അഹമ്മദാബാദ്: സൊറാഹ്ബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ചുള്ള കൂടുതല്‍ രേഖകള്‍ കാരവന്‍ മാസിക പുറത്തുവിട്ടു. ജസ്റ്റിസ് ലോയ താമസിച്ച ദിവസം ഗസ്റ്റ് ഹൗസില്‍ സൂക്ഷിച്ച രജിസ്റ്ററിലെ രേഖപ്പെടുത്തലുകളിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെട്ടിരുന്ന സൊറാബുദ്ദീന്‍ ഷേക് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ കാരവന്‍ മാസിക പുറത്തുവിട്ടിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്ന് ജസ്റ്റിസ് ബി.എച്ച്.ലോയക്കൊപ്പംഉണ്ടായിരുന്ന രണ്ട് ജഡ്ജിമാര്‍ പിന്നീടൊരു ഇംഗ്‌ളീഷ് ദിനപത്രത്തോട് പറഞ്ഞു. ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മകനും ആരോപണം തള്ളിക്കളഞ്ഞിരുന്നു.
ആദ്യം ആരോപണം ഉന്നയിച്ച ബന്ധുക്കളെ പിന്നീട് താമസ സ്ഥലത്ത് കാണാതായത് സംശയങ്ങള്‍ കൂട്ടിയിരുന്നു. ജസ്റ്റിസ് ബി.എച്ച്. ലോയ താമസിച്ചിരുന്ന നാഗ്പ്പൂരിലെ രവി ഭവന്‍ ഗസ്റ്റ് ഹൗസിലെ രജിസ്റ്ററില്‍ രണ്ട് മുറികളിലായി ഒരു വനിത ജഡ്ജി ഉള്‍പ്പടെ നാല് ജഡ്ജിമാര്‍ താമസിച്ചിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗസ്റ്റ് ഹൗസിലെ രണ്ട് മുറികള്‍ ഈ സമയം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വനിത ജഡ്ജിക്ക് ഒരു മുറിയും മൂന്ന് ജഡ്ജിമാര്‍ക്ക് ചേര്‍ന്ന് രണ്ട് കിടക്കകള്‍ മാത്രമുള്ള മറ്റൊരു മുറിയും നല്‍കിയെന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് സംശയം ജനിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ആരാണെന്ന് ഇതുവരെ വ്യക്തമാകാത്ത അംബേദ്കര്‍ എന്ന പേരിലുള്ള ഒരു അതിഥിയും ഇതേ സമയം ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ അതിഥിയുടെ പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തിയതി 2014ന് പകരം 2017 എന്ന് എഴുതിയിരിക്കുന്നുവെന്ന് മാസിക പുറത്തുവിട്ട രജിസ്റ്റര്‍ വ്യക്തമാക്കുന്നു
ഗസ്റ്റ് ഹൗസിന് തൊട്ടടുത്ത് കൂടുതല്‍ സൗകര്യമുള്ള രണ്ട് ആശുപത്രികള്‍ ഉള്ളപ്പോഴാണ് താരതമ്യേന അകലെയുള്ള ദാണ്ഡെ ആശുപത്രിയിലേക്ക് ആദ്യം ബി.എച്ച്.ലോയയെ കൊണ്ടുപോയത്. രണ്ടാമത് ജസ്റ്റിസ് ലോയയെ എത്തിച്ച മെഡിട്രീന ആശുപത്രി 6.15ന് മരണം സ്ഥിരീകരിച്ചുവെന്നാണ് വ്യക്തമാക്കിയത്.
എന്നാല്‍ ലോയയെ കൊണ്ടുവന്നവര്‍ അദ്ദേഹം മരിച്ചുവെന്ന് 5 മണിയോടെ അറിയിച്ചുവെന്നാണ് സഹോദരിയുടെ വിശദീകരണം. കേസ് നിലവില്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്രയിലെ ഒരു ബിജെപി എംഎല്‍എയുടെ സഹോദരനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിശദമായൊരു അന്വേഷണം വേണമെന്ന ആവശ്യമാണ് ജസ്റ്റിസ് ലോയയുടെ സഹപാഠികളായ അഭിഭാഷകര്‍ ഉയര്‍ത്തുന്നത്.
Post Your Comments