Latest NewsNewsGulf

ദുബായില്‍ മലയാളിയുടെ കടയില്‍ അതിവിദഗ്ദ്ധമായി പാക് സ്വദേശികളുടെ തട്ടിപ്പ്

 

ദുബായ് : മലയാളിയുടെ കടയിലെ മൊബൈല്‍ ഫോണ്‍ വിഭാഗം നടത്താന്‍ താത്പര്യപ്പെട്ട് എത്തിയ രണ്ട് പാക്കിസ്ഥാനികള്‍ ഹൈദരാബാദ് സ്വദേശിയെ പറ്റിച്ച് 57,000 ദിര്‍ഹം വിലമതിക്കുന്ന മൊബൈല്‍ ഫോണുകളുമായി മുങ്ങി. ഹൈദരാബാദ് സ്വദേശി ഇതുസംബന്ധമായി നായിഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശിയുടെ ദെയ്‌റ നായിഫിലെ മൊബൈല്‍ ഫോണ്‍- ലാപ് ടോപ് മെയിന്റനന്‍സ് കടയിലെ മൊബൈല്‍ ഫോണ്‍ വിഭാഗം നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞായിരുന്നു ചെറുപ്പക്കാരായ രണ്ട് പാക്കിസ്ഥാനികള്‍ എത്തിയത്. മറ്റാരോ പറഞ്ഞതനുസരിച്ചാണ് തങ്ങളെത്തിയതെന്ന് പറഞ്ഞ് വന്ന ഇരുവരും നല്ല പെരുമാറ്റം കൊണ്ട് എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റി. കട തങ്ങള്‍ക്ക് ഇഷ്ടമായെന്നും രണ്ട് ദിവസം കടയിലിരുന്ന് കച്ചവടം എങ്ങനെയുണ്ടെന്ന് നോക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് കടയിലിരുന്ന് കൊണ്ട് തന്നെ ഇരുവരും ഹൈദരാബാദ് സ്വദേശിയെ കടയിലേയ്ക്ക് വിളിച്ച് 40,000 ദിര്‍ഹമിന്റെ പുത്തന്‍ മൊബൈല്‍ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഹൈദരാബാദി കടയിലേയ്ക്ക് ഫോണുകള്‍ എത്തിച്ചപ്പോള്‍, അവിടെ നിന്ന് തന്നെ പണം എണ്ണി നല്‍കുകയും ചെയ്തു. അടുത്ത ദിവസം വീണ്ടും 57,000 ദിര്‍ഹമിന്റെ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഇതുമായി ഹൈദരാബാദ് സ്വദേശി എത്തിയപ്പോള്‍, ഫോണുകള്‍ ഒറിജിനലാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനികളിലൊരാള്‍ അതുമായി അവിടെ നിന്നു പോയി.

രണ്ടാമത്തെയാള്‍ ഹൈദരാബാദുകാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ, സിഗററ്റ് വാങ്ങിയിട്ട് ഉടന്‍ വരാമെന്ന് പറഞ്ഞു അവിടെ നിന്ന് മുങ്ങുകയായിരുന്നു. രണ്ട് പേരെയും മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് താന്‍ തട്ടിപ്പിന് ഇരയായ കാര്യം ഹൈദരാബാദ് സ്വദേശി തിരിച്ചറിയുന്നത്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button