കൊച്ചി: മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ക്കിരയാക്കപ്പെടുന്ന വനിതകളുടെ ആരോഗ്യ പുനരധിവാസത്തിന് വ്യക്തമായ മാനദണ്ഡങ്ങളുമായി ലോകാരോഗ്യസംഘടന. ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന ‘മി റ്റൂ’ പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് ഇക്കാര്യത്തില്‍ സംഘടന ഇടപെടല്‍ ശക്തമാക്കിയത്.
സ്വന്തം പങ്കാളിയില്‍നിന്നോ അല്ലാത്തവരില്‍നിന്നോ ഇത്തരം അനുഭവങ്ങളുണ്ടായവരാണ് മൂന്നിലൊന്ന് സ്ത്രീകളെന്നുമാണ് വിലയിരുത്തല്‍. ഇത്തരം സംഭവങ്ങള്‍ ലിംഗപരമായ വിവേചനത്തിനുപുറമേ കടുത്ത മനുഷ്യാവകാശലംഘനവുമാണ്. പൊതുജനാരോഗ്യരംഗത്ത് ഇതുയര്‍ത്തുന്ന ഭീഷണി വളരെ വലുതാണെന്നും സംഘടന പറയുന്നു.
അതിക്രമങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഇരകളെ ഏറെ ബാധിക്കുന്നുണ്ട്. സംഭവം വെളിപ്പെടുത്താനുള്ള വൈമനസ്യമാണ് പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണമാക്കുന്നത്.
‘ഇരയായത് നമ്മുടെ സഹോദരിമാരോ ഭാര്യയോ മകളോ ആണെന്ന മനസ്സോടെയാണ് പ്രശ്‌നത്തെ സമീപിക്കേണ്ടതെ’ന്ന് ലോകാരോഗ്യ സംഘടനയുടെ റീ-പ്രൊഡക്ടീവ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് വിഭാഗം മേധാവി ഇയാന്‍ അസ്‌ക്യൂ ഓര്‍മിപ്പിക്കുന്നു. മോശം അനുഭവമുണ്ടായവരെ ആരോഗ്യകരമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ പ്രായോഗിക പരിജ്ഞാനം ആരോഗ്യപ്രവര്‍ത്തകര്‍ ആര്‍ജിക്കണം. ഇതിനായി പ്രത്യേകപരിശീലനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് മാനദണ്ഡങ്ങളായി സംഘടന മുന്നോട്ടുവെക്കുന്നത്.
1. ഉച്ചനീചത്വമില്ലാത്ത പരിപാലനം- ലിംഗപരമായ അസമത്വത്തിനു പുറമേ ഏറെ പ്രശ്‌നങ്ങളും ഒരു സ്ത്രീക്ക് മുന്നിലുണ്ടാകും. മതം, ജാതി, വര്‍ഗം, വര്‍ണം, ഏതെങ്കിലും വിധത്തിലുള്ള വൈകല്യം, സാമൂഹിക-സാമ്പത്തിക വ്യത്യാസം എന്നിവയൊന്നും ഇക്കാര്യത്തില്‍ വിഷയമാകരുത്.
2.പങ്കാളിയുടെ പീഡനം പൊതുവായി പറയരുത്- ഇരയോടൊപ്പം മറ്റൊരുസ്ത്രീയാണെങ്കില്‍പ്പോലും ഇത് ശ്രദ്ധിക്കണം. കാരണം ആ സ്ത്രീ ചിലപ്പോള്‍ കുറ്റക്കാരന്റെ അമ്മയോ പെങ്ങളോ ആകാം. വിവരങ്ങളറിയാന്‍ ഏറ്റവും മാന്യമായ രീതിയിലും ഭാഷയിലും അനുഭാവത്തോടെയും വേണം ചോദ്യങ്ങള്‍.
3. ഒരു വിഷമവും ഉണ്ടാക്കരുത്- അതിക്രമ അനുഭവം ആവര്‍ത്തിച്ച് വിവരിക്കേണ്ടി വരുന്നത് ഇരയ്ക്ക് ഏറെ പ്രയാസമാണ്. അത്തരം സന്ദര്‍ഭം ഒഴിവാക്കണം. ഇതിനായി അവരുടെ വാക്കുകളെ ശ്രദ്ധാപൂര്‍വം കേള്‍ക്കണം. അതിനിടയില്‍ ഒരുവിധത്തിലും ഇടപെടരുത്.
Post Your Comments