KeralaLatest NewsNews

വിരമിക്കല്‍ പ്രായം 58 ആക്കണമെന്ന് ധനവകുപ്പിന്റെ ശുപാര്‍ശ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ പ്രായം 58 ആക്കണമെന്ന് ധനവകുപ്പിന്റെ ശുപാര്‍ശ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ ശുപാര്‍ശ. വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ഫയല്‍ മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു. 80 ശതമാനം പേരും 56 വയസ്സില്‍ വിരമിക്കേണ്ടവരാണെന്നും അതിനാല്‍ പ്രായപരിധി ഉയര്‍ത്തണമെന്നുമാണു വകുപ്പിന്റെ അഭിപ്രായം.

പ്രതിമാസം ശരാശരി 7000 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ് വിരമിക്കുന്നത്. കഴിഞ്ഞ മേയില്‍ 22,000 പേരാണ് വിരമിച്ചത്. 2018 മേയില്‍ ഇതു 30,000 വരെ ആകും. ഭൂരിഭാഗം ജീവനക്കാരുടെയും ജനനത്തീയതി മേയിലായതുകൊണ്ടാണിത്. ഇത്രയും പേര്‍ക്കുള്ള ആനുകൂല്യം ഒരുമിച്ചുനല്‍കിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍.

നിലവില്‍ നാല് വിഭാഗങ്ങളിലായി അഞ്ച് തരം പെന്‍ഷന്‍ പ്രായമാണുള്ളത്:

2013 ഏപ്രില്‍ ഒന്നിന് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിന് മുമ്പ് സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് വിരമിക്കല്‍ പ്രായം 56

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ ശേഷം ചേര്‍ന്നവര്‍ക്ക് വിരമിക്കല്‍ പ്രായം 60

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് വിരമിക്കല്‍ പ്രായം 58

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് വിരമിക്കല്‍ പ്രായം 60

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് വിരമിക്കല്‍ പ്രായം 62

ധനവകുപ്പ് നല്‍കിയ മറ്റു ശുപാര്‍ശകള്‍ ഇവയാണ്:

വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 58 ആക്കുമ്പോള്‍ വര്‍ധിപ്പിച്ച കാലയളവില്‍ മറ്റ് ആനുകൂല്യങ്ങള്‍ ഒഴിവാക്കി ശമ്പളം മാത്രം നല്‍കുക.
അധികമായി ലഭിക്കുന്ന രണ്ടു വര്‍ഷം സര്‍വീസിലും പെന്‍ഷനിലും പരിഗണിക്കേണ്ടതില്ല.

യുവാക്കളുടെ അവസരം നഷ്ടമാകാതിരിക്കാന്‍ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ജനറല്‍ വിഭാഗത്തില്‍ പ്രായപരിധി 36ല്‍ നിന്നു 40 ആക്കണം

സമാനരീതിയില്‍ സംവരണവിഭാഗങ്ങള്‍ക്കുള്ള പ്രായപരിധിയും വര്‍ധിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button