കൊച്ചി : പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയായ അമീര്‍ ഉള് ഇസ്ലാമിന്റെ അഭിഭാഷകന് ബിഎ ആളൂരിനു നേരെ പൊട്ടിത്തെറിച്ച് ജിഷയുടെ അമ്മ. മാധ്യമങ്ങളോട് ആളൂര്‍ സംസാരിക്കുന്നതിനിടെ അതുവഴി കടന്നു പോയ ജിഷയുടെ അമ്മ ആളൂരിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. എന്റെ കൊച്ചിനാണ് നീതി കിട്ടേണ്ടത് അല്ലാതെ കൊലപാതകിക്കല്ലെന്നും അവര്‍ പറഞ്ഞു. പൊലീസാണ് ഇവരെ പിന്നീട് കൂട്ടിക്കൊണ്ട് പോയത്.
ഇന്നലെ ശിക്ഷ വിധിക്കാതിരുന്നത് ആളൂരിന്റെ വാദം നീണ്ടുപോയതുകൊണ്ടാണെന്നു രാജേശ്വരി പരാതിപ്പെട്ടു. കൂടെയുള്ളവര്‍ ഏറെ പണിപ്പെട്ടാണ് ഇവരെ കോടതി വളപ്പിനു പുറത്തേക്കു കൊണ്ടുപോയത്. ജിഷക്കേസില്‍ അമീര്‍ ഉള് ഇസ്ലാമിന്റെ ശിക്ഷാകാര്യത്തില്‍ വാദപ്രതിവാദം നീണ്ടതു മണിക്കൂറുകള്‍.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന മഹത്വചനവും വധശിക്ഷ മറ്റൊരു കൊലപാതകമാണെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ വാക്കുകളും കടമെടുത്തായിരുന്നു പ്രതിഭാഗം അഭിഭാഷകനായ ബി.എ. ആളൂരിന്റെ വാദം. വിചാരണാ വേളയില്‍ പറഞ്ഞവ ആവര്‍ത്തിച്ചപ്പോഴും ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വാദത്തില്‍ വന്നപ്പോഴും കോടതി ഇടപ്പെട്ടു. വാദങ്ങള്‍ ആവര്‍ത്തിക്കേണ്ടെന്നു നിര്‍ദേശം. വാദം നീണ്ടപ്പോള്‍ ആളുകള്‍ അസ്വസ്ഥരായി തുടങ്ങി.
കോടതി ജീവനക്കാരും അഭിഭാഷകവിദ്യാര്ഥികളും കോടതിമുറിയില്‍ മാറിമാറിയെത്തി. സൗമ്യയെയും ഗോവിന്ദച്ചാമിയെയുമൊക്കെ പരാമര്‍ശിച്ച് ഒടുവില്‍ ആളൂര്‍ വാദം നിര്‍ത്തുമ്പോൾ സമയം 1.35. ഇതോടെ ജഡ്ജി വിധി മാറ്റിവയ്ക്കുകയായിരുന്നു.
Post Your Comments