KeralaLatest NewsNews

എയ്ഡഡ് സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ കൊടുത്ത് കയറിയ അധ്യാപകര്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി നടപടി : ആയിരത്തോളം അധ്യാപകര്‍ക്ക് ജോലി പോകും

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം മാനേജ്‌മെന്റുകള്‍ നിയമനം നല്‍കിയ ആയിരത്തോളം അധ്യാപകര്‍ പുറത്തേക്ക്. കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്‌കരിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചതോടെയാണിത്.

നിയമനാംഗീകാരം തേടി സമര്‍പ്പിച്ച ഫയലുകള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മടക്കിയയച്ചുതുടങ്ങി. 2016-17 ലെ തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നതോടെയേ പുറത്താകുന്നവരുടെ എണ്ണം വ്യക്തമാകൂ. കുട്ടികള്‍ കുറയുന്നതോടെ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ വേണ്ടിയാണു ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. 1979-നു ശേഷമുണ്ടായ എയ്ഡഡ് സ്‌കൂളുകളില്‍ ഇനിയുണ്ടാകുന്ന എല്ലാ ഒഴിവിലും അതത് സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നതാണു ഭേദഗതി.

അതിനു മുമ്പ് നിലവില്‍വന്ന എയ്ഡഡ് സ്‌കൂളുകളില്‍ 1:1 അനുപാതത്തിലാണു നിയമനം നിര്‍ദേശിച്ചത്. ഇവയില്‍ രണ്ട് ഒഴിവുണ്ടാകുമ്പോള്‍ അതിലൊന്നില്‍ ജോലി നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകനെയും രണ്ടാമത്തേതില്‍ മാനേജ്‌മെന്റുകള്‍ക്കു പുതിയ ആളെയും നിയമിക്കാം. ഭേദഗതിക്കെതിരേ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നിരസിച്ചതോടെ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയില്‍ നടത്തിയ നിയമനങ്ങള്‍ അസാധുവാകും. 79-നു ശേഷമുള്ള സ്‌കൂളുകളില്‍ 2016-17 അധ്യയന വര്‍ഷം മുതലുണ്ടായ എല്ലാ ഒഴിവുകളും ജോലി നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകര്‍ക്കായി മാറ്റിവയ്‌ക്കേണ്ടിവരും. ഈ ഒഴിവുകളില്‍ മാനേജ്‌മെന്റുകള്‍ നടത്തിയ പുതിയ നിയമനങ്ങളെല്ലാം റദ്ദാക്കപ്പെടും.

പഴയ എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്‌മെന്റുകള്‍ നടത്തിയ നിയമനങ്ങള്‍ താല്‍ക്കാലികമായെങ്കിലും ഇല്ലാതാകും. പകുതി ഒഴിവുകളില്‍ നിയമനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമുണ്ടെങ്കിലും നടപടികള്‍ ആദ്യം മുതല്‍ തുടങ്ങേണ്ടിവരും. സംരക്ഷിത അധ്യാപകരെ നിയമിക്കേണ്ട ഒഴിവുകള്‍ നിശ്ചയിച്ചതിനു ശേഷമേ മറ്റ് ഒഴിവുകളില്‍ മാനേജ്‌മെന്റുകള്‍ക്ക് സ്വന്തമായ നിയമനം സാധിക്കൂ.
2016-17 വര്‍ഷത്തെ അധ്യാപക തസ്തിക നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 2017-18 ലെ തസ്തിക നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. 2015-16ല്‍ നടത്തിയ തസ്തിക നിര്‍ണയം 16-17 വര്‍ഷത്തേക്കും ബാധകമാക്കുകയാണു ചെയ്തത്. എന്നാല്‍, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാകും 2016-17 ലെ തസ്തിക നിര്‍ണയിക്കുക. സംരക്ഷിത അധ്യാപകരെന്നു കണ്ടെത്തുന്നവര്‍ക്ക് പരിഷ്‌കരിച്ച ചട്ടമനുസരിച്ച് നിയമനം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button