കോട്ടയം: സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ക്ലാസ് കട്ട് ചെയ്ത് മുങ്ങി നടക്കുന്ന വിരുതന്‍മാര്‍ ഇനി കുടുങ്ങും. സ്‌കൂളിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ വിദ്യാര്‍ഥിയെ തിരിച്ചറിയാനും ഹാജരില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് മെസേജ് പോകാനുമുള്ള സംവിധാനം പൂഞ്ഞാര്‍ മണ്ഡലത്തിലെ മുരിക്കുംവയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു.
സ്മാര്‍ട്ട് ചിപ്പ് വഴിയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത് ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ സ്‌കൂളാണിത്. എബി എബ്രഹാം എന്ന വിദേശ മലയാളിയുടെ പ്രോംടെക് മിഡില്‍ ഈസ്റ്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. റേഡിയോ ഫ്രീക്വന്‍സി എഡന്റിഫിക്കേഷന്‍ ടെക്‌നോളജി (ആര്‍എഫ്ഐഡി) ഉപയോഗിച്ചാണ് പ്രവര്‍ത്തനം. തിരിച്ചറിയല്‍ കാര്‍ഡിലെ ചിപ്പ് കംപ്യൂട്ടറുമായി ബന്ധിപ്പിക്കും.
പ്രവേശന കവാടത്തിലും പുറത്തേക്കിറങ്ങുന്ന വഴിയിലും ആര്‍എഫ്ഐഡി. ഉണ്ടാകും. ഹാജറിനൊപ്പം സമീപത്തെ സ്‌ക്രീനില്‍ കുട്ടിയുടെ ചിത്രവും തെളിയും. കംപ്യൂട്ടര്‍ പകര്‍പ്പുമായി ക്ലാസിലെത്തുന്ന അധ്യാപകര്‍ക്ക് ഹാജര്‍ ഒത്തുനോക്കാന്‍ സാധിക്കും. ബുധനാഴ്ച പിസി ജോര്‍ജ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്യും. നിലവില്‍ രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം ഭാവിയില്‍ പൊലീസ് സംരക്ഷണത്തിനായും ഉപയോഗിക്കാനാണ് നീക്കം.
Post Your Comments