ലാലു പ്രസാദ് യാദവ് വീണ്ടും ജയിലിലേക്ക്. രാജ്യം കണ്ട കുപ്രസിദ്ധ കാലിത്തീറ്റ തട്ടിപ്പ് കേസിലാണ് ഇന്നിപ്പോൾ തീർപ്പുണ്ടായത്. അവിഭക്ത ബീഹാറിലാണ് സാമ്പത്തിക തട്ടിപ്പുകൾ നടന്നതെങ്കിലും സംസ്ഥാനത്തിന്റെ വിഭജനത്തോടെ ജാർഖണ്ഡിലേക്ക് കുറെ കേസുകൾ എത്തപ്പെട്ടു. അതിലൊന്നിലാണ് ഇന്നിപ്പോൾ റാഞ്ചി സിബിഐ കോടതി വിധി പ്രസ്താവിച്ചത്. ഇവിടെ ഓർക്കേണ്ടത് മറ്റൊരു അഴിമതി കേസിൽ ലാലു ലാലു യാദവ് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു; 2013 ഒക്ടോബർ 3 ന് . അഞ്ചുകൊല്ലത്തെ കഠിന തടവും 25 ലക്ഷം രൂപ പിഴയുമാണ് അന്ന് വിധിച്ചത്. മറ്റൊരു കേസാണിത്. ട്രഷറിയിൽ നിന്ന് 37 കോടി അനധികൃതമായി പിൻവലിച്ചതാണ് ആ കേസിനാസ്പദമായത്. അന്ന് പാറ്റ്ന ജയിലിൽ അടക്കപ്പെട്ട ലാലു യാദവ് ഇപ്പോൾ ജാമ്യത്തിലാണ്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗന്നാഥ മിശ്രയും ഈ കേസിൽ പ്രതിയായിരുന്നു. എന്നാൽ അദ്ദേഹത്തെ കോടതി വെറുതെവിട്ടു.
യഥാർഥത്തിൽ കേസിൽ പെടാത്ത വിധത്തിലായിരുന്നു ലാലുവിന്റെയും മറ്റും ‘അഴിമതി ഓപ്പറേഷൻ’. കാലിത്തീറ്റക്കായി പണം നൽകുന്നു, ട്രഷറിയിൽ നിന്ന്. അത് പക്ഷെ ചെല്ലുന്നത് ലാലുവിലും പാർട്ടിക്കാരിലും. അദ്ദേഹത്തിനൊപ്പം നിന്ന് ഉദ്യോഗസ്ഥർക്കും കിട്ടി കുറെ വിഹിതം. പിന്നെ ബീഹാറിലെ മാധ്യമപ്രവർത്തകരടക്കം ഒട്ടെല്ലാ വിഭാഗക്കാരും അന്ന് എന്നും ലാലുവിൽ ‘സന്തുഷ്ടരായിരുന്നു’. കേസ് തേച്ചുമാച്ചു കളയാൻ കഴിയുന്നതെല്ലാം ലാലു ചെയ്തിരുന്നു. എന്നാൽ അതിനായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് സുപ്രീം കോടതിയുടെ ഇടപെടലിലൂടെയാണ്. കോടതി ഈ കേസിന്റെ അന്വേഷണവും മറ്റും നേരിട്ട് നിരീക്ഷിക്കാൻ തുടങ്ങി. മാത്രമല്ല യുഎൻ ബിശ്വാസ് എന്ന ധീരനായ, സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്ന് സിബിഐ ഈ കേസ് ഏൽപ്പിക്കുകയും ചെയ്തു. സിബിഐയുടെ കിഴക്കൻ മേഖല ജോയിന്റ് ഡയറക്ടർ ആയിരുന്നു ബിശ്വാസ് എന്നാണ് ഓർമ്മ. സംസ്ഥാന പോലീസും സർക്കാർ ഉദ്യോഗസ്ഥരും ഒരു തരത്തിലും ഈ അന്വേഷണവുമായി സഹകരിച്ചില്ല എന്നുമാത്രമല്ല അത് തടസപ്പെടുത്താൻ പരമാവധി ശ്രമിക്കുകയും ചെയ്തു. അവസാനം സിബിഐയെ ഇക്കാര്യത്തിൽ സഹായിക്കാൻ പട്ടാളത്തിന്റെ സഹായം തേടാൻ ബിശ്വാസിന് കോടതി നൽകുക പോലുമുണ്ടായി. പറഞ്ഞുവന്നത് എത്രമാത്രം വിഷമം പിടിച്ചതായിരുന്നു കാലിത്തീറ്റ കേസിന്റെ അന്വേഷണം എന്നത് സൂചിപ്പിക്കാനാണ്.
കേസുകൾ മുഴുവൻ ബീഹാറിലായിരുന്നു. ഏതാണ്ട് 64 കേസുകൾ. മൊത്തത്തിൽ അക്കാലത്ത് 900 കോടിയുടെ തട്ടിപ്പ്. ബീഹാർ വിഭജിക്കപ്പെടുകയും ജാർഖണ്ഡ് സംസ്ഥാനം രൂപപ്പെടുകയും ചെയ്തപ്പോൾ ആ മേഖലയിലെ കേസുകൾ അവിടെ വിചാരണ ചെയ്യാൻ തീരുമാനിച്ചു. അതും ലാലുവിന് തിരിച്ചടിയായി. ബീഹാറിലെ സർക്കാർ രേഖകൾ കൈകാര്യം ചെയ്യുന്നതിലും ഉദ്യോഗസ്ഥരെ നിലക്ക് നിർത്തുന്നതിലും ഒക്കെ വളരെ കാര്യമായി ഇടപെടാൻ അന്വേഷണ ഘട്ടത്തിൽ ലാലുവിനായിരുന്നു. എന്നാൽ ജാർഖണ്ഡ് രൂപമെടുക്കുകയും അവിടെ ബിജെപി അധികാരത്തിലേറുകയും ചെയ്തപ്പോൾ കാര്യങ്ങൾ വിഷമകരമായി. അത്തരത്തിലൊരു കേസിലാണ് ഇപ്പോൾ റാഞ്ചി കോടതി വിധി പ്രസ്താവിച്ചത്.
നേരത്തെ 2013 ൽ മറ്റൊരു അഴിമതിക്കേസിൽ ലാലുവിനെ പാറ്റ്ന സിബിഐ കോടതി ശിക്ഷിച്ചിരുന്നു. 5 വര്ഷം കഠിന തടവും 25 ലക്ഷം രൂപ പിഴയുമാണ് അന്ന് ചുമത്തിയത്. ആ കേസിൽ അദ്ദേഹം ജാമ്യത്തിലാണ്. ആ കേസിൽ ശിക്ഷിക്കപ്പെട്ടത് കൊണ്ടുതന്നെ ലോകസഭംഗത്വവും റദ്ദായി. ഇന്നിപ്പോൾ ആർജെഡി അധ്യക്ഷനോക്കെയാണെങ്കിലും അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ലാലുപ്രസാദ് യാദവ് ഒരു പോരാളി ആണ് എന്നതിൽ അദ്ദേഹത്തിന്റെ എതിരാളികൾക്ക് പോലും ഭിന്നാഭിപ്രായം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ജയപ്രകാശ് നാരായണന്റെ ആഹ്വാനം കേട്ട് പൊതുരംഗത്തുവന്നയാളാണ് ലാലു എന്നതാണ് പ്രധാനം. 1977 -ൽ ജനതാപാർട്ടി ബീഹാറിൽ അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂർ കൈപിടിച്ചുകൊണ്ടുവന്ന യുവനേതാവ്. ബീഹാറിൽ കർപ്പൂരി താക്കൂറിനുള്ള സ്ഥാനം പറഞ്ഞറിയിക്കുക വയ്യ. പിന്നാക്കക്കാരുടെ സംരക്ഷകൻ എന്നതിലുപരി സത്യസന്ധതക്കു പേരുകേട്ടതും നിയമവാഴ്ചക്കു വേണ്ടി നിലകൊണ്ടിരുന്നതുമായ രാഷ്ട്രീയനേതാവ് . ജെപി തെളിച്ചപാതയിലൂടെ നീങ്ങിയ രാഷ്ട്രീയനേതാവ്. അദ്ദേഹവും മറ്റും വളർത്തിക്കൊണ്ടുവന്ന ലാലു അഴിമതിയുടെ പര്യായമായി മാറുന്നതാണ് പിന്നീട് കണ്ടത്.
1985 ലാണ് കാലിത്തീറ്റ തട്ടിപ്പ് സംബന്ധിച്ച ആദ്യവാർത്തകൾ വരുന്നത്. അഴിമതിയുടെ വ്യക്തമായ അതിലുണ്ടായിരുന്നു. എന്നാൽ അന്ന് ഭരണം കയ്യാളിയിരുന്ന ലാലുവിനെതിരെ വായ് തുറക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. കൊൽക്കത്തയിലെ ‘ടെലിഗ്രാഫ് ‘ പോലുള്ള
മാധ്യമങ്ങളാണ് അത് ദേശീയതലത്തിലെത്തിച്ചത്. രാജ്യമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ അന്ന് കാലിത്തീറ്റ കേസി വിശദാംശങ്ങൾക്കായി പരതിനോക്കിയിരുന്നത് ആ ബംഗാൾ പത്രത്തെയായിരുന്നുതാനും.
ബീഹാർ രാഷ്ട്രീയത്തെ ദീർഘകാലം തന്റെ കൊടിക്കീഴിൽ നിർത്തി എന്നതാണ് ലാലുവിന്റെ പ്രത്യേകത. നിതീഷ് -ബിജെപി സഖ്യമാണ് അതിന് അറുതിവരുത്തിയത്. എന്നാൽ ആ രണ്ട് പാർട്ടികളെയും അകറ്റുന്നതിലും ആർജെഡി-നിതീഷ്- കോൺഗ്രസ് സഖ്യമുണ്ടാക്കി ബീഹാറിൽ അധികാരം കയ്യിലാക്കുന്നതിലും ലാലു വിജയിച്ചതും ചരിത്രമാണ്. പക്ഷെ ആ സർക്കാർ നീണ്ടുനിന്നില്ല. ഇന്നിപ്പോൾ ലാലു അവിടെ പ്രതിപക്ഷത്താണ് . ഒരു കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഉണ്ടായ കോടതിവിധി വലിയ തന്നെയാണ്. അത് ലാലുവിനെ മാത്രമല്ല ബാധിക്കുക മറിച്ച് അദ്ദേഹത്തെ സംരക്ഷിക്കുന്ന കോൺഗ്രസിനും ഇടത് പാർട്ടികൾക്കും പ്രശ്നമാണ്. ലാലുവിനെ പോലെ അവരും നിരാശരായി. 2019 ൽ ഈ ‘അഴിമതിക്കാരനെ’, ആർജെഡിയെ, മുന്നിൽ നിർത്തി പോരാടേണ്ടി വരുമെന്നത് ബിജെപി വിരുദ്ധ പക്ഷത്തിന് വിഷമമുണ്ടാക്കും,സംശയമില്ല.
കാലിത്തീറ്റ കേസ് മാത്രമല്ല ലാലുവിനെ വിഷമിപ്പിക്കുന്നത്. മകളും എംപിയുമായ മിസ ഭാരതി ഇപ്പോൾ വലിയ ഒരു കേസിൽ അകപ്പെട്ടിരിക്കുന്നു. പത്ത് ബില്യൺ രൂപയുടെ അനധികൃത സ്വത്ത് കേസാണിത്. അവരുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് അടക്കം നൽകിയ വിവരങ്ങൾ കാര്യങ്ങൾ പ്രയാസകരമാക്കിയിരിക്കുന്നു. എൻഫോഴ്സ്മെന്റ് അധികൃതരാണ് അത് അന്വേഷിക്കുന്നത്. അവരുടെ ഡൽഹിക്ക് സമീപമുള്ളഫാം ഹൌസ് ഇതിനകം അറ്റാച്ച് ചെയ്യപ്പെട്ടിട്ടുണ്ട്. അതും ആര്ജെഡിക്കും കോൺഗ്രസ് മുന്നണിക്കും പ്രയാസമാണ് സൃഷ്ടിക്കുക.
2 ജി തട്ടിപ്പ് കേസിൽ പ്രതികളെ സിബിഐ കോടതി വെറുതെ വിട്ടത് ആശ്വാസകരമായി എന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. തങ്ങൾക്കെതിരായ ആക്ഷേപങ്ങളിൽ കഴമ്പില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അതിലൂടെ കഴിഞ്ഞുവെന്നും കോൺഗ്രസ് പറഞ്ഞുനടക്കുന്നുണ്ട്. ലാലുയാദവിനെ കൂടി വെറുതെ വിട്ടിരുന്നുവെങ്കിൽ അഴിമതിക്കേസുകൾ എല്ലാം ബിജെപി കെട്ടിപ്പൊക്കുന്ന രാഷ്ട്രീയപ്രേരിതമായ കേസുകളാണ് എന്ന് പറയാവുമായിരുന്നു. മഹാരാഷ്ട്രയിൽ അശോക് ചവാന് അനുകൂലമായി വന്ന ഹൈക്കോടതിവിധിയും അതിനായി ചൂണ്ടിക്കാണിക്കാനും കഴിയുമായിരുന്നു. എന്നാൽ, 2 ജി തട്ടിപ്പ് കേസിൽ പ്രതികളെ വെറുതെ വിട്ടുവെങ്കിലും കാര്യങ്ങൾ കോൺഗ്രസിന് ദോഷകരമാണ് എന്നത് വേറെ കാര്യം. അത് വിധിന്യായം മുഴുവൻ വായിക്കുന്നവർക്ക് ബോധ്യമായിട്ടുണ്ട്. പ്രധാനമന്ത്രിയെ രക്ഷിക്കാനായി സിബിഐ ഉണ്ടാക്കിയ, കെട്ടിച്ചമച്ച, കഥകൾ ചെന്നുകൊണ്ടത് യഥാർഥത്തിൽ സോണിയ ഗാന്ധിയുടെ കുടുംബത്തിലാണ് എന്നതാണ് വിലയിരുത്തൽ. സോണിയയുടെ വിശ്വസ്തനായ പിഎംഒയിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തിൽ സംശയാസ്പദമായ നിലയിലെത്തി നില്കുന്നത് . എ രാജ മാത്രമല്ല അതിനപ്പുറം ആർക്കൊക്കെയോ ടെലികോം കുംഭകോണത്തിൽ താല്പര്യമുണ്ടായിരുന്നു എന്ന തോന്നൽ ശക്തിപ്പെടുന്നു എന്നതും പലരും ചൂണ്ടിക്കാണിക്കുന്നു. അരുൺ ജെയ്റ്റിലി നൽകിയ സൂചനകൾ അതാണല്ലോ. അടുത്ത ഘട്ടത്തിൽ, അപ്പീലിൽ, അതൊക്കെ തുറന്നുകാട്ടപ്പെടും എന്നതിൽ സംശയമില്ലല്ലോ. സൂചിപ്പിച്ചത്, ബിജെപി വിരുദ്ധ പക്ഷത്തിന് കാര്യങ്ങൾ വിഷമകരമാവുന്നു എന്നതാണ്.
Post Your Comments