LalisamLife History

“അഭിനയം ഇല്ലാത്ത ലോകത്ത് ഞാൻ ഏറ്റവും അധികം സന്തോഷവാനായിരിക്കും”, മോഹൻലാൽ

അഭിനയം ഇല്ലാത്ത ലോകത്ത് താന്‍ സന്തോഷവാനായിരിക്കുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത് . ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ 37 വര്‍ഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് പറയുമ്പോഴാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

ഒാരോ സിനിമയും പൂര്‍ത്തിയായികഴിയുമ്പോള്‍ പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാല്‍ തുടരെത്തുടരെയുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ കാരണം അതിന് സാധിക്കാറില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു. യാത്ര ചെയ്യാനും പുസ്തകം വായിക്കാനുമാണ് തനിക്ക് ഏറെ താത്പര്യമെന്ന് തുറന്നു പറഞ്ഞ അദ്ദേഹം അഭിനയമില്ലാത്ത ലോകത്ത് ഞാന്‍ പൂര്‍ണമായും സന്തോഷവാനായിരിക്കുമെന്നും ഇപ്പോള്‍ അതിന് ശ്രമിച്ചു കൊണ്ടിരിക്കുകായാണെന്നും പറയുന്നു. ഇതുവരെ ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയില്‍ കഥാപാത്രങ്ങളുടെ ആവര്‍ത്തനം അത് സ്വാഭാവികമായും സംഭവിക്കും. അതില്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളിൽ ഗോൾ പോസ്റ്റിലേക്ക് ബോള്‍ അടിച്ചു കയറ്റുന്നതല്ലാതെ അതില്‍ വേറെ പുതുമ കൊണ്ടു വരാന്‍ സാധിക്കില്ല. 37 വര്‍ഷമായി ഒരേ ആളാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കറിയാം ഒപ്പമെന്ന ചിത്രത്തിലെ ജയരാമനെ പോലെ അന്ധനോ, പുലിമുരുകനെ പോലെ അമാനുഷിക ശക്തിയുള്ള ആളോ അല്ല ഞാന്‍. എന്നിട്ടും ജനങ്ങള്‍ എന്റെ കഥാപാത്രത്തെ അംഗീകരിക്കുന്നു. ജനങ്ങളുടെ ഈ അംഗീകാരമാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണ. അതില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലും ജോലി നോക്കി പോയേനെയെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിനിമ പോലും ആരാധകരെ മാത്രം മനസ്സില്‍ കണ്ട് ചെയ്യാറില്ലെന്നും അത് എഴുത്തുകാരുടെയും സംവിധായകന്റെയും സ്വാതന്ത്രമാണെന്നും പറഞ്ഞ മോഹന്‍ലാല്‍ മീശപിരിയ്ക്കുന്നതും പോ മോനെ ദിനേശാ എന്ന് പറയുന്നതുമൊക്കെ ആരാധകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്താന്‍ ആരോടും പറയാറില്ലെന്നും കൂട്ടിച്ചേര്‍ത്തു. അത്തരം അന്ധമായ ആരാധനയൊക്കെ മലയാള സിനിമയില്‍ കഴിഞ്ഞുപോയെന്നു അഭിപ്രായപ്പെട്ട അദ്ദേഹം എന്നാല്‍ തമിഴില്‍ അങ്ങനെയല്ലന്നും അവിടെ വിജയുടെ ഇന്‍ട്രോയില്‍ ഒരു ഡാന്‍സും പാട്ടും നിര്‍ബന്ധമാണെന്നും അതില്ലെങ്കില്‍ ആരാധകര്‍ക്ക് നിരാശയാണെന്നും പറഞ്ഞു. മലയാളത്തില്‍ ആ അവസ്ഥയില്ല. ആരാധകര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നത് വിജയിക്കില്ല എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാത്തരം പ്രേക്ഷകര്‍ക്കുമുള്ളതാണ് സിനിമ. നമ്മള്‍ എല്ലാം ആരാധകര്‍ക്ക് വേണ്ടി മാത്രം ചെയ്യുകയാണെങ്കില്‍, അവര്‍ നമ്മളെ അല്ല നമ്മള്‍ അവരെ ആരാധിക്കുന്നു എന്നാണ് അര്‍ത്ഥമെന്നും മോഹന്‍ലാല്‍ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button