പത്തനംതിട്ട: മകനു സമ്മാനമായി നല്കിയ മൊബൈല്‍ ഫോണ്‍ അമ്മയെ വഴിയാധാരമാക്കി. പ്ലസ്ടു പാസായതിനെ തുടർന്നാണ് മകന് മൊബൈൽ ഫോൺ സമ്മാനിച്ചത്. തുടർന്ന് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഹോം നഴ്സിനൊപ്പം മകൻ ഒളിചോടി. പക്ഷെ പതിനേഴുകാരന് ഒടുവില്‍ ചതിയില്‍ കുടുങ്ങി. ഇതോടെയാണ് നിര്‍ധന കുടുംബത്തിനു കിടപ്പാടം പോലും നഷ്ടപ്പെടുത്തേണ്ടിവന്നത്. തനിക്കുണ്ടായ ദുരനുഭവം പത്തനംതിട്ട കലക്ടറേറ്റില്‍ ഇന്നലെ വനിതാ കമ്മിഷനു മുന്നിലാണു അമ്മ വെളിപ്പെടുത്തിയത്.
ബൈക്ക് വേണമെന്നായിരുന്നു പ്ലസ്ടു പാസായപ്പോള്‍ മകന്റെ ആവശ്യം. എന്നാൽ രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് അതിനു സാധിക്കുമായിരുന്നില്ല. അതുകൊണ്ട് സമ്മാനമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു. “സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഹോം നഴ്സുമായി മകന് ചങ്ങാത്തത്തിലാകുകയും. 42 വയസുള്ള ഹോം നഴ്സ് മകന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിക്കുകയും ചെയ്തുവെന്ന് കമ്മിഷനു മുമ്പാകെ അവർ പറയുന്നു.
തുടര്‍ന്ന് പതിനേഴു വയസുകാരനുമായി നാട്ടിലെത്തിയ ഈ സ്ത്രീ ബംഗളുരുവിലേക്കു കടന്നു. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ആറു മാസം മകന് ഹോംനഴ്സിനൊപ്പം താമസിച്ചു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിയതോടെ ഹോം നഴ്സ് തുക തിരികെ ആവശ്യപ്പെട്ടു. തുക നല്കാന് കഴിയാതെ വന്നതോടെ മകന് തിരികെ വീട്ടിലെത്തി. തുടർന്ന് 43,000 രൂപ മടക്കി നല്‍കുന്നില്ലെന്നു കാണിച്ചു ക്ഷുഭിതയായ സ്ത്രീ കോടതിയില്‍ ക്രിമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ ഹോം നഴ്സിന്റെ പരാതിയെത്തുടര്‍ന്നു 18 വയസ് പൂര്‍ത്തിയായ മകന് ജയിലിലുമായി.
അതോടെ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകനു വിദേശത്ത് ജോലി തരപ്പെടുത്തി. വിദേശത്ത് ജോലി ലഭിച്ചതോടെ 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്ന ആവശ്യമായി ഹോം നഴ്സ് വീണ്ടും മുന്നോട്ടുവന്നു.” ഇന്നലെ വനിതാ കമ്മിഷനു മുമ്പാകെ പണം ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു ഹോം നഴ്സും എത്തിയിരുന്നു.
എന്നാൽ കമ്മിഷന് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍ കേസില്‍പെടുത്തുകയും ചെയ്ത നടപടി അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്നു വിലയിരുത്തി.
തുക മടക്കി നല്‍കണമെന്ന ആവശ്യത്തിന്മേല് ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കമ്മിഷന് അറിയിച്ചു.
Post Your Comments