ദുബായ് : വിദേശത്തു ചേക്കേറുന്നവരില്‍ മുന്‍പില്‍ ഇന്ത്യക്കാരെന്ന് യുഎന്നിന്റെ പുതിയ കണക്ക്. 17 ദശലക്ഷം ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത്. ഇതില്‍ അഞ്ചു ദശലക്ഷവും ഗള്‍ഫ് മേഖലയില്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎഇയില്‍ മാത്രം മൂന്നു ദശലക്ഷം ഇന്ത്യക്കാരുണ്ട്. സൗദിയില്‍ രണ്ടു ദശലക്ഷത്തോളം ഇന്ത്യാക്കാരുണ്ട്. യുഎസില്‍ രണ്ടു ദശലക്ഷം ഇന്ത്യക്കാരാണുള്ളതെന്നും കണക്കുകള്‍ പറയുന്നു.
മെക്‌സിക്കോ, റഷ്യ, ചൈന, ബംഗ്ലദേശ്, സിറിയ, പാക്കിസ്ഥാന്‍, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളാണ് കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇന്ത്യക്കു തൊട്ടുപിന്നില്‍. ആറു മുതല്‍ 11 ദശലക്ഷം വരെയാണ് ഇവരുടെ കണക്കുകളെന്ന് 2017ലെ യുഎന്നിന്റെ രാജ്യാന്തര കുടിയേറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കു തൊട്ടുപിന്നില്‍ 13 ദശലക്ഷം പേര്‍ വിദേശത്തുള്ള മെക്‌സിക്കോ ആണ്. ദശലക്ഷക്കണക്കെടുത്താല്‍ റഷ്യ-11, ചൈന-10, ബംഗ്ലാദേശ്-7 , സിറിയ-7, പാക്കിസ്ഥാന്‍-6, യുക്രെയന്‍-6 എന്നിങ്ങനെയാണിത്.
ലോകത്ത് മാതൃരാജ്യം വിട്ട് മറ്റു ഇതരരാജ്യങ്ങളില്‍ ചേക്കേറിയവരുടെ എണ്ണം 258 ദശലക്ഷമാണ്. 2000ന് ശേഷം ഏതാണ്ട് 49 % വര്‍ധന. 2030 ല്‍ ലക്ഷ്യമിടുന്ന സുസ്ഥിര വികസനത്തിന്റെ വലിയ വെല്ലുവിളികളില്‍ ഒന്നാണ് കുടിയേറ്റമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രാജ്യാന്തര കുടിയേറ്റം ചില രാജ്യങ്ങളുടെ ജനസംഖ്യയില്‍ വര്‍ധനയുണ്ടാക്കുന്നു. ചില രാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടിയുമാണ്. 2000-2015 കാലയളവില്‍ വടക്കേ അമേരിക്കയില്‍ ജനസംഖ്യയില്‍ 42 % വര്‍ധനയാണ് ഉണ്ടായത്. ഓഷ്യാന മേഖലയില്‍ 31 % വര്‍ധനയുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments