Life Style

ച്യൂയിങ് ഗം ചവക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

പ്രത്യക്ഷത്തില്‍ ഏതാനും ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കിലും ദോഷത്തേക്കാള്‍ പതിന്മടങ്ങ് ഗുണങ്ങളാണ് ച്യൂയിംഗത്തിനുള്ളത്. അവ എന്താണെന്ന് അറിയാം.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ നിയന്ത്രണം പാലിച്ച് തടി കുറക്കാന്‍ ശ്രമിക്കുന്നവരെ ച്യുയിംഗം സഹായിക്കും . വിശക്കുമ്പോള്‍ താല്‍ക്കാലിക ഭക്ഷണമായി ശരീരത്തെ ‘പറ്റിക്കും’ എന്നതാണ് അതിന്റെ ഗുട്ടന്‍സ്. ആര്‍ത്തിയും ആഗ്രഹവും നിയന്ത്രണ പരിധിയില്‍ വരുന്നതു കാണാം. അതിനു പുറമെ, തുടര്‍ച്ചയായി ചവക്കുമ്പോള്‍ ശരീരത്തില്‍ അധിക ഊര്‍ജം സംഭരിക്കപ്പെടുന്നു. ഭാരം കുറക്കാന്‍ ഇത് സഹായകമാണ്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചവച്ചു കൊണ്ടിരുന്നാല്‍ 11 കലോറി വരെ നശിക്കും എന്നാണ് കണ്ടെത്തല്‍. ഭക്ഷണത്തിനു പിറകെ ച്യുയിംഗം ശീലമാക്കുന്ന ദഹന പ്രക്രിയയെ സഹായിക്കുന്നതാണ്. ചവക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഉമിനീര്‍ വയറ്റിലെ അമ്ലത്തിന്റെ സ്ഥിതി നല്ല രീതിയില്‍ നിലനിര്‍ത്തുന്നു. അതിന്റെ ഫലമായി ദഹനപ്രക്രിയ നല്ല രീതിയിലാവുന്നു.

പല്ലുകളും കീഴ്ത്താടിയും ആരോഗ്യത്തോടെയിരിക്കാന്‍ നല്ലതാണ് ച്യുയിംഗം. ഭക്ഷണത്തിനു ശേഷം ചവക്കുമ്പോള്‍ പല്ലിനിടയില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ സൂക്ഷ്മാംശങ്ങളും ബാക്ടീരിയയും പുറത്തെത്തിക്കുകയും പല്ല് ദ്രവിക്കുന്നത് തടയുകയും ചെയ്യുന്നു. പല്ലുകള്‍ക്കിടയില്‍ ദ്വാരം വീഴുന്നതും പല്ലിനു പുറത്ത് കടുപ്പമുള്ള ആവരണംസൃഷ്ടിക്കപ്പെടുന്നതും തടയുന്നു. ഉമിനീര്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഒരു ശുദ്ധീകരണ പ്രക്രിയയാണ്.

ച്യുയിംഗം മനഃസംഘര്‍ഷം (സ്ട്രസ്സ്) കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വായ തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ജാഗ്രത വര്‍ധിക്കുകയും ഉത്കണ്ഠ കുറയുകയും ചെയ്യുന്നു. ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ചില കളിക്കാര്‍ ച്യുയിംഗം ചവച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. സമ്മര്‍ദ്ദം അകറ്റാനും എതിരാളിക്കു മേല്‍ മാനസിക ആധിപത്യം സ്ഥാപിക്കാനുമുള്ള എളുപ്പവഴിയായാണിത്. പരീക്ഷാ ഹാളിലും ഇതേ വിദ്യ പരീക്ഷിക്കാവുന്നതാണ്. അനാവശ്യ ഭയം അകറ്റാനും ചോദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതുകൊണ്ടു കഴിയും. ഓഫീസില്‍ നൂറുകൂട്ടം ജോലികളുടെ ഭാരം കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ ഗം ചവക്കുന്നത് ടെൻഷനിൽ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.

തലച്ചോറിന്റെ ചില ഘടകങ്ങളെ ച്യുയിംഗം ഉദ്ദീപിപ്പിക്കുന്നുണ്ട്. ഗം ചവയ്ക്കുമ്പോള്‍ തലച്ചോറില്‍ ഓര്‍മ കൈകാര്യം ചെയ്യുന്ന ഹിപോകാംപസ് എന്ന ഭാഗം ഉദ്ദിപ്തമാവുന്നു. തലച്ചോറിലെ രക്തചംക്രമണം സുഗമമാക്കാനും ആവശ്യത്തിന് ഓക്‌സിജന്‍ പമ്പ് ചെയ്യപ്പെടാനും സഹായിക്കുന്നു. രാത്രി ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളില്‍ കട്ടന്‍ കാപ്പിയേക്കാളും സിഗരറ്റിനേക്കാളും ഫലം ചെയ്യുക ച്യുയിംഗമാണ്.

വായ്‌നാറ്റം സാമൂഹികമായ ഒറ്റപ്പെടലിനും മനോവിഷമത്തിനും ഇടയാക്കുന്ന കാര്യമാണ്. പല കാരണങ്ങളാല്‍ വായ്‌നാറ്റമുണ്ടാവാം. സദാസമയവും വായ വൃത്തിയായി സൂക്ഷിച്ചാല്‍ വായ്‌നാറ്റത്തെ പടിക്കു പുറത്തുനിര്‍ത്താം. അതിന് ഏറ്റവും യോജിച്ച ഒരുപായം ച്യുയിംഗം ചവക്കുക എന്നതാണ്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉമിനീര്‍, ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ അന്തകനാണ്. മധുരമില്ലാത്ത ഗം ആണ് ഈ ഉപയോഗത്തിന് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button