വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.
തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ് മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട് : പ്രണവ്, വിസ്മയ. പ്രണവ് ബാലതാരമായി ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യകാലമാണ് ആദ്യമായി പ്രണവ് അഭിനയിച്ചത്. ഇപ്പോള്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് പ്രണവ്. ജിത്തു ജോസഫ് ഒരുക്കുന്ന ആദിയാണ് പ്രണവിന്റെ ആദ്യ നായക ചിത്രം. അച്ഛനെ പോലെ മകനും സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (ചലച്ചിത്രം1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ചിത്രം, കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങി ഒപ്പം വരെയുള്ള ചിത്രങ്ങള്‍ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളാണ്. അവിടെ നിന്നും ഇങ്ങോട്ട് മലയാളത്തിന്റെ താര രാജാവായി മോഹന്‍ലാല്‍ മാറി.
അഭിനയത്തിന് പുറമേ നിര്‍മ്മതാവായും വിലസുന്ന മോഹന്‍ലാല്‍ ഒരു മാന്ത്രികന്‍ കൂടിയാണ്. പ്രശസ്ത മാന്ത്രികനായ ഗോപിനാഥ് മുതുകാട് എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടുള്ള മാജിക് അക്കാദമിയിൽ ഏകദേശം ഒരു വർഷം മാജിക് അഭ്യസിച്ചിട്ടുണ്ട്. 2008, ഏപ്രിൽ 27-ന് തിരുവനന്തപുരത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇന്റർനാഷ്ണൽ മാജിക് ഫെസ്റ്റിവലിൽ മോഹൻലാലിന്റെ ബേണിംഗ് ഇല്ല്യൂഷൻ എന്ന മാന്ത്രിക പ്രകടനം നടത്താനിരുന്നതാണ്. പ ഈ പ്രകടനത്തിനു വേണ്ടി ലാൽ മുതുകാടിന്റെ കീഴിൽ 18 മാസത്തോളം അഭ്യസിക്കുകയുണ്ടായി. ഈ പ്രകടനം വളരെ സാഹസികവും അപകടവും നിറഞ്ഞതാണെന്നുള്ളതും, പരിശീലകനായ മുതുകാടിനു തന്നെ ഒരിക്കൽ ബഹറിനിൽ വെച്ച് നടത്തിയ ഈ പ്രകടനം പരാജയമായിരുന്നുവെന്നുള്ള മജീഷ്യൻ സമ്രാട്ടിന്റെ പരാമർശവും തുടർന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഇടപെടലും മൂലം ബേണിംഗ് ഇല്ല്യൂഷൻ ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments