തോപ്പുംപടി: ഷൂട്ടിങ് സ്ഥലത്ത് നടന്‍ ഉണ്ണി മുകുന്ദനും ചാനല്‍ പ്രവര്‍ത്തകരും തമ്മിൽ നടന്ന സംഘർഷം പൊലീസ് കേസിലേക്ക്. ഇരുകൂട്ടരും നല്‍കിയ പരാതിയില്‍ നടനും ചാനല്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ തോപ്പുംപടി പൊലീസ് കേസെടുത്തു.കരുവേലിപ്പടിയിലെ ഗോഡൗണില്‍ ‘ചാണക്യ തന്ത്രം’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണു മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടായത്.
ചാനല്‍ പ്രവര്‍ത്തകരുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണു അസഭ്യം വിളിയിലും ഭീഷണിയിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ഉണ്ണി മുകുന്ദനെതിരായ സ്ത്രീ പീഡനക്കേസില്‍ ചോദ്യം ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മാതൃഭൂമി ചാനലിന്റെ ക്യാമറയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചാനല്‍ പ്രവര്‍ത്തകരാണ് ആദ്യം പരാതി നല്‍കിയത്. വൈകാതെ സിനിമയുടെ നിര്‍മ്മാതാവും പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരു പരാതിയിലും കേസെടുത്തതായി എസ്‌ഐ സി.ബിനു പറഞ്ഞു.
ഉണ്ണി മുകുന്ദന്റെപേരില്‍ യുവതി പീഡനത്തിന് പരാതിനല്‍കിയ സംഭവത്തെക്കുറിച്ച് ചോദിച്ചതിനെത്തുടര്‍ന്നാണ് സംഭവം തുടക്കമെന്ന് മാതൃഭൂമി വിശദീകരിക്കുന്നു. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ വിജയാഘോഷം നടക്കുന്നെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് മാതൃഭൂമി ന്യൂസ് സംഘം തോപ്പുംപടി കരുവേലിപ്പടിയിലെ ലൊക്കേഷനില്‍ എത്തിയത്. ആഘോഷത്തെക്കുറിച്ച് പ്രതികരിച്ചശേഷം, ഉണ്ണി മുകുന്ദന്റെപേരില്‍ ലൈംഗികപീഡനമാരോപിച്ച് യുവതി നല്‍കിയ പരാതിയെക്കുറിച്ച് ചോദിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ നടന്‍ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും തട്ടിക്കയറുകയായിരുന്നുവെന്നാണ് ആരോപണം.
മാധ്യമ സംഘത്തെ തടഞ്ഞുവെക്കുന്ന ദൃശ്യങ്ങള്‍ സെറ്റിലെ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിരുന്നെങ്കിലും അതും സെറ്റിലെ മറ്റംഗങ്ങള്‍ നശിപ്പിച്ചു. താത്പര്യമില്ലെങ്കില്‍ പ്രതികരണം ചാനലില്‍ കൊടുക്കില്ലെന്ന് അറിയിച്ചെങ്കിലും നടനും സംഘവും അത് കൂട്ടാക്കാന്‍ തയ്യാറായില്ല. ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞെന്നും പരാതിയുണ്ട്.
Post Your Comments