സോൾ: കിമ്മിന്റെ മിസൈൽ വിക്ഷേപണം ആഘോഷമാക്കി ഉത്തര കൊറിയൻ ജനത. രാജ്യം ഉത്സവമാക്കിയത് ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ മിസൈൽ വിക്ഷേപണമാണ്. ശനിയാഴ്ച പ്യോങ്യാങ്ങിലെ സർക്കാർ വാർത്താ ഏജൻസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ മിസൈൽ പരീക്ഷണം രാജ്യം ആഘോഷിച്ചെന്നു അറിയിച്ചു.
ജനങ്ങള്‍ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഭരണപക്ഷ പാർട്ടിയുടെ മുഖപത്രമായ റോഡങ് സിൻമൻ ഒന്നാം പേജിൽ ബഹുവർണ ചിത്രങ്ങളോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ചിത്രങ്ങളിൽ ജനങ്ങളും സൈനികരും കയ്യടിച്ച് ആഘോഷിക്കുന്നതു കാണാം.
ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു 50 മിനിട്ട് പറന്ന മിസൈൽ പതിച്ചത്. മിസൈൽ പ്രയോഗിച്ചത് ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്സോങ്ങിൽനിന്നാണ്. ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈൽ തൊടുത്തിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് അറിയിച്ചു.
Post Your Comments