ലണ്ടൻ: രണ്ടാഴ്ച മുൻപു കമ്മിഷൻ ചെയ്ത യുദ്ധക്കപ്പലിനു ചോർച്ച. ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ എച്ച്എംഎസ് ക്വീൻ എലിസബത്തിലാണ് ചോർച്ചയുണ്ടായത്. പ്രതിരോധമന്ത്രാലയം 27,000 കോടി രൂപയോളം ചിലവിട്ടു നിർമിച്ച കപ്പലിന് അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയിച്ചു. ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനിക കപ്പലായിട്ടാണ് 65,000 ടൺ ഭാരമുള്ള കപ്പൽ വിലയിരുത്തപ്പെടുന്നത്.
എലിസബത്ത് രാജ്ഞിയാണ് ഈമാസം ഏഴിന് കപ്പൽ കമ്മിഷന് ചെയ്തത്. ചോർച്ച കണ്ടെത്തിയത് കടലിൽകൂടി പരിശീലനം നടത്തിയപ്പോഴാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അറ്റകുറ്റപ്പണി വേണമെന്നു കണ്ടെത്തിയത് പോർട്സ്മൗത്തിൽ വച്ചാണെന്ന് റോയൽ നേവി അറിയിച്ചു. എന്നാൽ തുടർ പരിശീലനവും കപ്പലോട്ടവും തടയാൻ തക്ക ശക്തമല്ല ചോർച്ചയെന്നും അവർ വ്യക്തമാക്കി.
മണിക്കൂറിൽ 200 ലീറ്റർ വെള്ളമാണ് 920 അടിയുള്ള കപ്പലിൽ ചോർച്ച കാരണം പ്രവേശിക്കുന്നതെന്നും ഇത് അടയ്ക്കാൻ കോടികൾ ആവശ്യമായി വരുമെന്നും ‘സൺ’ ദിനപത്രം റിപ്പോർട്ടു ചെയ്യുന്നു. കപ്പൽ എട്ടു വർഷം കൊണ്ടാണ് പണിതീർത്തത്. നിർമാതാക്കൾ കപ്പൽ നേവിക്കു കൈമാറിയപ്പോൾ തന്നെ പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ അത് അവർ കാര്യമാക്കിയിരുന്നില്ലെന്നും സൺ റിപ്പോർട്ടു ചെയ്യുന്നു.
Post Your Comments