Latest NewsNewsIndia

ക്രിസ്ത്യന്‍ മതപുരോഹിതര്‍ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം : പുതിയ വഴിത്തിരിവിലേയ്ക്ക്

ഭോപ്പാല്‍: തന്നെ ക്രിസ്ത്യന്‍ പുരോഹിതര്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം ഉന്നയിച്ച മധ്യപ്രദേശിലെ സത്‌ന സ്വദേശി താന്‍ ബജ് രംഗ്ദള്‍ പ്രവര്‍ത്തകനാണെന്ന് തുറന്നു സമ്മതിച്ചു.തന്നെ അനധികൃതമായി മതം മാറ്റിയെന്നും അതിന് വേണ്ടി 5000 രൂപ നല്‍കിയെന്നും ആരോപിച്ച ധര്‍മേന്ദ്ര ദോഹര്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ ഇക്കാര്യം ശരിവയ്ക്കാന്‍ മടിച്ചു. സത്‌നയില്‍ മതപരിവര്‍ത്തനം ആരോപിച്ച് പുരോഹിതന്മാരുള്‍പ്പെട്ട കരോള്‍ സംഘത്തെ ആക്രമിച്ച കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്.

യഥാര്‍ഥത്തില്‍ മതം മാറിയോ എന്ന ചോദ്യത്തിന് ഇക്കാര്യം സംസാരിച്ചാല്‍ താന്‍ കുഴപ്പത്തിലാകുമെന്നായിരുന്നു ദോഹറിന്റെ മറുപടി.ക്രിസ്ത്യന്‍ പുരോഹിതരെ വീട്ടില്‍ പ്രവേശിപ്പിക്കുന്നത് ബജ്രംഗ്ദള്‍ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേ സമയം, കേസുമായി ബന്ധപ്പെട്ട് ഒരു വൈദികനെയും കാറിനു തീയിട്ട സംഭവത്തില്‍ ഒരു ബജ്‌റംഗ്്ദള്‍ പ്രവര്‍ത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. 18 വയസുള്ള വികാസ് ശുക്ലയാണ് കാറിനു തീയിട്ട സംഭവത്തില്‍ അറസ്റ്റിലായത്. മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന പേരിലാണു ഫാ. ജോര്‍ജ് മംഗലപ്പടിയെ അറസ്റ്റ് ചെയ്തത്.

1968 ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് അറസ്റ്റെന്നു സത്‌ന എസ്പി: വി.ഡി. പാണ്ഡേ അറിയിച്ചു. ഫാ. ജോര്‍ജ് ജോസഫിന്റെ പരാതി പ്രകാരമാണു ശുക്ലയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു. ഫാ. ജോര്‍ജ് മംഗലപ്പടി അടക്കം അഞ്ച് പേര്‍ക്കെതിരേ ദോഹര്‍ പരാതി നല്‍കിയെന്നായിരുന്നു പൊലീസ് നിലപാട്.

കഴിഞ്ഞ 14 ന് സത്‌ന ജില്ലയിലെ ബുംകാറില്‍ പൊലീസ് സാന്നിധ്യത്തിലായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. സത്‌ന സെന്റ് എഫ്രേംസ് തിയോളജിക്കല്‍ കോളജിലെ ഫാ. ജോര്‍ജ് മംഗലപ്പടി, സെമിനാരി വൈസ് ഡയറക്ടര്‍ ഫാ. അലക്‌സ് പണ്ടാരക്കാപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം വൈദിക വിദ്യാര്‍ത്ഥികളാണ് കരോള്‍ സംഘടിപ്പിച്ചിരുന്നത്.

പരിപാടിക്കിടെ ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസുമായി സ്ഥലത്തെത്തി, മതപരിവര്‍ത്തനമാണു നടക്കുന്നതെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് കരോള്‍ സംഘത്തിലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാ. ജോര്‍ജ് മംഗലപ്പടിയെയും അഞ്ച് വൈദികവിദ്യാര്‍ത്ഥികളെയുമാണ് അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് അവരെ വിട്ടയച്ചു. ഇന്നലെയാണു വീണ്ടും അറസ്റ്റുണ്ടായത്. അതേ സമയം, മതപരിവര്‍ത്തനം സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫാ. എം. റോണി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button