ആലപ്പുഴ: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു. ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങള്‍ നാലുമാസമായി കൊടുക്കുന്നില്ല. ലോട്ടറിയില്‍നിന്നുള്ള വരുമാനംവരെ സര്‍ക്കാര്‍ വകമാറ്റി ചെലവാക്കുന്നതായാണ് സൂചന.
96 ലക്ഷം ടിക്കറ്റുകളാണ് ഓരോ നറുക്കെടുപ്പിനും സര്‍ക്കാര്‍ അച്ചടിക്കുന്നത്. ടിക്കറ്റിന്റെ വില 30 രൂപയായി കുറച്ചശേഷം ഭാഗ്യക്കുറിയുടെ വില്‍പ്പന കുത്തനെ കൂടി. നേരത്തേ ബാങ്കില്‍ അടച്ചിരുന്ന ഭാഗ്യക്കുറി പണം ഇപ്പോള്‍ പൂര്‍ണമായും ട്രഷറിയിലാണ് അടയ്ക്കുന്നത്.
കഴിഞ്ഞ ആറുമാസത്തെ കണക്ക് പരിശോധിച്ചാല്‍ ഒരുദിവസം ഏകദേശം 25 കോടിയിലേറെ രൂപയാണ് ഭാഗ്യക്കുറി വകയില്‍ ട്രഷറിയിലെത്തുന്നത്. ഇങ്ങനെ ആഴ്ചയില്‍ 175 കോടിയിലധികം ട്രഷറിയില്‍ എത്തും. സമ്മാനങ്ങളും ഏജന്റ് കമ്മിഷനും കഴിച്ചാലും ആഴ്ചയില്‍ കുറഞ്ഞത് 75 കോടിയെങ്കിലും സര്‍ക്കാറിന് വരുമാനമുണ്ട്. ഇത്രയും തുക ലഭിക്കുന്‌പോഴാണ് സമ്മാനത്തുക വിതരണം ചെയ്യാന്‍ മാസങ്ങള്‍ എടുക്കുന്നത്. ബംപര്‍ നറുക്കെടുപ്പിന്റെ വരുമാനം വേറെ എത്തുന്നുണ്ട്. ഓണം ബംപറിനുമാത്രം സകല ചെലവും കഴിഞ്ഞ് സര്‍ക്കാരിന് ലാഭം കിട്ടിയത് 57 കോടിയായിരുന്നു. ഇപ്പോള്‍ ആറുകോടിയുടെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ഭാഗ്യക്കുറി വില്‍പ്പനയിലുമാണ്.
സാധാരണഗതിയില്‍ ഒന്നാംസമ്മാനത്തിന്റെ തുക ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കൊടുക്കേണ്ടതാണ്. പാന്‍കാര്‍ഡ് അടക്കം എല്ലാ രേഖകളും കൃത്യമായി നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ത്തന്നെ സമ്മാനം ലഭിക്കുമായിരുന്നു. ഇപ്പോള്‍ മൂന്നുമുതല്‍ അഞ്ചുമാസംവരെ കഴിഞ്ഞേ പണം ലഭിക്കുന്നുള്ളൂ. ഭാഗ്യക്കുറിയുടെ വിശ്വാസ്യതയെ ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്.
Post Your Comments