Latest NewsNewsIndia

രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത : സ്കൂളുകള്‍ക്ക് അവധി

അഹമ്മദാബാദ്: ഓഖി ഗുജറാത്തില്‍ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്‌. ദിവസങ്ങളായി കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരം വിട്ട് ഗുജറാത്തിലേക്ക് നീങ്ങി ശക്തി പ്രാപിക്കുന്നതായാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചുഴലിക്കാറ്റ് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

നിലവില്‍ സൂററ്റില്‍ നിന്നും 390 കിലോമീറ്റര്‍ അകലെയാണ് ഓഖിയുള്ളത്. ഇത് ഇന്ന് രാത്രിയോടെ സൂററ്റില്‍ ആഞ്ഞിവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂംബെയിലെയും മഹാരാഷ്ട്രയിലെയും സ്കൂളുകള്‍ക്ക് അവധി നല്‍കി. മത്സ്യതൊഴിലാളികളോട് കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ജനങ്ങളോട് രാത്രി പുറത്ത് പോവരുതെന്നും വലിയ വീടുകളില്‍ താമസിക്കുന്നവരോട് മറ്റുള്ളവര്‍ക്ക് കൂടി അഭയം നല്‍കാന്‍ തയ്യാറാവണമെന്നും ജില്ലാ മജിസ്ട്രേറ്റ് മഹേന്ദ്ര പട്ടേല്‍ ആവശ്യപ്പെട്ടു. ഏത് സാഹചര്യവും നേരിടാനായി ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ളവര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ എന്ത് സഹായവും ലഭ്യമാക്കാന്‍ തയ്യാറായിരിക്കണമെന്ന് ഗുജറാത്തിലെ ബി.ജെ.പി പ്രവര്‍ത്തകരേട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു. ശക്തമായും കാറ്റും മഴയുമുണ്ടാവുമെന്ന സൂചനയെ തുടര്‍ന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മറ്റ് നേതാക്കളും നയിക്കുന്ന വിവിധ തിരഞ്ഞെടുപ്പ് റാലികളും മാറ്റിവെച്ചു.

കേരള തമിഴ്നാട് ലക്ഷദ്വീപ് ഭാഗങ്ങളില്‍ ദിവസങ്ങളോളം ആഞ്ഞടിച്ച ഓഖിയില്‍ പെട്ട് 20 പേരാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും കടലില്‍ കുടുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗുജറാത്ത് മഹാരാഷ്ട്ര തീരത്തേക്ക് ഓഖിയെത്തുമ്പോള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button