ന്യൂഡല്‍ഹി: ഇന്ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷബഹളം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പാകിസ്താനുമായി ചേര്‍ന്ന് തെരെഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആരോപിച്ചിരുന്നു. ഇതു ചര്‍ച്ച ചെയ്യണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു നിരസിച്ചു. ഇതോടെ രാജ്യസഭയിലെ പ്രതിപക്ഷബഹളം രൂക്ഷമായി. ഈ ആരോപണം അതീവ ഗൗരവമേറിയതാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. ബഹളം കാരണം രാജ്യസഭാ ഇന്നത്തേക്ക് പിരിഞ്ഞു.
ലോക്സഭാ ഇന്ന് അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ശേഷം പിരിഞ്ഞു. പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭയില്‍ എത്തിയ പുതിയ മന്ത്രിമാരെ ഇരു സഭകളിലും പരിചയപ്പെടുത്തി. ജെഡിയു അംഗങ്ങളായ ശരദ് യാദവ്, അന്‍വര്‍ അലി എന്നിവരെ അയോഗ്യരാക്കിയ തീരുമാനം രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു അറിയിച്ചു.
.
Post Your Comments