കഴക്കൂട്ടം: സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കരസേന ഉപമേധാവിക്ക് പാസിങ് ഔട്ട് പരേഡ് നല്‍കി സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ സൈനിക സ്‌കൂളിലെ 85 പ്ലസ്ടു കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കാനെത്തിയത് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ ശരത് ചന്ദായിരുന്നു. ഒപ്പം മുഖ്യാതിഥിയായി ദക്ഷിണപശ്ചിമ കമാന്‍ഡ് മേധാവി ലെഫ്. ജനറല്‍ ചെറിഷ് മാത്സനുമുണ്ടായിരുന്നു. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് എം.ഐ 17 ഹെലികോപ്റ്ററിലാണ് സേനാമേധാവികള്‍ സ്‌കൂളിലെത്തിയത്.
സമൂഹത്തിലെ സാധാരണക്കാര്‍ക്കും താഴേത്തട്ടിലുള്ളവര്‍ക്കും സൈനിക സ്‌കൂളില്‍ പഠിക്കാന്‍ പറ്റുന്ന തരത്തില്‍ ഫീസ് ഘടനയില്‍ മാറ്റം വരുത്തുമെന്ന് ലെഫ്. ജനറല്‍ ശരത്ചന്ദ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്കായി സൈനിക സ്‌കൂള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി മിസോറമില്‍ അത്തരത്തില്‍ സ്‌കൂള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും സൈനിക സ്‌കൂളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുമുഖ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം സ്‌കൂള്‍ കേഡറ്റ് ക്യാപ്റ്റന്‍ പി.പീയുഷും, മുഹമ്മദ് ഷായും പങ്കിട്ടു. മികച്ച കേഡറ്റിനുള്ള പുരസ്‌കാരം മനോജ് കുമാറിനും, കായികതാരത്തിനുള്ള പുരസ്‌കാരം വികാഷ് കുമാറിനും ലഭിച്ചു. ഉപമേധാവി ലെഫ്. ജനറല്‍ ശരത് ചന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
Post Your Comments