KeralaLatest NewsNews

ഊര്‍ജ്ജസംരക്ഷണം സേവനമല്ല സ്വാര്‍ത്ഥതയെന്ന് സബ്കളക്ടര്‍

തിരുവനന്തപുരം: ഊര്‍ജ്ജസംരക്ഷണം ഭൂമിയോടും പ്രൃകതിയോടും നാം ചെയ്യുന്ന സേവനമല്ല നാളത്തെ നമ്മുടെ നിലനില്‍പിനായുള്ള സ്വാര്‍ത്ഥമായ പ്രവൃത്തിയാണെന്ന് സബ്കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍. ഊര്‍ജ്ജസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റിലെത്തിയ ജില്ലയിലെ ഐ.ടി.ഐ കളിലെ എന്‍.സി.സി – എന്‍.എസ്.എസ് വോളന്റിയറന്‍മാരോട് സംവദിക്കുകയായിരുന്നു അവര്‍.

ഊര്‍ജ്ജം സംരക്ഷിച്ചാലേ നാളെ സ്വച്ഛമായ ഒരു ജീവിതം നമുക്ക് സാധ്യമാകൂ. ഭൂമിയോടും പ്രകൃതിയോടും ചെയ്യുന്ന ഔദാര്യമായ സേവനമായാണ് പലരും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളെ കാണുന്നത്. അത് ഇത്തരം പ്രവര്‍ത്തനങ്ങളെ യാന്ത്രികമാക്കുന്നു. മറിച്ച് അവനവന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള പ്രവൃത്തിയാണെന്ന ബോധം എല്ലാവരിലും ഉണ്ടാവുമ്പോള്‍ ഈ ദൗത്യം വിജയകരമാകും. സ്‌കൂളുകളും ഓഫീസുകളും പ്രകൃതിയോടിണങ്ങി ജീവിക്കാനാകുന്ന ഇടങ്ങളാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ജില്ലാ പഞ്ചായത്ത് ഓഫീസുകളുകളിലും നടത്തുന്ന ഊര്‍ജ്ജദിന പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ കളക്ടറേറ്റിലെത്തിയത്. എ.ഡി.എം ജോണ്‍ വി. സാമുവല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് അദ്ദേഹം ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലസ്രോതസ്സുകള്‍ ദിനംപ്രതി മലീമസമാക്കപ്പെടുന്ന ഇക്കാലത്ത് അവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം കൂടി പുതുതലമുറ ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്ന് എ.ഡി.എം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരെ നേരിട്ട് സമീപിച്ച് കുട്ടികള്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ ആവശ്യകത വിശദീകരിച്ചു. പോസ്റ്ററുകളും സ്റ്റിക്കറുകളും നല്‍കി. ഇതിന്റെ ഭാഗമായി കളക്ടറേറ്റില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനും നടത്തി.

ചാക്ക, ആര്യനാട്, ധനുവച്ചപുരം, ആറ്റിങ്ങല്‍, കഴക്കൂട്ടം ഐ.ടി.ഐ കളിലെ 35 വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളും, ഐ.ടി.ഐ അഡീഷണല്‍ ഡയറക്ടറും എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ കെ.എസ് ധര്‍മ്മരാജന്‍, അസി. സ്റ്റേറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.എസ് ഗണേശന്‍, പ്രോജക്ട് ഓഫീസര്‍മാരായ കെ. മിനി, എസ്. ഹരിലാല്‍, പ്രവീണ്‍ചന്ദ് എന്നിവരും കുട്ടികളെ അനുഗമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button