തൊടുപുഴ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ വെറുതേ വിട്ട കോടതി വിധിക്കെതിരേ കൗസല്യ ഹൈക്കോടതിയിലേക്ക്. ഭര്‍ത്താവ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൗസല്യയുടെ മാതാവ് അന്നലക്ഷ്മി, മാതൃസഹോദരന്‍ പാണ്ടിദുരൈ, ബന്ധുവായ പ്രസന്ന എന്നിവരെ കോടതി വെറുതേ വിട്ടതിനെതിരേയാണ് കൗസല്യ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഊട്ടി ഹുസൂരില്‍ റവന്യു ഇന്‍സ്‌പെക്ടറായ കൗസല്യ കേസില്‍ ആദ്യഘട്ടം മുതല്‍ പിതാവിനും മാതാവിനും ബന്ധുക്കള്‍ക്കുമെതിരേ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. ദളിതനായ ശങ്കറിനെ വിവാഹം കഴിക്കുന്നതിനേക്കാള്‍ ഭേദം തന്നെ കൊല്ലുന്നതാണെന്ന് അമ്മ പലതവണ പറഞ്ഞിരുന്നെന്നു വിചാരണവേളയില്‍ കൗസല്യ കോടതിയെ അറിയിച്ചിരുന്നു. ദളിത് യുവാവായ ശങ്കറുമായുള്ള പ്രണയത്തിലും പിന്നീടുള്ള വിവാഹത്തിലും ഇവര്‍ ഉറച്ചുനിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ശങ്കറിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
കൊലപാതകത്തിനു ഒരുമാസം മുമ്പ് കൗസല്യയുടെ വീട്ടുകാര്‍ ശങ്കറിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. കൗസല്യയെ തങ്ങളോടൊപ്പം അയയ്ക്കുകയാണെങ്കില്‍ ശങ്കറിനു 10 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ജീവനുള്ളിടത്തോളം കാലം ശങ്കറിനൊപ്പം ജീവിക്കുമെന്ന കൗസല്യയുടെ മറുപടി വീട്ടുകാരെ ചൊടിപ്പിച്ചു. തുടര്‍ന്നു സ്വന്തം മാതാപിതാക്കളെ കൗസല്യ മടക്കി അയച്ചു.
കൗസല്യയുടെ മാതാപിതാക്കള്‍ ശങ്കറിന്റെ വീട്ടില്‍ വീണ്ടും എത്തുകയും വീട്ടിലേക്കു മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. മടങ്ങാന്‍ വിസമ്മതിച്ച കൗസല്യയോട് ഇനി നിങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു പറഞ്ഞു.
തുടര്‍ന്നു രണ്ടു യുവാക്കള്‍ വീട്ടിലെത്തി ശങ്കറിനോടു വരാന്‍ ആവശ്യപ്പെട്ടതായും ഇതില്‍ സംശയം തോന്നി അന്നുതന്നെ പിതാവ് കുമരലിംഗം പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് പട്ടാപ്പകല്‍ നടുറോഡില്‍ കൗസല്യയുടെ മുന്നിലിട്ട് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് കൗസല്യ അന്നുതന്നെ പോലീസിനോടു വ്യക്തമാക്കിയിരുന്നു. ശങ്കറിന്റെ കൊലപാതകത്തിനുശേഷം വീട്ടിലേക്കു മടങ്ങാന്‍ വിസമ്മതിച്ച കൗസല്യ ഏറെക്കാലം എ.ഐ.ഡി.എ.ഡബ്ല്യു.എ. ഉള്‍പ്പടെയുള്ള വനിതാസംഘടനകളുടെ സംരക്ഷണയിലായിരുന്നു. ഇപ്പോള്‍ ജാതീയ വേര്‍തിരിവിനെതിരേയുള്ള പോരാട്ടത്തിലും കൗസല്യ സജീവമാണ്.
Post Your Comments