തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ എസ്.എൻ.സി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ ആരോപണവുമായി സി.ബി.ഐ. ലാവ്‌ലിൻ കരാറുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. കേസിൽ പിണറായി വിജയൻ അടക്കമുള്ള പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്.
കേസിൽ പിണറായി ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് കടുത്ത ആരോപണങ്ങളുള്ളത്. പിണറായിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് കേസിന്റെ വിചാരണയെ സാരമായി ബാധിക്കും. അതിനാൽ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.
ഇടപാടിൽ പിണറായി വിജയന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ കെ.ജി. രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതിൽ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിൻ കേസ്. എന്നാൽ, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
Post Your Comments