കൊച്ചി: പുതുച്ചേരിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതിവെട്ടിച്ച കേസില്‍ ചലച്ചിത്ര താരം അമലാ പോള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടി എത്തിയിരുന്നില്ല. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അമലാ പോള്‍ ഹാജരാകാതിരുന്നത്. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിച്ചില്ലെന്നാണ് അമലാ പോള്‍ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ പറയുന്നത്.
പുതുച്ചേരിയില്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് 19 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിനെ തുടര്‍ന്നാണ് അമലാപോളിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സമാന കേസില്‍ സുരേഷഗോപി ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി ഫഹദ് ഫാസില്‍ ആലപ്പുഴ സെഷന്‍സ് കോടതിയെയും സുരേഷ്‌ഗോപി ഹൈക്കോടതിയെയുമാണ് സമീപിച്ചിരുന്നത്. ഫഹദിന്റെ കേസില്‍ വാദം പൂര്‍ത്തിയായി ഇന്ന് വിധി പറയും.
ഫഹദ് ഫാസിലിന്റെയും അമലാ പോളിന്റെയും വാഹന രജിസ്‌ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫഹദ് നല്‍കിയ വിലാസത്തില്‍ അഞ്ചുപേരും അമലപോള്‍ നല്‍കിയ വിലാസത്തില്‍ മറ്റൊരാളും വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. സുരേഷ്‌ഗോപി വ്യാജവിലാസം ഉപയോഗിച്ച് രണ്ട് ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തായിരുന്നു.
Post Your Comments