പൊതുജനങ്ങള്‍ വീണ്ടും വിഡ്ഢികള്‍ ആണെന്ന് തെളിയുന്നു. അല്ലെങ്കില്‍ വീണ്ടും വീണ്ടും ഇത്തരം തെറ്റുകള്‍ നമ്മുടെ മൂക്കിന്‍ തുമ്പത്ത് തന്നെ സംഭവിക്കുമോ? പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചെന്ന ആരോപണം നേരിടുന്ന പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭ പരിസ്ഥിതി സമിതി അംഗം. നിയമം ലംഘിച്ചു പുഴയുടെ ഒഴുക്കു തടഞ്ഞു, അധികം ഭൂമികൈവശം വച്ചു എന്നീ പരാതികൾ ഉയർന്നിട്ടും പി.വി. അൻവർ സമിതിയില്‍ തുടരുന്നത് ആര്‍ക്കു നേരെയുള്ള വെല്ലുവിളി.
പരിസ്ഥിതി പ്രശ്നത്തിലൂടെ എന്നും വിവാദത്തിലാണ് കേരളം. അനധികൃത കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് സമൂഹത്തിനു ഭീഷണിയായി നില്‍ക്കുന്നു. ക്വാറി അപകടങ്ങള്‍ നിരന്തരം വര്‍ദ്ധിക്കുന്നു. അതിനെയെല്ലാം ചോദ്യം ചെയ്യുന്ന കൈയ്യേറ്റം ഉൾപ്പെടെയുള്ള പരാതികൾ പരിശോധിക്കുന്ന സമിതിയിൽ, ആരോപണവിധേയനായ ഒരാള്‍ തുടരുന്നത് സമിതിയുടെ വിശ്വാസ്യതായേ തന്നെ ചോദ്യം ചെയ്യുന്നു.
പി വി അന്‍വര്‍ എംഎല്‍എ ആകുന്നതിനു മുന്പ് തന്നെ പരിസ്ഥിതി നിയമ ലംഘനം നടത്തിയിട്ടുണ്ട്. അതായിരിക്കാം മുല്ലക്കര രത്നാകരന്‍ ചെയര്‍മാനായ സമിതിയിലേയ്ക്ക് അന്‍വറിനെ നിയോഗിക്കാന്‍ സിപിഎം കണ്ട യോഗ്യത. 2015 ല്‍ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയിലെ സ്വകാര്യ ഭൂമിയില്‍ അന്‍വര്‍ തടയണ നിര്‍മിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അരുവിയുടെ ഒഴുക്കു തടസപ്പെടുത്തിയുള്ള അനധികൃത തടയണ പൊളിച്ചു മാറ്റണമെന്നു ജില്ലാ ഭരണകൂടം പിന്നാലെ ഉത്തരവിടുകയും ചെയ്തു. തടയണ നിര്‍മാണങ്ങളെത്തുടര്‍ന്നു വിവാദത്തിലായ പി.വി. അന്‍വര്‍ 2016ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു നിയമസഭാംഗമായി.
ഇപ്പോള്‍ വാട്ടര്‍ തീം പാര്‍ക്ക് വിവാദത്തില്‍ വീണ്ടു കുടുങ്ങിയിരിക്കുകയാണ് എംഎല്‍എ. കക്കാടംപൊയിലിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പാര്‍ക്ക് നിര്‍മാണം. അപകട സാധ്യത ഏറെയുള്ള പ്രദേശമെന്നു ദുരന്ത നിവാരണ വകുപ്പ് രേഖപ്പെടുത്തിയ മേഖലകളിലൊന്നാണു കക്കാടംപൊയില്‍. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ അത്തരം പ്രദേശങ്ങളില്‍ മഴക്കുഴി പോലും പാടില്ലെന്ന നിര്‍ദേശം ലംഘിച്ചാണു മലകളുടെ വശങ്ങള്‍ ഇടിച്ചു പാര്‍ക്ക് നിര്‍മിച്ചത്.
പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കാനും റിപ്പോര്‍ട്ടു നല്‍കാനുമുളള നിയമസഭയുടെ സംവിധാനമാണു സമിതി. ഈ സമിതിയുടെ അംഗങ്ങള്‍ തന്നെ നിയമ ലംഘനം നടത്തുന്നവര്‍ ആകുമ്പോള്‍ ആര് ആരെയാണ് വിശ്വസിക്കേണ്ടത്? കക്കാടംപൊയില്‍ വിഷയത്തില്‍ പോലും നിയമസഭ സമിതി പരിശോധനക്കെത്തിയാല്‍, അംഗം എന്ന നിലയില്‍ പി.വി. അന്‍വറിന് വേണമെങ്കില്‍ സിറ്റിങ്ങിനു പങ്കെടുക്കാം. അംഗമായി തുടരുന്നിടത്തോളം ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. സ്വന്തം അഴിമതിയെ ന്യായീകരിക്കാന്‍ അതൊരു എളുപ്പ മാര്‍ഗ്ഗവുമാകും.
എല്ലാം ശരിയാക്കാന്‍ വന്ന ഇടതുപക്ഷം ഇത്രയ്ക്ക് അങ്ങ് ജനങ്ങള്‍ക്കും അണികള്‍ക്കും പണി തരുമെന്ന് ഒരു ഇടതു വിശ്വാസിയും ചിന്തിച്ചിരിക്കില്ല. എന്തായാലും ശരിയാക്കാന്‍ വന്നവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ മൂക്കത്ത് വിരല്‍വച്ചു ദൈവത്തെ വിളിക്കാം. അയ്യോ.. ഇടതന്മാര്‍ ദൈവവിശ്വാസത്തിനു എതിരല്ലേ. അപ്പൊ പിന്നെ എന്താ ചെയ്യുക. നമ്മള്‍ വോട്ടിട്ട് വിജയിപ്പിച്ചവര്‍ അല്ലെ അപ്പൊ പിന്നെ അവര്‍ക്കായി മുദ്ര്യാവാക്യം വിളിച്ചും രക്തസാക്ഷിയുമായി തീരാം.
Post Your Comments