വര്‍ഷങ്ങളായി ബഹിരാകാശത്ത് മനുഷ്യന് തേടിക്കൊണ്ടിരിക്കുകയാണ് ആ ‘ഇരുണ്ട’ രഹസ്യത്തെ. പ്രപഞ്ചത്തില്‍ ഇന്നേവരെ പിടിതരാതിരുന്ന ആ സത്യം ഒടുവില്‍ ചൈനയുടെ കൃത്രിമ ഉപഗ്രഹത്തിനു മുന്നില്‍ തെളിഞ്ഞതായി സൂചന. ഇരുണ്ട ദ്രവ്യത്തെ (ഡാര്‍ക് മാറ്റര്‍) പറ്റിയാണു പറഞ്ഞുവരുന്നത്. പ്രപഞ്ചത്തില്‍ സാധാരണ കാണുന്ന ദ്രവ്യങ്ങളായ ഗാലക്സി, നക്ഷത്രങ്ങള്‍, മരങ്ങള്‍, പാറകള്‍, ആറ്റം ഇവയെല്ലാം ആകെ പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനമേയുള്ളൂ. എന്നാല്‍ 26.8 ശതമാനം ഇരുണ്ട ദ്രവ്യമാണ്. 68.3 ശതമാനം ഇരുണ്ട ഊര്‍ജവും (ഡാര്‍ക് എനര്‍ജി). ഇരുണ്ട ദ്രവ്യത്തെ കാണാന്‍ കഴിയില്ല. തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള പ്രകാശതരംഗങ്ങള്‍ ആഗിരണം ചെയ്യുകയോ ഉല്‍സര്‍ജിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതിന്റെ സാന്നിധ്യമറിയാം.
അതിവിദൂര ഗാലക്സികളില്‍നിന്നുള്ള പ്രകാശം വളയാന്‍ കാരണം ഇരുണ്ടദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണ സ്വാധീനമാണ്. അതിവേഗം കറങ്ങുന്ന ഗാലക്സികളില്‍ നക്ഷത്രങ്ങളെ ചിതറിപ്പോകാവാതെ പിടിച്ചുനിര്‍ത്തുന്നതും ഇരുണ്ടദ്രവ്യത്തിന്റെ ആകര്‍ഷണബലമാണ്. നമ്മുടെ ശരീരത്തിനകത്തു കൂടെ വരെ കടന്നു പോകുന്നതാണ് ഡാര്‍ക് മാറ്റര്‍. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നും. ഇരുണ്ട ദ്രവ്യത്തിന്റെ വിതരണം വ്യക്തമാക്കുന്ന ത്രിമാന മാപ്പും നേരത്തേ ഗവേഷകര്‍ തയാറാക്കിയിരുന്നു. ഇവയെ ‘പിടികൂടിയാല്‍’ ഭൗതികശാസ്ത്രത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ഏറ്റവും നിര്‍ണായക കണ്ടെത്തലുകളിലൊന്നായിരിക്കും ഇത്.
ചൈനയുടെ ഡാര്‍ക്ക് മാറ്റര്‍ പാര്‍ട്ടിക്ക്ള്‍ എക്സ്പ്ലോറര്‍(ഡാംപെ) സാറ്റലൈറ്റാണ് ഇതിന്റെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. വുകോങ് അഥവാ മങ്കി കിങ് എന്നും ഉപഗ്രഹത്തിനു പേരുണ്ട്. ബഹിരാകാശത്തെ ഹൈ-എനര്‍ജി കോസ്മിക് രശ്മികളുടെ പരിശോധനയ്ക്കിടെയാണ് ഇതു സംബന്ധിച്ച നിര്‍ണായക തെളിവ് ലഭിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ, എന്നാല്‍ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച സിഗ്നലുകളാണ് സാറ്റലൈറ്റ് തിരിച്ചറിഞ്ഞത്. ഗവേഷണത്തിനിടെ അതീവ ഊര്‍ജശേഷിയുള്ള 350 കോടിയിലേറെ കോസ്മിക് രശ്മികളാണ് ഡാംപെ പരിശോധിച്ചത്. ഇവയില്‍ 100 ടെറാ ഇലക്ട്രോ്ണ് വോള്‍ട്ട് ശേഷിയുള്ളവ വരെയുണ്ട്. പരിശോധിച്ചവയില്‍ വന്‍ ഊര്ജശേഷിയാണെങ്കിലും ആ ശേഷിയില്‍ ഇടയ്ക്കിടെ മാറ്റം വരുന്ന രണ്ടുകോടിയോളം ഇലക്ട്രോണുകളും പോസിട്രോണുകളും ഉള്‍പ്പെടും.
കണങ്ങളുടെ ഊര്ജപരിശോധനയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 ഗിഗാ ഇലക്ട്രോണ്‍ വോള്‍ട്സ് മുതല്‍ 4.6 ടെറാ ഇലക്ട്രോണ്‍ വോള്‍ട്സ് വരെ ഊര്ജപരിധിയിലുള്ള ഇലക്ട്രോണ്‍, പോസിട്രോണ്‍ സ്പെക്ട്രത്തിന്റെ കൃത്യമായ വിശകലനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ടെറാ ഇലക്ട്രോണ്‍ വോള്‍ട്സ് വരെ ഊര്ജപരിധിയുള്ള ഇലക്ട്രോണ്‍, പോസിട്രോണ്‍ സ്പെക്ട്രത്തിന്റെ വിശകലനം ഇത്രയും കൃത്യതയോടെ ഇതാദ്യമായാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ഊര്ജപരിശോധനയ്ക്കിടെ ചില കൗതുകങ്ങളായ വിവരങ്ങളും ശ്രദ്ധയില്‍പ്പെട്ടു. സ്പെക്ട്രത്തില്‍ ഒരു ചെറിയ വിടവ് 0.9 ടെറാ ഇലക്ട്രോണ്‍ വോള്ട്സില് സംഭവിച്ചു. 1.4 ടെറാ ഇലക്ട്രോണ്‍ വോള്ട്സിലാകട്ടെ അപ്രതീക്ഷിതമായ ഒരു കുതിച്ചുകയറ്റവും. ഒരു തരത്തിലും പ്രതീക്ഷിക്കാത്ത സിഗ്നലുകളായിരുന്നു ഇവ രണ്ടും. ഇവ ഇരുണ്ട ദ്രവ്യമാണെന്നാണ് സൂചനകള്‍. ഇരുണ്ട ദ്രവ്യം സംബന്ധിച്ച നിര്‍ണായക കണ്ടെത്തലിന്റെ പടിവാതില്‍ക്കലെത്തി എന്നാണു ഗവേഷകര്‍ അവകാശപ്പെടുന്നതും,
ഡാംപെ അയച്ചു തരുന്ന ഡേറ്റയില്‍ നിന്നാണ് ഗവേഷകര്‍ കോസ്മിക് രശ്മികളുടെ ഇലക്ട്രോണ്‍-പോസിട്രോണ്‍ സ്പെക്ട്രം വരച്ചെടുത്തത്. ഇതില്‍ നിന്നാണിപ്പോള്‍ പ്രപഞ്ചരഹസ്യങ്ങള്‍ ഓരോന്നായി ചൂഴ്ന്നെടുക്കുന്നതും. മൂന്നു വര്‍ഷമാണ് ഡാംപെയുടെ കാലാവധി. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് അതിലുമേറെ കാലം പ്രവര്‍ത്തിക്കുമെന്നാണു സൂചന. ഇരുണ്ട ദ്രവ്യത്തിന്റെ രഹസ്യം അധികം വൈകാതെ തന്നെ ഡാംപെ വെളിച്ചത്തു കൊണ്ടുവരുമെന്നാണ് പുതിയ കണ്ടെത്തല്‍ നല്കുന്ന ഉറപ്പ്.
Post Your Comments