ദുബായ് : രാജ്യത്ത് കാന്‍സര്‍ പിടിപ്പെട്ടവര്‍ക്ക് പുതിയ പോളിസിയുമായി ഇന്‍ഷ്വറന്‍സ് കമ്പനികള്‍. ദുബായ് ആരോഗ്യ കാര്യാലയത്തിനു കീഴിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. മൂന്ന് തരം കാന്‍സര്‍ പിടിപ്പെട്ടവര്ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിയ്ക്കുക. ചികിത്സയ്ക്കാവശ്യമായ പോളിസി തുക പൂര്‍ണമായും ലഭിക്കുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ സ്ഥാപനമായി ദുബായ് ആരോഗ്യ കാര്യാലയം മാറും.
ബ്രെസ്റ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, മലാശയ കാന്‍സര്‍ എന്നിവയ്ക്കാണ് പൂര്‍ണമായും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇന്‍ഷ്വറന്‍സ് പോളിസിയെ കുറിച്ചുള്ള ബോധവത്ക്കരണം ആരംഭിച്ചു.
ഈ സ്കീമിന് മുമ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള കാന്‍സര്‍ കവറേജ് 1,50,000 ദിര്‍ഹം മാത്രമാണ്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം കാന്‍സറിന്റെ തുടക്കം മുതല്‍ ചികിത്സ കഴിയുന്നത് വരെ ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ ചരിത്രത്തില്‍ തന്നെ ഈ പദ്ധതി നാഴികകല്ലാണെന്ന് ഡോ.അല്‍യൂസഫ് പറഞ്ഞു.
രോഗിയ്ക്ക് മുകളില്‍ പറഞ്ഞ കാന്‍സറില്‍ ഏതെങ്കിലും ഒന്നാണെന്ന് സ്ഥിരീകരിച്ചാല്‍, ഇന്‍ഷ്വറന്‍സ് പോളിസിയുള്ള ആളാണെങ്കില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ബസ്മ സംഘടന മുന്‍കയ്യെടുത്ത് ദുബായിലെ ഏതെങ്കിലും ആശുപത്രിയിലോ, അംഗീകൃത കേന്ദ്രത്തിലോ ആക്കുന്നു. പിന്നീട് ചികിത്സയുടെ ആരംഭഘട്ടം മുതല്‍ അവസാനഘട്ടം വരെ രോഗിയ്ക്ക് പരിചരണവും ചികിത്സയും ലഭ്യമാക്കും. മാത്രമല്ല രോഗികള്‍ക്ക് സാമ്പത്തികവും വൈകാരികവുമായ പിന്തുണ ലഭിയ്ക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
ഇതിനു മുമ്പ് ഹൃദ്രോഗം, പ്രമേഹം, നവജാത ശിശുക്കളില്‍ കാണുന്ന രോഗങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് കാന്‍സര്‍ പിടിപ്പെട്ടതിനു ശേഷം രോഗികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ഇടയില്‍ കാന്‍സര്‍ ബാധിക്കുന്നത് വളരെയേറെ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് ആരോഗ്യമന്ത്രാലയം ഇത്തരത്തില്‍ തീരുമാനം എടുത്തത്. അതുകൊണ്ടുള്ള മരണങ്ങളും വര്‍ധിച്ചു.
2020 ആകുമ്പോഴേയ്ക്കും യു.എ.ഇയില്‍ സ്താര്ബുദവും, മലാശയ അര്‍ബുദവും, ശ്വാസകോശാര്‍ബുദവും ജനങ്ങളുടെയിടയില്‍ ഇരട്ടിയാകുമെന്നാണ് പഠനം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാന്‍സര്‍ ബാധിതര്‍ക്ക് ദുബായ് ആരോഗ്യ മന്ത്രാലയം ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കാന് ഉദ്ദേശിക്കുന്നത്
Post Your Comments