മൂവാറ്റുപുഴ: എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിധി നിര്‍ണയത്തില അപാകതകള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. കുച്ചിപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് മകളെ സ്റ്റേജില്‍ നിന്ന് എറിഞ്ഞു കൊല്ലുമെന്ന ഭീഷണിയുമായി പിതാവ് എത്തുകയായിരുന്നു.
ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്‌ളോ ഇന്ത്യന്‍ സ്‌കൂളിലെ സഹല നര്‍ഗീസിന്റെ പിതാവ് മട്ടാഞ്ചേരി സ്വദേശി പുളിക്കല്‍ ഷെമീറാണ് ഇന്നലെ ഉച്ചയ്ക്ക് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. നാടോടിനൃത്തത്തില്‍ കഴിഞ്ഞവര്‍ഷം സഹല ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കുറി രണ്ടാം സ്ഥാനമായി. വിധികര്‍ത്താക്കളില്‍ ഒരാള്‍ക്ക് യോഗ്യതയില്ലെന്നും കോഴ വാങ്ങി മത്സരം അട്ടിമറിച്ചെന്നും ഷെമീര്‍ വിളിച്ചുപറഞ്ഞു. കുട്ടിയെ എടുത്ത് ഉയര്‍ത്തി താഴേക്കിടാനും ശ്രമിച്ചു. സംഘാടകരും പൊലീസും ഏറെ പണിപ്പെട്ടാണ് ഷെമീറിനെയും ഒപ്പമുണ്ടായിരുന്നവരേയും അനുനയിപ്പിച്ചത്.
ഏറെ കഷ്ടത അനുഭവിച്ചാണു മകളെ ജില്ലാതല മത്സരവേദിവരെ എത്തിച്ചതെന്നും പണക്കാരായ മത്സരാര്‍ഥികള്‍ പണം നല്‍കി വിജയം തട്ടിയെടുക്കുകയാണെന്നും ചുമട്ടുതൊഴിലാളി കൂടിയായ ഷമീര്‍ പറഞ്ഞു.എന്നാല്‍ നല്ല പ്രകടനം കാഴ്ച്ചവച്ച സഹലയും ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ഥിയും തമ്മില്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും വിധിനിര്‍ണയം സത്യസന്ധമാണെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. ആരോപണം നേരിട്ട തൃശൂര്‍ സ്വദേശിനിയായ വിധികര്‍ത്താവിനെ മാറ്റിയശേഷം 3.30നാണ് വേദിയില്‍ മറ്റ് മത്സരങ്ങള്‍ ആരംഭിച്ചത്.
Post Your Comments