കൊച്ചി :വിദേശ ബിരുദം സംബന്ധിച്ച് സർട്ടിഫിക്കറ്റ് തിരുത്താത്ത ഡോക്ടർമാർക്കെതിരെ തിരുവിതാംകൂര്‍ കൊച്ചി മെഡിക്കൽ കൗൺസിൽ നടപടി ആരംഭിച്ചു.കൊച്ചിയിലെ അൽഷിഫ ഹോസ്പിറ്റൽ ഉടമ ഷാജഹാൻ യൂസഫിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയായിരുന്നു അന്വേഷണം ശക്തമാക്കിയത്.വ്യജ ബിരുദം ഉപയോഗിച്ച് പൈൽസ് ചികിത്സ നടത്തിയ ഇയാളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും വഞ്ചനാക്കുറ്റത്തിന് നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ചില വിദേശരാജ്യങ്ങളില്‍നിന്നുള്ള എം.ഡി., ഡോക്ടര്‍ ഓഫ് മെഡിസിന്‍, എം.ഡി. ഫിസിഷ്യന്‍ ബിരുദങ്ങള്‍ ഇന്ത്യയില്‍ എം.ബി.ബി.എസിന് തുല്യമാണ്. ഇവ പി.ജി. ബിരുദങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ബോര്‍ഡിലും കുറിപ്പടികളിലും ഡോക്ടര്‍മാര്‍ എഴുതി പ്രദര്‍ശിപ്പിക്കാറുണ്ട്. എം.ഡി. ഫിസിഷ്യന്‍ എന്ന റഷ്യന്‍ ബിരുദമാണ് പലപ്പോഴും രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതോടൊപ്പം ചില വന്‍കിട സ്വകാര്യ ആസ്പത്രികള്‍ നല്‍കുന്ന ഡിപ്ലോമയും വിദേശ ഫെലോഷിപ്പുകളും എഴുതിച്ചേര്‍ത്ത് സ്‌പെഷ്യാലിറ്റി ചികിത്സ നടത്തുന്നതായി നേരത്തേ കൗണ്‍സിലിന് പരാതികള്‍ ലഭിച്ചിരുന്നു.
ഈ ബിരുദങ്ങള്‍ ഇന്ത്യയിലെ എം.ബി.ബി.എസിന് തുല്യമാണെന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കണമെന്ന് കൗണ്‍സില്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. പേരിനൊപ്പം ബിരുദം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളിലും കുറിപ്പടികളിലും എം.ഡി. ബിരുദം ഇന്ത്യയിലെ എം.ബി.ബി.എസിനു തുല്യം എന്ന് ചേര്‍ക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വ്യക്തമായ പരാതി ലഭിച്ച ഡോക്ടര്‍മാരെ വിളിച്ചുവരുത്തി നടപടി സ്വീകരിക്കാനാണ് കൗണ്‍സില്‍ തീരുമാനമെന്ന് കൗണ്‍സില്‍ രജിസ്ട്രാര്‍ എസ്. ഭദ്രന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ കൗണ്‍സിലിന് സ്വീകരിക്കാനാകും.
Post Your Comments