ഭോപാല്‍: സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ‘യെസ് സാര്‍’, ‘യെസ് മാം’ വിളികള്‍ അവസാനിക്കുന്നു. ഇനിമുതല്‍ അധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ ‘ജയ്ഹിന്ദ്’ എന്നാവും സ്‌കൂള്‍കുട്ടികള്‍ തിരിച്ചുപറയുക. മധ്യപ്രദേശിലെ സ്‌കൂളുകളിലാണ് ഹാജര്‍ മറുപടിയില്‍ മാറ്റം വരുന്നത്. വിദ്യാഭ്യാസമന്ത്രി വിജയ് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അച്ഛനെയും അമ്മയെയും മാതാവെന്നും പിതാവെന്നും വിളിക്കണമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ നേരത്തേ പറഞ്ഞത് വിവാദമായിരുന്നു.
1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതുസംബന്ധിച്ച ഉത്തരവ് നടപ്പാക്കുമെന്നും സ്വകാര്യ സ്‌കൂളുകളില്‍ നിര്‍ദേശം പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നുമുതല്‍ സത്‌ന ജില്ലയില്‍ ഇത് നടപ്പാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
‘ജയ് ഹിന്ദ് എല്ലാ മതക്കാര്‍ക്കും സ്വീകാര്യമായതുകൊണ്ടാണ് അത് തിരഞ്ഞെടുത്തത്. യുവാക്കള്‍ മറന്നുതുടങ്ങിയിരിക്കുന്ന നമ്മുടെ സംസ്‌കാരത്തെ നിലനിര്‍ത്തണമെന്നത് നമ്മുടെ ആവശ്യമാണ്.’- അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് മം എന്നും ഡാഡ് എന്നുമുള്ള വിളികള്‍ ഒഴിവാക്കി മാതാവെന്നും പിതാവെന്നും വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗമുണ്ടായത്. ഇത് വിവാദമായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി. സര്‍ക്കാര്‍ ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ വ്യാപകമാണ്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ആശയങ്ങളും മറ്റും വിദ്യാര്‍ഥികള്‍ പഠിക്കണമെന്നും എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവുകളാണ് വിമര്‍ശനങ്ങള്‍ക്കാധാരം.
Post Your Comments