തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ പറഞ്ഞു. ഡി.ജി.പി. ജേക്കബ് തോമസിനെ ഐ.എം.ജി. ഡയറക്ടർ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലൂടെ അഴിമതിക്കാർക്ക് ഒപ്പമാണ് തങ്ങളെന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രഖ്യാപിച്ചെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരാണെന്ന പ്രതിച്ഛായ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്തയാൾ എന്ന നിലയിലാണ് ജേക്കബ് തോമസിനെ ഇടത് സർക്കാർ വിജിലൻസ് ഡയറക്ടറാക്കിയത്.
ഇപ്പോൾ ആ നിലപാടിന്റെ പേരിൽ തന്നെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കിയത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അഴിമതിക്കെതിരായ നിലപാടെടുത്തപ്പോഴും ആക്ഷേപവും തരംതാഴ്‌ത്തലുമാണ് ജേക്കബ് തോമസിന് നേരിടേണ്ടി വന്നത്. അന്നത്തെ സർക്കാരിന്റെ നടപടികളെ സി.പി.എമ്മും എൽ.ഡി.എഫും രൂക്ഷമായാണ് വിമർശിച്ചത്. അങ്ങനെയുള്ള ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോഴും സമാന സ്ഥിതിയാണ്. അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരെ യു.ഡി.എഫിനെ പോലെ തന്നെ കേരളത്തിലെ എൽ.ഡി.എഫും ഭയപ്പെടുകയാണെന്നും മുരളീധരൻ പറഞ്ഞു.
Post Your Comments