ലോക രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ മുന്നേറുന്ന ഒരു ഭരണമാണ് നരേന്ദ്ര മോദി ഗവണ്മെന്റിന്റെ കീഴില്‍ നമ്മള് കാണുന്നത്. എന്നാല്‍ എതിര്‍ശബ്ദങ്ങള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. അത് സ്വാഭാവികം. ഒരാള്‍ ചെയ്യുന്നത് ജനപ്രിയകരമാണെങ്കിലും അയാള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അംഗീകരിക്കാന്‍ പലര്‍ക്കും താത്പര്യമില്ല. അത്തരം ഒരു അസൂയയാണ് ഇപ്പോള്‍ ജിഗ്നേഷ് മേവാനിയുടെ വാക്കുകളിലും കാണുന്നത്.
വഡഗാമില്‍ നിന്നും ഗുജറാത്ത് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട് ദിവസങ്ങള്‍ മാത്രം കഴിയുംമുന്പേ മോദിയ്ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങുകയാണ് മോവാനി. മോദിയുടെ അവസ്ഥ ശോചനീയമാണ്. അപ്രസക്തനും ഉള്ളടക്കമില്ലാത്തവനുമാണ് മോദിയെന്നു മോവാനി ഒരു ചാനലിനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. കൂടാതെ മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയമായെന്നും ജിഗ്നേഷ് ആരോപിച്ചു. ഇതില്‍ ഒരു കാര്യം തപസ്സിനു പോകാന്‍ പ്രത്യേക പ്രായമുണ്ടോ? അധികാരത്തില്‍ യുവത്വങ്ങള്‍ മാത്രം മതിയെന്ന ചിന്തയാണ് മേവാനിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. എന്നാല്‍ ഈ യുവത്വങ്ങള്‍ എന്താണ് ഇതുവരെ ചെയ്തിട്ടുള്ളത്. അധികാരത്തിന്റെ അപ്പകഷണങ്ങള്‍ കിട്ടുന്നതുവരെ സ്നേഹാമൃതം ഊട്ടുകയും സ്ഥാനാരോഹണം നടന്നു കഴിഞ്ഞാല്‍ പിന്നെ ജനങ്ങളെ തിരിഞ്ഞു നോക്കാതെ തന്റെയും കുടുംബ തലമുറകളുടെയും വളര്‍ച്ചയ്ക്കായി വടംവലി നടത്തുകയുമല്ലേ ഇവരില്‍ പലരും ചെയ്യുന്നത്. വിരലില്‍ എണ്ണാവുന്ന ചിലര്‍ ഇതിനു അപവാദമായി ഉണ്ടാകും എന്ന്മാത്രം.
മഹാഭാരത യുദ്ധ ശേഷം പാണ്ഡവര്‍ ഹിമാലയത്തിലെയ്ക്ക് പോയത് പോലെ മോഡിയും ഹിമാലയത്തിലേയ്ക്ക് പോകണമെന്നാണ് ജിഗ്നേഷ് പറയുന്നത്. എന്നാല്‍ അതിന്റെ ആവശ്യമുണ്ടോ? രാഷ്ട്രീയപരമായും അല്ലാതെയും തന്റെ കഴിവുകള്‍ തെളിയിച്ചാണ് മോദി പ്രധാനമന്ത്രി കസേരയില്‍ എത്തിയത്. ഗുജറാത്തിന്റെ മണ്ണില്‍ നിന്ന് വാരാണസി വഴി മോദി ഇന്ദ്രപ്രസ്ഥത്തിലേക്കെത്തി. അസംഭവ്യം എന്ന് ജെഎന്‍യു ബുദ്ധിജീവികള്‍ കട്ടായംകെട്ടിയത് സംഭവിച്ചു. മോദി ജയിച്ചാല്‍ രാജ്യം വിടുമെന്ന് വീമ്പിളക്കിയവര്‍ തലയില്‍ മുണ്ടിട്ട് ഇവിടെത്തന്നെ കഴിഞ്ഞുകൂടുന്നു. ഇതൊന്നും മേവാനി കാണുന്നില്ലേ. കാലം കാത്തുവച്ച കാവ്യനീതി എന്ന പേരില്‍ ട്രോളുകാര്‍ ആഘോഷിച്ചതാണ് മോദിയ്ക്കൊപ്പം ദേവഗൌഡ ഇരിക്കുന്ന ചിത്രം. മോദി പ്രധാനമന്ത്രി ആയാല്‍ താന്‍ ഈ രാജ്യം വിടുമെന്ന് വീമ്പടിച്ച വ്യക്തിയാണ് ദേവഗൌഡയും അനന്തമൂര്‍ത്തിയും എല്ലാം. എന്നിട്ട് എന്തു സംഭവിച്ചു?
ജന്മനാ ഊര്‍ജ്ജം ഉള്ള, ഒരു പോസിറ്റിവ് ചിന്താഗതി പിന്തുടരുന്ന വ്യക്തിയാണ് മോദി. രാജ്യത്തിന് വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന, ഇത്രയും ശക്തനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടുണ്ടോ? പടിപടിയായുള്ള വികസനത്തിലൂടെയും കാരുണ്യ സ്നേഹഭാവങ്ങളോടെയും പ്രവര്‍ത്തിക്കുന്ന ഒരാള്‍. രാജ്യത്തിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒരു പോലെ കൂടെ നില്ക്കുന്ന വ്യക്തിത്വം. ആര്‍ജ്ജവത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങളെ ട്രോളുകള്‍ ആക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ഒന്ന് ശ്രദ്ധിക്കൂ. കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനം മോദി നടത്തിയിരുന്നു. ഗുജറാത്ത് ഇലക്ഷനിലെ വിജയഘോഷങ്ങളില്‍ വൈകുന്നേരം പങ്കെടുത്ത മോദി രാത്രിയില്‍ മംഗലാപുരത്ത് എത്തി. രാവിലെ ലക്ഷദ്വീപിലെ കുട്ടികള്‍ക്കൊപ്പം ചിലവിടുകയും ഉച്ചയ്ക്ക് കേരളത്തിലെ ഓഖി ബാധിതര്ക്കൊപ്പവും വൈകുന്നേരം തമിഴ് നാട്ടിലെ ഓഖി ബാധിതരെ സന്ദര്‍ശിക്കുകയും ചെയ്ത ശേഷം രാത്രിയില്‍ പ്രധാനമന്ത്രി ഓഫീസില്‍ തന്റെ പ്രവര്‍ത്തങ്ങളില്‍ മുഴുകുകയും ചെയ്തു. ഇത്രയും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയെയാണ് വളരെ നിന്ദ്യമായ ഭാഷയില്‍ മേവാനി അധിക്ഷേപിച്ചത്.
രാജ്യത്തിന് വേണ്ടി തന്റെ ജിവിതം തന്നെ ഉഴിഞ്ഞു വച്ച വ്യക്തിയാണ് മോദി. ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുകയും ദിവസേന യോഗയും ചിട്ടയായ ആഹാര ശീലങ്ങളും പാലിക്കുന്ന ഒരു വ്യക്തി കൂടിയാണ് മോദി. പൗരുഷത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് ബ്രഹ്മചര്യം. ഗാര്‍ഹസ്ഥ്യം-ബ്രഹ്മചര്യം എന്ന ദ്വന്ദ്വത്തില്‍ പൗരുഷത്തെ സംരക്ഷിച്ചുനിര്‍ത്തുന്നു എന്നതാണു ബ്രഹ്മചര്യത്തെ വ്യത്യസ്തമാക്കുന്നത്. ഗൃഹസ്ഥരായ പുരുഷന് ബീജം നഷ്ടപ്പെടുത്തിക്കൊണ്ട് പുരുഷത്വം തന്നെയാണു നഷ്ടപ്പെടുത്തുന്നത്. എന്നാല്‍ ഒരാള്‍ അയാളുടെതന്നെ ശരീരത്തിനു മുകളില്‍ നടത്തുന്ന ആധിപത്യമാണു ബ്രഹ്മചര്യം. ഇതു പുറത്തുനിന്നുള്ള കൊളോണിയലിസം, സെക്കുലറിസം, ആധുനികത തുടങ്ങി എല്ലാ ശക്തികളെയും പ്രതിരോധിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നു. അതുകൊണ്ടുതന്നെയാണു പുരുഷന്റെ ബ്രഹ്മചര്യവും ദേശീയതയും തമ്മില്‍ ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്നത്. ഒറ്റവാക്കില്‍ ബ്രഹ്മചര്യം ലൈംഗികകാമനകളുടെ അടിച്ചമര്‍ത്തലല്ല, ലൈംഗിക ഊര്‍ജത്തെ ദേശീയതയ്ക്കുവേണ്ടി പരിവര്ത്തിപ്പിക്കലാണ്. ശരീരത്തിനു മുകളിലുള്ള സ്വയം നിയന്ത്രണം സ്വകാര്യ പൊതുജീവിതത്തില്‍ ശക്തിപകരും അതിന്റെ തെളിവാണ് മോദി.
ഇത്രയും ശക്തമായ രീതിയില്‍ രാജ്യത്തെ തന്റെ കഴിവുകള്‍ കൊണ്ട് മുന്നോട്ട് നയിക്കുന്ന മോദിയുടെ ചിലകാര്യങ്ങളില്‍ എതിര്‍പ്പ് ഉണ്ടാകുക സ്വാഭാവികം. പക്ഷെ നല്ലത് ചെയ്തിട്ടും അംഗീകരിക്കാന്‍ കഴിയാതെ പ്രായത്തെ അധിക്ഷേപിക്കുന്നതിലൂടെ മേവാനി ലക്ഷ്യമിടുന്നത് എന്താണ്?. ചോരത്തിളപ്പില്‍ വിപ്ലവം ഉണരുകയും ഒടുവില്‍ സന്യാസം ജീവിത വ്രതമാക്കുകയും ചെയ്ത നക്സലിസ്റ്റുകളുടെ നാടാണ് നമ്മുടെത്. ഇത് മേവാനിയ്ക്ക് അറിഞ്ഞു കൂടെന്നു തോന്നു. ചങ്കുറപ്പ് കൊണ്ട് തന്റെ നിയന്ത്രണത്തില്‍ ഒരു രാജ്യത്തെ മുഴുവന്‍ കൊണ്ടുവരാനും മോദി തരംഗമെന്ന ഒരു പ്രചാരണം ശക്തിപ്പെടാനും കാരണമായത് എന്താണെന്ന് ചിന്തിച്ചു നോക്കുന്നത് നല്ലതായിരിക്കും. വിജയം കൊയ്ത് അധികാരത്തില്‍ നില്ക്കുന്നവര് അല്ല തപസ്സിനു പോകേണ്ടത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയും മണ്ണിന്റെ സുഖം അറിയാതെ സ്വന്തം രാജ്യത്തെ പോലും ഒറ്റുകയും അധികാരത്തിനു വേണ്ടി വടം വലി നടത്തുകയും നാടിനും രാജ്യത്തിനും വേണ്ടി ഒന്നും ചെയ്താതെ നില്ക്കുന്ന അധികാര കൊതിയന്മാരോട് ഹിമാലയത്തില്‍ പോകാന്‍ പറയാന്‍ മേവാനിക്ക് ഭയമാണോ?. ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരത്തിലുള്ള എത്രയോ പേര് ഉണ്ട്. എന്തെ ഇവരെ ആരെയും ജിഗ്നേഷ് മേവാനി കണ്ടില്ലേ. വിമര്‍ശനം ഉന്നയിച്ചു ചുളുവില്‍ പ്രശസ്തി നിലനിര്‍ത്താനുള്ള ചാണക്യ തന്ത്രമാണ് മേവാനി കാണിക്കുന്നത്. യുവത്വത്തിന്റെ തീപ്പൊരി എന്നും പ്രകാശമെന്നും കരുതി കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികള്‍.
അനില്‍കുമാര്‍
Post Your Comments