തന്റെ മാതൃനഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തണമെന്ന വലിയ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന താരം ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലേക്ക് തിരിക്കുമുമ്പാണ് ആഗ്രഹം പൂര്‍ത്തിയാക്കിയത്.
പുലര്‍ച്ചെ നാലരക്ക് തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാല്‍ സൈക്കിളില്‍ ചുറ്റാനിറങ്ങിയെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ വടക്കോട്ട് പോയ മോഹന്‍ലാല്‍ കോഫി ഹൗസിന് മുന്നിലെത്തി അല്‍പ്പനേരം നിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചുമണിയോടെ തിരുവനന്തപുരം നഗരം വിട്ട് കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. ഏറെ നാളായി മോഹന്‍ലാലിനുളള ആഗ്രഹമായിരുന്നു തന്റെ പഴയ നഗരത്തിലൂടെ സൈക്കിളില്‍ യാത്ര ചെയ്യണമെന്നുളളത്.
പുലര്‍ച്ച നാലര ആയതിനാല്‍ നഗരത്തില്‍ ആളനക്കവും കുറവായിരുന്നു. എന്നാലും നടക്കാൻ ഇറങ്ങിയവരും പത്രവിതരണക്കാരും ലാലേട്ടനെ കണ്ട് അത്ഭുതപ്പെട്ടു നിന്നു. താരം അവര്‍ക്കൊക്കെ ഒരു ചിരി സമ്മാനിച്ചാണ് യാത്ര തുടര്‍ന്നത്.
Post Your Comments