തൃശ്ശൂര്‍: പേര് കേരള പുരുഷ അവകാശ സഹായ സമിതി (പാസ്). ലക്ഷ്യം സംസ്ഥാനത്തെ പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍. പീഡനം സംബന്ധിച്ച വ്യാജപരാതികളില്‍ നിയമസഹായം നല്കുകയെന്നതാണ് പ്രഥമലക്ഷ്യം.
പക്ഷേ, 2009-ല്‍ രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്ന പാസില്‍ തലപ്പത്തിരിക്കുന്നവരില്‍ ഏറെയും വനിതകള്‍. കോഴിക്കോടുമുതല്‍ ആലപ്പുഴവരെയാണ് സംഘടനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ജില്ലാ തലങ്ങളില്‍ സെക്രട്ടറിമാരുണ്ട്.
ആറ് ജില്ലാ സെക്രട്ടറിമാരില്‍ നാലും സ്ത്രീകള്‍. മലപ്പുറം ജില്ലയുടെ സെക്രട്ടറി പെരിന്തല്‍മണ്ണയിലെ പ്രേമാവതി അമ്മയാണ്. തൃശ്ശൂരിന്റേത് ഗുരുവായൂരിലെ സുലൈഖ യൂസഫും. എറണാകുളത്ത് ലിസി ആന്റോയും കോഴിക്കോട്ട് പത്മാവതിയും സംഘടനയെ നയിക്കുന്നു. പൊതുപ്രവര്‍ത്തകനായ ഫ്രാന്‍സിസ് പുലിക്കോട്ടിലാണ് സംസ്ഥാന പ്രസിഡന്റ്.
പുരുഷാവകാശ സമിതിയുടെ തലപ്പത്ത് സ്ത്രീകളെങ്ങനെയെത്തി എന്നതിനെപ്പറ്റി ഫ്രാന്‍സിസ് വിശദീകരിക്കുന്നതിങ്ങനെ-‘സംഘടനയുടെ വാര്‍ഷിക യോഗമറിഞ്ഞ് സ്ത്രീകളെത്താറുണ്ട്. വ്യാജ പീഡന-മര്‍ദന കേസുകളില്‍പ്പെട്ട പുരുഷന്മാരുടെ അമ്മയും ഭാര്യയും പെങ്ങളും മകളുമൊക്കെയായിരിക്കുമവര്‍. ചിലപ്പോള്‍ കൂട്ടുപ്രതിയെന്ന കുറ്റം ചുമത്തപ്പെട്ടവരും. അവര്‍ തന്നെ സംഘടനയ്ക്കായി മുന്നിട്ടിറങ്ങി നല്ല പ്രവര്‍ത്തനം നടത്തി നേതൃസ്ഥാനത്തെത്തുന്നതാണ്. സ്ത്രീകള്‍ക്ക് അംഗത്വവും ഭാരവാഹിത്വവും നല്കില്ലെന്ന് സംഘടനാ നിയമാവലിയിലില്ല’
പീഡനം സംബന്ധിച്ച കള്ളക്കേസില്‍ കുടുങ്ങിയ ആലപ്പുഴയിലെ മോഹനന്‍ പിള്ളയാണ് സംഘടനയ്ക്ക് തുടക്കമിട്ടത്. പുരുഷന്മാരുടെ പരാതി കിട്ടിയാല്‍ അത് സംബന്ധിച്ച് അവരുടെ വീട്ടില്‍ച്ചെന്നും അയല്‍പ്പക്കത്തും വിശദമായി അന്വേഷിക്കും. സത്യാവസ്ഥ മനസ്സിലാക്കി പരാതിക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കും. നടന്നില്ലെങ്കില്‍ നിയമപരമായി സഹായിക്കും.
സേവനത്തിന് പണം ചോദിച്ചുവാങ്ങില്ല. കൊടുത്താല്‍മാത്രം സ്വീകരിക്കും. കേസ് നടത്തിപ്പിന് ഒട്ടേറെ അഭിഭാഷകരുണ്ട്. ഇവര്‍ക്ക് ഫീസ് നല്കണം. ഇപ്പോള്‍ സംഘടന നടത്തുന്ന കേസ് കുറവൊന്നുമല്ല. 4000 കേസുണ്ട് കോടതിയില്‍. ഇതിനകം 1000 കേസ് ജയിച്ചു. ആയിരത്തിലേറെ ഒത്തുതീര്‍പ്പാക്കി.
വനിതാ സാരഥികളെത്തിയതോടെ നയം അല്പം മാറ്റി. സ്ത്രീകള്‍ക്കും സഹായത്തിനായി സമിതിയെ സമീപിക്കാം. പരാതിയില്‍ ന്യായമുണ്ടെങ്കില്‍ സഹായം ഉറപ്പ്. പീഡകര്‍ ആണായാലും പെണ്ണായാലും വെറുതേ വിടരുതെന്നാണ് സമിതിയുടെ നയം.
Post Your Comments