ ഇരുപത്തിയാറ് ദുരന്തങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യൻ കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ചത് അന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള ഇൻഡോനേഷ്യ മുതൽ സോമാലിയ വരെയുള്ള പതിനാറ് രാജ്യങ്ങളെ അത് ബാധിച്ചു. 26000 ആളുകൾ മരിച്ചു. പ്രകൃതി, അതിന്റെ രൗദ്രഭാവം പുറത്തടുക്കുമ്പോൾ അതെത്ര ഭീതിതമാണെന്നും, മനുഷ്യൻ എത്ര നിസ്സഹായർ ആണെന്നും നമ്മുടെ തലമുറയെ കൂടി അത് കാണിച്ചുതന്നു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ഇന്തോനേഷ്യയിൽ നിന്നും ആയിരക്കണക്കിന് അകലെ ആയിരുന്നെങ്കിലും കേരളത്തിന്റെ തീരത്തും സുനാമി എത്തി. ഈ നൂറ്റാണ്ടിലെ മാത്രമല്ല, സ്വതന്ത്ര കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി അത് മാറുകയും ചെയ്തു. ഒറ്റ ദിവസം പാറശ്ശാല മുതൽ വൈപ്പിൻ വരെയുള്ള പ്രദേശത്ത് കടൽ കടൽ കയറി 172 ജീവനെടുത്തു. ഇന്ത്യയിൽ മൊത്തം മരണസംഖ്യ ആയിരക്കണക്കിനായിരുന്നു , ഏറ്റവും കൂടുതൽ തമിഴ് നാട്ടിലും.
ഇന്ത്യയിലെ ദുരന്തനിവാരണ രംഗത്തെ ആകമാനം സുനാമി മാറ്റിമറിച്ചു. ഒരു വർഷത്തിനകം ദുരന്ത നിവാരണത്തിനായി പാർലമെന്റ് പുതിയ നിയമം കൊണ്ടുവന്നു. (Disastar Management Act). പുതിയ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന, ദുരന്ത നിവാരണ ഫണ്ട്, ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ട്എന്നിങ്ങനെ ദുരന്ത നിവാരണ രംഗത്ത് സമൂലമായ മാറ്റമുണ്ടായി. ഇതിന്റെ ചുവടുപിടിച്ച് പല മാറ്റങ്ങൾ കേരളത്തിലുമുണ്ടായി.
ഡിസംബർ 26 ദുരന്തങ്ങളുടെ ഓർമ്മ ദിവസമായി ആചരിക്കണമെന്ന് ഞാൻ പറഞ്ഞു തുടങ്ങിയിട്ട് വർഷം പലതായി. ‘നല്ല ആശയമാണ്’ എന്നൊക്കെ എല്ലാവരും പറയുമെങ്കിലും അതിനപ്പുറമൊന്നും സംഭവിക്കാറില്ല. എന്താണെങ്കിലും ഈ ദിവസം ഞാൻ മറക്കാറില്ല. എല്ലാ ഡിസംബർ 26 നും, ലോകത്ത് ആ വർഷം നടന്ന ദുരന്തങ്ങളെപ്പറ്റി ഞാൻ എഴുതും. സാധരണഗതിയിൽ എന്റെ ഫേസ്‌ബുക്ക് വായനക്കാരുടെ അപ്പുറത്തേക്ക് ഈ വിഷയം പോകാറില്ല. പക്ഷെ, ഇത്തവണ ഡിസംബറിൽ മലയാളികളുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നത് ഓഖി എന്ന മറ്റൊരു ദുരന്തത്തിന്റെ ഓർമ്മയാണ്. അതിനാൽ അവിടെനിന്നും തുടങ്ങാം.
ദുരന്തം ദുരന്തമാകുന്നത്: ഏതാണ്ട് ഒരു മാസമായി ഓഖി എന്നു പേരിട്ട കൊടുങ്കാറ്റ് കേരളതീരത്ത് കൂടി വീശിയിട്ട്. കേരളതീരത്ത് അതിന്റെ ചെറിയൊരു രൂപമേ എത്തിയുള്ളു. മരണം ഭൂരിഭാഗവും സംഭവിച്ചത് കടലിലാണ്. ഇതുവരെ എൺപതോളം ആളുകൾ മരിച്ചു. കുറെ പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വള്ളങ്ങളുടെയും ബോട്ടുകളുടെയും മറ്റ് വാഹനങ്ങളുടെയും നഷ്ടവും ഏറെ സംഭവിച്ചു.
ലോകത്ത് നാം കണ്ടിട്ടുള്ള ദുരന്തങ്ങളുടെ വലിപ്പവും തീവ്രതയുമൊക്കെ വെച്ചുനോക്കിയാൽ ഇത് വലിയൊരു കാറ്റോ മരണസംഖ്യയോ അല്ല. ഒറ്റ ദിവസത്തിൽ പതിനാറു രാജ്യങ്ങളിൽ 260000 പേർ മരിച്ച സുനാമിയെക്കുറിച്ച് പറഞ്ഞല്ലോ. 2010-ൽ ഹെയ്‌ത്തിയിലുണ്ടായ, വെറും മുപ്പത്തിയാറ് സെക്കന്റ് നീണ്ടുനിന്നഭൂകമ്പത്തിൽ 215000 ആളുകളാണ് മരിച്ചത്. ഹെയ്‌ത്തിയുടെ മൊത്തം ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേ ഉള്ളുവെന്നതും കൂടി ചേർത്ത് വായിക്കണം. കാറ്റിന്റെ വേഗതയിലും ഓഖി വളരെ ചെറിയതായിരുന്നു. ഫിലിപ്പീൻസിൽ ആഞ്ഞുവീശിയത് മണിക്കൂറിൽ മുന്നൂറു കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള കാറ്റാണ്.മണിക്കൂറിൽ ഇരുന്നൂറ് കിലോമീറ്ററിനും അധികമുള്ള കാറ്റുകൾ കഴിഞ്ഞ പതിറ്റാണ്ടിൽ അനവധിയുണ്ടായിട്ടുണ്ട്.
കേരളത്തിൽ കാറ്റിന്റെ വേഗത കുറവായിരുന്നതുകൊണ്ടോ, അതിൽ മരണസംഖ്യ കുറഞ്ഞതുകൊണ്ടോ ഒന്നും ഓഖി ഒരു ദുരന്തമല്ലാതാകുന്നില്ല. ഐക്യരാഷ്ട്രസഭയുടെ ദുരന്തത്തിന്റെ നിർവ്വചനം തന്നെ ‘ചുറ്റുവട്ടത്തുള്ള സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ പറ്റാത്തതെന്തോ, അതാണ് ദുരന്തം’ എന്നാണ്. ദുരന്ത നിവാരണ സംവിധാനങ്ങൾ മെച്ചമായിട്ടുള്ള അമേരിക്കയിൽ ഇരുന്നൂറു കിലോമീറ്ററിന് മേൽ വേഗതയുള്ള കാറ്റുകൾ ഒന്നിനു പിന്നാലെ ഒന്നായി അനുഭവിച്ചിട്ടും, ഒരു ചെറിയ കാറ്റ് അടുത്തുകൂടി പോകുമ്പോഴേക്കും കേരളത്തിലുണ്ടാകുന്ന ഒച്ചപ്പാടുകൾ അവിടെ ഉണ്ടാകാത്തത് സർക്കാരും ജനങ്ങളും മാധ്യമങ്ങളും ഒക്കെ അതിനു തയ്യാറെടുത്തിട്ടുള്ളതിനാൽ ആണ്.. ആ അർത്ഥത്തിൽ ഓഖി ഒരു ദുരന്തമാണ്.
ഓരോ ദുരന്തവും ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള പാഠങ്ങൾ പഠിക്കാനുള്ള അവസരമാണ്. ഓഖിയും വ്യത്യസ്തമല്ല. ഓഖിയിൽ നിന്നുള്ള ചില ആദ്യപാഠങ്ങൾ ഞാൻ കഴിഞ്ഞ ദിവസം എഴുതിയിരുന്നല്ലോ. ചില പുതിയ പാഠങ്ങൾ കൂടി ഇവിടെ ചേർക്കാം.
ദുരന്തസാക്ഷരത: ദുരന്തത്തെക്കുറിച്ചും ദുരന്ത ലഘൂകരത്തെക്കുറിച്ചുമൊക്കെ ഞാൻ എഴുതിത്തുടങ്ങിയിട്ട് പത്തു വർഷത്തോളമായി. ദുരന്ത വിഷയങ്ങളെപ്പറ്റി ഇപ്പോഴും പൊതുസമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. ഉദാഹരണത്തിന്, എന്താണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയുംഉത്തരവാദിത്തവും? ദുരന്തനിവാരണ അതോറിട്ടി എന്നാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ഒരു ഉന്നതതല സംവിധാനമാണ്. സംസ്ഥാനത്തുള്ള പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഏത് ആളുകളെയും ഉപകാരണങ്ങളെയും സംവിധാനങ്ങളെയും ദുരന്ത നിവാരണത്തിന് നിയോഗിക്കാൻ അധികാരികൾക്ക് അവകാശമുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇതിന്റെ തലവൻ. വേണ്ടിവന്നാൽ കേന്ദ്രസഹായം തേടാനും അതോറിറ്റിക്ക് സാധിക്കും.
ഈ ഉന്നതതല അതോറിറ്റിയിലെ അംഗങ്ങൾ കേരളത്തിലെ ഓരോ തരം ദുരന്തത്തെപ്പറ്റിയും ആഴത്തിലുള്ള സാങ്കേതിക അറിവുകളുള്ള ആളുകൾ അല്ല, അത് സാധ്യവുമല്ല. ഫാക്ടറിക്ക് തീ പിടിക്കുന്നതും, കടലിൽ കാറ്റ് വീശുന്നതും, എബോള വൈറസ് ബാധയും, ആൾക്കൂട്ടത്തിലെ തിരക്കുമെല്ലാം വ്യത്യസ്ത ദുരന്തങ്ങളാണ്. അതിനെക്കുറിച്ച്അറിവുള്ള വിദഗ്ദ്ധർ സർക്കാർ സംവിധാനങ്ങളിൽ പലയിടത്തായുണ്ട്. ഈ ആളുകളെ ആരെ വേണമെങ്കിലും ആവശ്യാനുസരണം ദുരന്ത നിവാരണ അതോറിറ്റിക്ക് വിളിച്ചുവരുത്താം. വേണമെങ്കിൽ സർക്കാരിന് പുറത്തുള്ളവരുടെയും, കേരളത്തിന് പുറത്തുള്ളവരുടെയും ഒക്കെ സഹായം തേടാം. ഏതു സമയത്ത് ആരുടെ സഹായം തേടണമെന്ന് അറിയാനുള്ള കഴിവ് ഉണ്ടായാൽ മതി. അതിനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നത്.
ഇത്തവണ ദുരന്തത്തെക്കുറിച്ച് നടന്ന ചർച്ചകളിലധികവും മുൻവിധികളോടെ ഉള്ളതായിരുന്നു. അതിനെ തൽക്കാലം വെറുതെ വിടാം. എന്നാൽ ഇത്തരം ചർച്ചകൾക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നത് പൊതുസമൂഹത്തിന് ദുരന്ത സാക്ഷരത ഒട്ടും ഇല്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുംവിദ്യാഭ്യാസ വകുപ്പും അൽപം താൽപര്യമെടുക്കണം. പുതിയ ഓപ്പറേഷൻ സെന്റർ റെഡിയായിക്കഴിഞ്ഞാൽ ദുരന്തമില്ലാത്ത സമയത്ത് സ്‌കൂൾ കുട്ടികൾക്കും മാധ്യമങ്ങൾക്കുമൊക്കെ ഓരോ ദിവസവും അവിടെ പ്രവേശനം നൽകി ഒരു മണിക്കൂർ ബ്രീഫിംഗ് നൽകണം.
വിദഗ്ദ്ധരുടെ സേവനം: നോട്ടുനിരോധനം കഴിഞ്ഞ് ഒരു മാസത്തിനകം ഇന്ത്യയിൽ സാമ്പത്തിക വിദഗ്ദ്ധരുടെ വേലിയേറ്റമായിരുന്നു. അതുപോലെ ഓഖി കഴിഞ്ഞ ആഴ്ചകളിൽ ദുരന്ത വിദഗ്ദ്ധരുടെ തള്ളിക്കയറ്റവും അഭിപ്രായ പ്രകടനങ്ങളും കണ്ടു. കൂടുതലും പതിവിൻ പടി ‘സർക്കാരിന് എന്തറിയാം…!’ എന്ന തരത്തിലുള്ളതായിരുന്നു.എന്നാൽ കേരളത്തിനകത്തും പുറത്തുമുള്ള, സുരക്ഷയിലും കാലാവസ്ഥാ പ്രവചനത്തിലും പരിചയമുള്ള ധാരാളം ആളുകൾ കാര്യങ്ങൾ നന്നായി എഴുതിക്കണ്ടു. സർക്കാർ സംവിധാനത്തിനു പുറത്തുള്ള ഇത്തരം ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അവരെ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുമായി ഏകോപിപ്പിച്ച്, ആവശ്യംവരുമ്പോൾ അവരുടെ സേവനങ്ങൾ ഉപയോഗിക്കണം. ഒരു ദുരന്തം ഉണ്ടായ ശേഷം ‘ഞാൻ അപ്പഴേ പറഞ്ഞില്ലേ’ എന്ന് പറഞ്ഞിട്ട് എന്തുകാര്യം.
ഇനി വരാനിരിക്കുന്ന ദുരന്തങ്ങൾ: സാധാരണഗതിയിൽ വലിയ ദുരന്തസാധ്യതയുള്ള പ്രദേശമല്ല കേരളം. എന്നിട്ടും ചെറിയ അപകടങ്ങൾ പോലും ദുരന്തമായതും, അതിനെ ചൊല്ലി സർക്കാരിനെയും സർക്കാർ സ്ഥാപനങ്ങളെയും മാധ്യമങ്ങൾ മുൾമുനയിൽ നിർത്തിയതും നാം കണ്ടതാണ്. ഇതിന്റെ പ്രത്യാഘാതം നാം അറിയാൻ പോകുന്നതേയുള്ളു.
ഇനി കുറെ കാലത്തേക്ക് ചുരുങ്ങിയത് ഈ സർക്കാരിന്റെ ഭരണ കാലത്തെങ്കിലും സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ദുരന്ത ലഘൂകരണ വിഷയത്തിൽ തൊട്ടാവാടികൾ ആയിരിക്കും. ചെറിയൊരു മുന്നറിയിപ്പ് ഔദ്യോഗിക സംവിധാനത്തിൽ നിന്നോ തട്ടിപ്പുകാരിൽ നിന്നോ ഉണ്ടായാൽ കൈയിലുള്ള സകല സംവിധാനവുമുപയോഗിച്ച്സർക്കാർ പ്രതിരോധിക്കും. സുനാമി വരുന്നു എന്നുകേട്ടാൽ നാട്ടുകാരെ തീരങ്ങളിൽ നിന്ന് ഒഴിപ്പിക്കും. കടൽ ക്ഷോഭിക്കുമെന്നറിഞ്ഞാൽ കടലിലേക്ക് ആളെ വിടാതെയാകും. സാമാന്യബുദ്ധി വീട്ടിൽ വെച്ച്, ‘ഒന്നും ചെയ്യുന്നില്ല’ എന്ന ചീത്തപ്പേര് മാറ്റാൻ മാത്രമാകും എല്ലാവരുടെയും ശ്രമം. മൂന്നോ നാലോ പ്രാവശ്യം ഇത് ആവർത്തിക്കുമ്പോൾ ജനങ്ങൾ മുന്നറിയിപ്പ് കാര്യമാക്കാതെയാകും. അതോടെ ദുരന്ത ലഘൂകരണം എന്നത് പ്രഹസനമായി മാറും. ഇത് സംഭവിക്കും, ഉറപ്പാണ്.
‘It is incurable’
തട്ടിപ്പുകാരുടെ പറുദീസ: ദുരന്തങ്ങൾ പ്രവചിക്കുക എന്നത് ശാസ്ത്രീയമായി അത്ര എളുപ്പമല്ല. ഭൂകമ്പം പ്രത്യേകിച്ചും. ലോകത്ത് ഏത് പ്രദേശങ്ങളിലൊക്കെ ഭൂകമ്പമുണ്ടാകുമെന്ന് ദുരന്ത ലഘൂകരണ രംഗത്തുള്ളവർക്ക് അറിയാം. എന്നാൽ അത് ഇരുപത്തിനാല് മണിക്കൂറോ നാല്പത്തിയെട്ട് മണിക്കൂറോ മുൻപ് പ്രവചിക്കാനുള്ളസംവിധാനമില്ല. ഭൂകമ്പമുണ്ടായാൽ സുനാമിയുടെ സാധ്യത കുറച്ചുകൂടി കൃത്യമായി പറയാനാകുമെങ്കിലും, ഭൂകമ്പത്തിന് മുൻപ് അത് അസാധ്യമാണ്. കാറ്റിന്റെ കാര്യത്തിൽ രണ്ടു ദിവസം മുതൽ ഒരാഴ്ച മുന്നേ വരെ മുന്നറിയിപ്പ് കിട്ടാറുണ്ട്. എന്നാൽ ഇതിനും ശാസ്ത്രീയമായ പരിമിതികളുണ്ട്.
ദുരന്തം പ്രവചിക്കുന്ന തട്ടിപ്പു ശാസ്ത്രക്കാർ ലോകത്ത് ധാരാളമുണ്ട്. ജ്യോത്സ്യം മുതൽ ഇലക്ട്രോ മാഗ്നറ്റിക് വേവ് വരെ ഉപയോഗിച്ച്, ഉപഗ്രഹത്തിലെ കാർമേഘങ്ങളുടെ രൂപം തൊട്ട് എക്സ്ട്രാ സെൻസറി പെർസെപ്ഷൻ വരെ ഉപയോഗിച്ച് ദുരന്ത പ്രവചനം നടത്തുന്നവർ ലോകത്ത് ധാരാളമുണ്ട്. ഞങ്ങൾക്കും ഇത്തരം തട്ടിപ്പുകാരുടെ മുന്നറിയിപ്പുകൾ ധാരാളം കിട്ടാറുണ്ട്. ഇവരുടെ പ്രവചനം ഞങ്ങൾ ശ്രദ്ധിക്കാറില്ല, അതനുസരിച്ച് മുൻകരുതലുകൾ എടുക്കാറുമില്ല. ശാസ്ത്രം അനുസരിച്ച് ആണ് ലോകം മുന്നോട്ട് നീങ്ങേണ്ടത്. ശാസ്ത്രത്തിന്റെ പരിമിതികളെ ഗവേഷണം കൊണ്ടാണ് നേരിടേണ്ടത് കപട ശാസ്ത്രം കൊണ്ടല്ല. ശാസ്ത്രംപുരോഗമിക്കാത്തതുകൊണ്ട് ആ സ്ഥാനത്ത് തട്ടിപ്പുകാരെ കയറ്റിയിരുത്തരുത്. അത് നമ്മളെ ലോകത്തിനു മുന്നിൽ അപഹാസ്യരാക്കും.
ഡിസംബർ മുപ്പത്തിയൊന്നിന് മുൻപ് ഇന്ത്യയിൽ ഭൂകമ്പവും സുനാമിയും വൻ കൊടുങ്കാറ്റും ഒരു മലയാളി പ്രവചിച്ചു. ദശലക്ഷക്കണക്കിന് മലയാളികൾ അത് കേട്ട് പേടിച്ചു. പാക്കിസ്ഥാനിലെ ഔദ്യോഗിക സംവിധാനം വരെ അത് കാര്യമായെടുത്തു, അതിനെ ആസ്പദമാക്കി വീഡിയോ ഉണ്ടാക്കി. ഡിസംബർ മുപ്പത്തിയൊന്നിന് ഇനി അഞ്ചു ദിവസം കൂടിയേയുള്ളു. അതിനുമുൻപ് ഇന്ത്യയിൽ ഭൂകമ്പം ഉണ്ടാകില്ല എന്നൊന്നും ഒരു ശാസ്ത്രജ്ഞനായ ഞാൻ പറയില്ല. എന്നുവെച്ച് ഇത്തരം പൊട്ട പ്രവചനത്തിൽ ഒരു പ്രാധാന്യവും ഞാൻ കാണുന്നില്ല താനും. നവംബറിൽ കടലിൽ ഒരു കാറ്റുണ്ടായി എന്നത് അതിന്ദ്രീയമായ ദുരന്ത പ്രവചനത്തെ സത്യമാക്കുന്നില്ല. ഇനി അടുത്ത വർഷം ഉണ്ടാകാനിടയുള്ള ദുരന്തത്തെപ്പറ്റി പ്രവചിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കാനും പോകുന്നില്ല. കാരണം, അങ്ങനെ ചെയ്യുന്നത് പോലും ഇത്തരം ആളുകൾക്ക് അർഹിക്കാത്ത ശ്രദ്ധ നൽകൽ ആണ്. അതേ സമയം കേരളത്തിൽ ഇന്ന് അദ്ദേഹത്തിന്റെ പ്രവചനം കേൾക്കാത്ത ഒരു മലയാളിയും ഇല്ല എന്നതും ഈ വിഷയങ്ങളെ പറ്റി ശാസ്ത്രീയമായി എഴുതുന്നവരെ സമൂഹം ഒട്ടും ശ്രദ്ധിക്കാറില്ല എന്നതും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അടിസ്ഥാന ശാസ്ത്രീയ ബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കാനുള്ള ശ്രമങ്ങൾ തുടർന്നേ പറ്റൂ.
ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. 2018 -ൽ കേരളത്തിൽ അൻപത് പേരിൽ കൂടുതൽ ആളുകൾ മരിക്കുന്ന ഒരു ദുരന്തമുണ്ടാകുമോ എന്ന് എനിക്കിപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ ഒന്നുമാത്രം ഉറപ്പായി പറയാം, 2018 ജനുവരി ഒന്നിന് ജീവനോടെ ഇരിക്കുന്നവരിൽ എണ്ണായിരം പേർ ഉറപ്പായും 2019 ജനുവരി ഒന്ന് കണി കാണാൻ ഉണ്ടാകില്ല. അവരിൽ ഒരാൾ നിങ്ങളോ ഞാനോ ആയിരിക്കാം. റോഡപകടവും മുങ്ങിമരണവുമായി വൈദ്യുതാഘാതവും ഒക്കെയായി എണ്ണായിരത്തോളം മലയാളികളാണ് ഓരോ വർഷവും കാലമെത്താതെ മരിക്കുന്നത്. തട്ടിപ്പു പ്രചാരണങ്ങൾക്ക് കൊടുക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ അക്കാര്യത്തിൽ നമ്മൾ കൊടുത്താൽ ഉറപ്പായും എത്രയോ ജീവനുകൾ രക്ഷിക്കാം.
മാറുന്ന കാലാവസ്ഥ: ഓഖി കാറ്റുണ്ടായപ്പോൾ പലരും പറഞ്ഞ ഒരു കാര്യമുണ്ട്, ‘ചുഴലിക്കാറ്റ് കേരളത്തിൽ ഇതിനു മുൻപുള്ള ഒരു നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല, അതിനാലാണ് നമ്മുടെ പ്രതികരണം ശരിയാകാതിരുന്നത്’ എന്ന്. ഇത് ശരിയല്ല. 1941-ൽ കേരളത്തിൽ വലിയ കാറ്റ് ഉണ്ടായിട്ടുണ്ട്. 99-ലെ വെള്ളപ്പൊക്കംഎന്നപോലെ 16-ലെ കാറ്റും അക്കാലത്ത് കഥയും കവിതയും ആയിട്ടുണ്ട്. എന്നിട്ടും നമ്മൾ പതിവുപോലെ ദുരന്തങ്ങളെ മറന്നതാണ്.
ഒരുകാര്യം ഉറപ്പായും പരം. ഇനി വലിയ കാറ്റും വെള്ളപ്പൊക്കവും വരാൻ ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല. കാലാവസ്ഥാ വ്യതിയാനം ലോകത്തെവിടെയും കാറ്റിന്റെയും മഴയുടെയും സാന്ദ്രത കൂട്ടുകയാണ്. കേരളത്തിലും ഇത് വ്യത്യസ്തമാകില്ല.
കാലാവസ്ഥാ വ്യതിയാനം, തിരിച്ചടികളും യാഥാർഥ്യവും: 2017 കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തിൽ വലിയൊരു തിരിച്ചടിയുടെ വർഷമായിരുന്നു. സ്ഥാനമേറ്റെടുത്ത പുതിയ അമേരിക്കൻ പ്രസിഡന്റ് കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ചുള്ള ആഗോള ഉടമ്പടിയിൽ നിന്നും ഏകപക്ഷീയമായി പിന്മാറാൻ തീരുമാനിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയും, കാർബൺ ബഹിർഗമനത്തിന്റെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നതുമായ അമേരിക്ക ഇത്തരത്തിൽ പെരുമാറുന്നത്, ചൂട് കാര്യമായി കുറക്കാനും കാലാവസ്ഥാവ്യതിയാനത്തിന്റെ ശക്തികളിൽ നിന്ന് ഭാവി തലമുറയെ സംരക്ഷിച്ച് നിർത്തുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്ക് തിരിച്ചടി തന്നെയാണ്. പക്ഷെ, സമ്പദ്‌വ്യവസ്ഥയിലെ കാർബൺ സാന്ദ്രത കുറഞ്ഞുവരുന്നുവെന്ന യാഥാർഥ്യം ഈ പ്രശ്നത്തെ ലഘൂകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയിലെ കാറ്റുകൾ: ഒന്നിന് പുറകെ ഒന്നായി രണ്ട് വലിയ ചുഴലിക്കാറ്റുകൾ അമേരിക്കയിൽ തുടങ്ങി ഫ്ളോറിഡയിലും ടെക്‌സാസിലും നാശം വിതച്ചു. മുന്നറിയിപ്പുണ്ടായതിനാലും ആളുകൾ സ്ഥലം ഒഴിഞ്ഞു പോയതിനാലും നാശനഷ്ടങ്ങൾ ഒരു പരിധി വരെ ഒഴിവായി. പക്ഷെ, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടായഒരു വർഷവും കൂടിയായി ഇത്.
ഉയരത്തിലെ ദുരന്തം: ഇംഗ്ലണ്ടിലെ ഗ്രേറ്റ് ഫാൾസ് സമുച്ചയത്തിലുണ്ടായ അഗ്നിബാധ എഴുപത് ആളുകളുടെ ജീവനാണെടുത്തത്. നഗരജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ബാക്കിപത്രമാണ് ഉയരത്തിലേക്കുള്ള വളർച്ച. കേരളത്തിൽ ഗ്രാമങ്ങളിലുൾപ്പെടെ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉണ്ടായിവരികയാണ്. ഓരോ വർഷവും ഇത്തരംകെട്ടിടങ്ങളിൽ അഗ്നിബാധയും മരണവും ഉണ്ടാകാറുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ അഗ്നിബാധ മുൻകൂട്ടി കണ്ടെത്താനും അതിനെ പ്രതിരോധിക്കാനും ആളുകളെ ഒഴിപ്പിക്കാനുമുള്ള സംവിധാനം ഉണ്ടെന്നാണ് പൊതുവെ നമ്മൾ കരുതുന്നത്. പക്ഷെ, ഇത് പൂർണ്ണമായും ശരിയല്ല എന്നും, ഉയർന്ന കെട്ടിടങ്ങൾ ലോകത്ത്എവിടെയും മരണക്കെണികൾ ആണെന്നുമുള്ള സത്യമാണ് ഗ്രേറ്റ് ഫാൾസ് ടവറിൽ നിന്നും വരുന്നത്. കേരളത്തിൽ ഫ്‌ളാറ്റുകളിൽ ജീവിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഫ്ലാറ്റ് ജീവിതത്തിലെ സുരക്ഷക്ക് ആളുകൾ എന്തുചെയ്യണം എന്നതിനെപ്പറ്റി ഞാനൊരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെഓരോ ഫ്ലാറ്റ് നിവാസിയും ഇത് നിർബന്ധമായും വായിച്ചിരിക്കണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
ഇറാക്കിലെ ഭൂകമ്പം: വലിയ ഭൂകമ്പങ്ങളുടെ വർഷമായിരുന്നില്ല, 2017 എങ്കിലും ഇറാൻ ഇറാക്ക് അതിർത്തിയിൽ ഉണ്ടായ ഭൂകമ്പം ആയിരത്തോളം പേരെ കൊന്നൊടുക്കി. ഭൂകമ്പത്തിന്റെ കാര്യത്തിൽ ഞാൻ എപ്പോഴും പറയുന്നത് പോലെ ഭൂകമ്പമല്ല, കെട്ടിടങ്ങളാണ് നമ്മെ കൊല്ലുന്നത്. മൊമന്റ് സ്കേലിൽ 7.1 മാത്രമുള്ളഭൂകമ്പമാണ് ഈ നാശനഷ്ടങ്ങളുണ്ടാക്കിയത്. കേരളം ഭൂകമ്പത്തെ അധികം പേടിക്കേണ്ട നാടല്ല എങ്കിലും, എൻജിനീയർമാരുടെ ഡിസൈനിനിടക്ക് വാസ്തുവും ഫെങ് ഷുയിയുമൊക്കെ വെച്ച് കെട്ടിടത്തിന്റെ കണക്കിൽകൂട്ടലും കുറക്കലും നടത്തിയാൽ എട്ടിന്റെ പണി കിട്ടും. സംശയം വേണ്ട.
എല്ലാവർക്കും തയ്യാറെടുക്കാം: കേരളത്തിലും മലയാളികളുള്ള മറ്റു നാടുകളിലും ഏതെങ്കിലും രീതിയിലുള്ള ദുരന്തമോ ദുരന്ത സൂചനയോ കിട്ടിയാലുടൻ തന്നെ ഫേസ്‌ബുക്ക് വഴി അവർക്കുള്ള നിർദ്ദേശങ്ങൾ നൽകാറുണ്ട്. ഇത് തുടരും. ഈ പരിപാടി ഒരു ആപ്പ് ആക്കിയാലോ എന്നെനിക്ക് ഒരാലോചനയുണ്ട്. ഒക്കെയായി താല്പര്യമുള്ളവർ ഉണ്ടെങ്കിൽ പറയുമല്ലോ.
പക്ഷെ ഒരു കാര്യത്തിൽ എനിക്കല്പം വിഷമമുണ്ട്. കേരളത്തിൽ ഇപ്പോൾ മുപ്പത് ലക്ഷത്തോളം മറുനാടൻ മലയാളികളുണ്ട്. ഓരോ വർഷവും കെട്ടിടം പണിയിൽ മുതൽ ക്വാറി അപകടത്തിൽ വരെ ഏറെ ആളുകൾ മരിക്കുന്നുണ്ട്. മരിച്ച മലയാളികൾക്ക് ഇരുപതും ഇരുപത്തിയഞ്ചും ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൊടുക്കുമ്പോൾ,അപകടത്തിൽ പെടുന്ന മറുനാട്ടുകാർക്ക് അഞ്ചു ലക്ഷം പോലും കൊടുക്കാറില്ല. ഇത് കഷ്ടമാണ്.
നഷ്ടപരിഹാരം പോകട്ടെ, ദുരന്ത സാഹചര്യമുണ്ടായാൽ നമ്മൾ കൊടുക്കുന്ന മുന്നറിയിപ്പ് പോലും അവരിലെത്തിക്കാൻ ഇപ്പോൾ മാർഗ്ഗമില്ല. മലയാളിയുടെ ഫേസ്‌ബുക്ക് വിപ്ലവം അവരിൽ എത്തുന്നില്ല. മറുനാട്ടുകാരെ നമ്മുടെ ദുരന്ത ലഘൂകരണ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തേണ്ട സമയം അതിക്രമിക്രമിച്ചു. ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യത്തിൽ മുൻകൈ എടുക്കണം പ്ളീസ്… മറ്റുള്ളവരുടെ ചോരയും കണ്ണീരും വീണ വളർച്ച ശാശ്വതമാകില്ല.
Post Your Comments