ചെറുകുന്ന്: സി.പി.എം. നിയന്ത്രണത്തിലുള്ള ചെറുകുന്ന് സഹകരണ ആശുപത്രി നിക്ഷേപകരും ഓഹരി ഉടമകളും അറിയാതെ അടച്ചുപൂട്ടി. ആശുപത്രിയിലെ ഉപകരണങ്ങള്‍ ജീവനക്കാര്‍പോലുമറിയാതെ കടത്തിക്കൊണ്ടുപോയി. കൂടാതെ ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടം ഷോപ്പിംഗ് കോമ്പ്ലെക്സ് ആക്കുകയും ചെയ്തു. ചെറുകുന്ന് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റി ലിമിറ്റഡ് സി 1752 എന്ന പേരിലാണ് സംഘം രജിസ്റ്റര്‍ ചെയ്തത്.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘത്തില്‍ ചെറുകുന്ന് ലോക്കല്‍കമ്മിറ്റി അംഗങ്ങളും ഡയറക്ടര്‍മാരാണ്. നൂറുകണക്കിന് സി.പി.എം. പ്രവര്‍ത്തകരും അനുഭാവികളും ഓഹരിയെടുത്തിട്ടുണ്ട്. നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തവര്‍ സി.പി.എം. നേതൃത്വത്തിന് പരാതിനല്‍കിയതായാണ് വിവരം. 2007 ഏപ്രില്‍ എട്ടിന് ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ അന്നത്തെ സഹകരണമന്ത്രി ജി.സുധാകരനാണ് താവത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഇതിന്റെ ഉദ്ഘാടനം അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
തുടക്കത്തില്‍ നല്ലരീതിയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സ്വന്തം കെട്ടിടം പണിയാനും സംഘം തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളില്‍നിന്നു ധനസമാഹരണം നടത്തി. വിദേശങ്ങളിൽ നിന്നും ഇതിനായി പിരിവു നടത്തി. വാടകക്കെട്ടിടത്തിന്റെ സമീപത്തായി ഇരുനിലക്കെട്ടിടവും 76 സെന്റ് സ്ഥലവും വാങ്ങി. എന്നാല്‍, പിന്നീട് ആശുപത്രി നിക്ഷേപകരെപ്പോലും അറിയിക്കാതെ അടച്ചുപൂട്ടുകയായിരുന്നു. കൂടാതെ കെട്ടിടം ഷോപ്പിംഗ് കോമ്പ്ലെക്സ് ആക്കുകയും ചെയ്തു.
ഇതോടെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടു. അതോടെ സംഭവം വിവാദമാകുകയും ചെയ്തു. സ്ഥലം വിറ്റതിനുശേഷം നിക്ഷേപത്തുക മടക്കിത്തരാമെന്നുള്ള ഉറപ്പാണ് ഇവര്‍ക്കു ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. അതേസമയം, ആശുപത്രിയെക്കുറിച്ചുയര്ന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് സി.പി.എം. പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി ടി.ചന്ദ്രന്‍ പറഞ്ഞു. ഡോക്ടര്‍മാരില്ലാത്തതും രോഗികള്‍ കുറവായതും കാരണമാണ് ആശുപത്രി പൂട്ടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments