കൊച്ചി: ചരക്കുസേവന നികുതി(ജി.എസ്.ടി.) നിലവില്‍വന്നശേഷം സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയില്‍ അഞ്ചുകോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി പിഴയീടാക്കി. വാണിജ്യനികുതി വകുപ്പിന്റെ സ്‌ക്വാഡാണു പരിശോധന നടത്തിയത്. നികുതിവെട്ടിച്ചു വാഹനങ്ങളില്‍ കടത്തിയ ചരക്കുകളില്‍നിന്നു നാലു കോടിയും ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍നിന്ന് ഒരുകോടിരൂപയുമാണ് നികുതിയും പിഴയുമായി ഈടാക്കിയത്.
വാണിജ്യനികുതിവകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു മേഖലകളായി തിരിച്ചാണു സംസ്ഥാനത്തുടനീളം പരിശോധന നടത്തിയത്. വാണിജ്യ നികുതിവകുപ്പ് ഇന്റലിജന്‍സാണു പരിശോധനക്കു നേതൃത്വം നല്‍കുന്നത്. ജൂലൈമുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലെ കണക്കാണു സര്‍ക്കാരിനു ലഭ്യമാക്കിയിട്ടുള്ളത്. നവംബറിലെ കണക്കുകൂടി പുറത്തുവരുമ്പോള്‍ വെട്ടിച്ച നികുതിപ്പണത്തിന്റെ വ്യാപ്തി ഇതിലേറെ വരും.
രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനമൊട്ടാകെ 102 പരിശോധനകളാണ് നടത്തിയത്. വാഹനങ്ങളില്‍ ചരക്കു കടത്തുമ്പോഴാണ് ജി.എസ്.ടിയുടെ മറവില്‍ ഏറ്റവും കൂടുതല്‍ നികുതിവെട്ടിക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 50000 വാഹനങ്ങളെങ്കിലും തടഞ്ഞ് പരിശോധിച്ചിട്ടുണ്ട്. 650 വാഹനങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഇല്ലാതായതോടെ വെട്ടിപ്പും കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ ചരക്കുവണ്ടികളും പരിശോധിക്കാനും ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ല. അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വാഹനങ്ങളില്‍ നികുതിവെട്ടിച്ചു ചരക്കുകള്‍ ഏറിയപങ്കും കടത്തുന്നത്. സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന ആലപ്പുഴ മുതല്‍ പാലക്കാട് വരെയുള്ള മധ്യമേഖലയില്‍ 34 പരിശോധനകളാണ് നടത്തിയത്. ഇവിടെ മാത്രം 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യമേഖലയില്‍ നികുതിയിനത്തില്‍ 29,53,000 ഈടാക്കുകയും ചെയ്തു.
മലബാറിലെ പല ഹോട്ടലുകളിലും ബില്ലുകളില്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് നികുതി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. പല ഹോട്ടലുകളിലും നല്‍കുന്ന ബില്ലുകള്‍ വ്യാജമാണ്. ഒരു ദിവസം ബില്ലില്‍ രേഖപ്പെടുത്തിയ നമ്പറുകളുടെ തുടര്‍ച്ചയാണ് അടുത്ത ദിവസവും വേണ്ടത്. എന്നാല്‍ പലയിടത്തും ഓരോ ദിവസവുമുള്ള നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നും വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ഹോട്ടലുകള്‍ക്ക് നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കെതിരേയും ഇപ്പോള്‍ കേസ് എടുത്തിട്ടില്ല. ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് അറിയിക്കുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 2400 പരാതികള്‍ വരെ ലഭിച്ചിട്ടുണ്ട്.
Post Your Comments