കൊച്ചി : മാസവരുമാനത്തിന്റെ അല്ലെങ്കില്‍ ശമ്പളത്തിന്റെ 60-70 ഇരട്ടിവരെ തുക പഴ്സണല്‍ ലോണില്‍ ലഭിക്കും. എന്നാല്‍ നിലവില്‍ നിങ്ങള്‍ക്കു മറ്റു വായ്പകളോ കടബാധ്യതയോ ഉണ്ടെങ്കില്‍ അത്രയും തുക ലഭിക്കില്ല. നിലവിലുള്ള വായ്പയുടെ പ്രതിമാസ തവണകള്‍ നിങ്ങളുടെ അറ്റമാസ വരുമാനത്തില്‍നിന്നു കുറയ്ക്കും. ഇങ്ങനെ കിട്ടുന്ന മാസവരുമാനത്തിന്റെ നിശ്ചിത ഇരട്ടി തുക വായ്പ ലഭിക്കും.
ഇനി അറ്റ ശമ്പളം കണക്കാക്കുമ്പോള്‍ അതില്‍ പ്രതിമാസ ലീവ്- ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങിയവ ഒഴിവാക്കും. പ്രോവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, ടി.ഡിഎസ് പിടിത്തം എന്നിവയും ഒഴിവാക്കും. ഇത്തരത്തില്‍ കിഴിവുകളെല്ലാം ഒഴിവാക്കിയുള്ള അറ്റ ശമ്പളമാണ് പരിഗണിക്കുക. പ്രതിമാസ ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ പ്രതിമാസ തവണ വരുന്ന രീതിയില്‍ വായ്പ തരില്ല. ഇക്കാര്യത്തിനു പുതുതായി എടുക്കുന്ന വായ്പാ ഇഎംഐ മാത്രമല്ല, നിലവിലുള്ള വായ്പകളുടെ ഇഎംഐയും പരിഗണിക്കും.
അര്‍ഹത കൂട്ടാനുള്ള വഴികള്‍
വായ്പത്തുക വര്‍ധിപ്പിക്കാന്‍ ചില വഴികള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. കാലാവധി കൂടുതല്‍ വര്‍ഷത്തേക്കു തിരഞ്ഞെടുക്കുക എന്നതാണ് അതിലൊന്ന്. പക്ഷേ, കാലാവധി കൂടുംതോറും പലിശബാധ്യതയും കൂടും. അധിക പലിശഭാരം വഹിക്കാന്‍ തയാറാണെങ്കില്‍ ഉയര്‍ന്ന കാലാവധിയില്‍ വായ്പ എടുക്കാം. നിങ്ങളുടെ അറ്റശമ്പളം ആഗ്രഹിക്കുന്ന തുക ലഭിക്കാന്‍ അപര്യാപ്തമാണ് എങ്കില്‍ സ്ഥിരവരുമാനമുള്ള ഭാര്യ, മാതാപിതാക്കള്‍ എന്നിവരില്‍ആരെങ്കിലുമായി ചേര്‍ന്ന് വായ്പയ്ക്കു സംയുക്തമായി അപേക്ഷ നല്‍കുകയാണെങ്കിലും കൂടുതല്‍ തുക ലഭിക്കും.
പുതിയ വായ്പ എടുക്കുന്നതിന് അപേക്ഷിക്കും മുന്‍പു നിലവിലുള്ള വായ്പ അടച്ചുതീര്‍ക്കാന്‍ പറ്റുമോ എന്നു നോക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ മാസവരുമാനത്തില്‍നിന്നു നിലവിലുള്ള വായ്പാ ഇഎംഐ കുറയ്ക്കുന്നതും അതിലൂടെ മാസവരുമാനം കുറയുന്നതും ഒഴിവാക്കാം.
തനിക്കു വരുന്ന മാസച്ചെലവ് കമ്പനി വഹിക്കുന്നു എന്നു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ കൈയില്‍നിന്ന് അത്രയും തുക ചെലവാകില്ലെന്ന വിലയിരുത്തലില്‍ നിങ്ങളുടെ ക്രയശേഷി ഉയര്‍ന്ന നിലയിലുള്ളതായി കണക്കാക്കുകയും കൂടുതല്‍ തുക വായ്പയായി അനുവദിക്കുകയും ചെയ്യും.
Post Your Comments