റയല്‍ മഡ്രിഡിന്റെ മറ്റൊരു താരം കൂടി നികുതി വെട്ടിപ്പ് വിവാദത്തില്‍. ഇത്തവണ ലുക്കാ മോഡ്രിച്ചിനാണ് അധികൃതരുടെ പിടി വീണിരിക്കുന്നത്. ക്രൊയേഷ്യന്‍ താരം 2013-2014 വര്‍ഷങ്ങളിലായി എട്ടു ലക്ഷം യൂറോ നികുതിപ്പണം വെട്ടിച്ചെന്നാണ് കേസ്. മോഡ്രിച്ചിന്റെ ഭാര്യക്കെതിരെയും നികുതി വെട്ടിപ്പിനു കേസ് എടുത്തിട്ടുണ്ട്.
അഞ്ചു വര്‍ഷം മുന്‍പാണ് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍സിന്റെ മിഡ് ഫീല്‍ഡറായ മോഡ്രിച്ച് റയല്‍ മഡ്രിഡില്‍ എത്തുന്നത്. നികുതി വെട്ടിച്ചതിന്റെ പേരില്‍ സഹതാരം മാഴ്‌സെല്ലോ പിഴയൊടുക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് 32 കാരനായ ക്രൊയേഷ്യന്‍ ക്യാപ്റ്റനെതിരെ കേസ് എടുത്തത്.
നികുതി വെട്ടിപ്പ് വിവാദത്തില്‍ കുടുങ്ങുന്ന ആദ്യ താരമല്ല മോഡ്രിച്ച്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ താരം ലയണല്‍ മെസിയും പിതാവും നികുതി വെട്ടിപ്പ് കേസില്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. മെസിക്ക് പുറമെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡി മരിയ, ഫാല്‍ക്കാവോ എന്നിവരും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ ഹോസെ മൗറീഞ്ഞ്യോയും നികുതി വെട്ടിപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2011-14 കാലയളവില്‍ ഇമേജ് അവകാശം വഴി ലഭിച്ച തുകയില്‍ 17.3 ദശലക്ഷം യുഎസ് ഡോളറോളം നികുതി വെട്ടിപ്പ് നടത്തിയെന്നാണ് റൊണാള്‍ഡോയ്‌ക്കെതിരെയുള്ള കേസ്. എന്നാല്‍ ഈ ആരോപണം റൊണാള്‍ഡോ നിഷേധിച്ചിരുന്നു.
Post Your Comments