തിരുവനന്തപുരം : ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെ ഭിന്നശേഷിക്കാരായി പരിഗണിച്ച് എല്ലാ ആനുകൂല്യവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ തൊഴില്‍സംവരണം, പെന്‍ഷന്‍, സൗജന്യ നിരക്കില്‍ യാത്ര തുടങ്ങി ഭിന്നശേഷിക്കാര്‍ക്കുള്ള മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാകും. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ ഇവര്‍ക്കായി ഗൈനക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തും. ഇത്തരക്കാരെ 50 ശതമാനം വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ പരിഗണിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെ ഭിന്നശേഷിക്കാരായി പ്രഖ്യാപിക്കണമെന്നത് ഡിഫറന്റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്റെ (ഡിഎഡബ്ള്യുഎഫ്) ദീര്‍ഘകാല ആവശ്യമായിരുന്നു. ഇതേ ആവശ്യവുമായി ഒരു സ്ത്രീ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഈ ഗണത്തില്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments