KeralaLatest NewsNews

ശ്രീകുറുംബ ട്രസ്റ്റിന്റെ സ്‌ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക്‌ മാംഗല്യം

വടക്കഞ്ചേരി•ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ്‌ ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്‌ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട്‌ ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 20 യുവതികളാണ്‌ ശനിയാഴ്‌ച സുമംഗലികളായത്‌. ശോഭാ ലിമിറ്റഡ്‌ ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോനും പത്‌നി ശോഭ മേനോനും വധുവരന്‍മാരെ അനുഗ്രഹിച്ചു. ഇതോടെ 2003 മുതല്‍ ട്രസ്റ്റ്‌ നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 570 ആയി. ടസ്റ്റ്‌ ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 2500-ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ്‌ ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്‌.

Sobha social wedding 22
സമൂഹവിവാഹച്ചടങ്ങില്‍ വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തിയ ശോഭാ ലിമിറ്റഡ്‌ ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോനും പത്‌നി ശോഭ മേനോനും

ഓരോ യുവതിക്കും നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍, വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയും ട്രസ്റ്റ്‌ നല്‍കി. അതത്‌ വധൂവരന്മാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ്‌ ഒരുക്കിയിരുന്നത്‌. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിന്‌ മുമ്പ്‌ യുവതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആരോഗ്യം, ശുചിത്വം, പെരുമാറ്റം എന്നിവയ്‌ക്ക്‌ ഊന്നല്‍ നല്‍കികൊണ്ടുള്ള കൗണ്‍സലിങ്ങും ട്രസ്റ്റ്‌ ഒരുക്കുന്നു. വിവാഹശേഷം ഇവരുടെ മുന്നോട്ടുള്ള ജീവിതവും ഇടവേളകളില്‍ ട്രസ്‌റ്റ്‌ നിരീക്ഷിക്കുകയും അവര്‍ക്ക്‌ ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

പി.എന്‍.സി. മേനോന്റെ മകനും ശോഭ ലിമിറ്റഡ്‌ ചെയര്‍മാനുമായ രവി മേനോന്‍, മകള്‍ ബിന്ദു അജയന്‍ തുടങ്ങി മറ്റ്‌ കുടുംബാംഗങ്ങള്‍ക്കും ട്രസ്‌റ്റംഗങ്ങള്‍ക്കും പുറമേ മുന്‍ മന്ത്രിമാരായ കെ.ഇ. ഇസ്‌മയില്‍, വി.സി. കബീര്‍, മുന്‍ എംഎല്‍എമാരായ കെ.എ. ചന്ദ്രന്‍, സി.ടി. കൃഷ്‌ണന്‍, കിഴക്കഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിതാ മാധവന്‍, വടക്കഞ്ചേരി പഞ്ചായത്തംഗം പാളയം പ്രദീപ്‌, സിനിമാ താരം പത്മരാജ്‌ രതീഷ്‌, ഗാനരചയിതാവ്‌ ബി.കെ. ഹരിനാരായണന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button